ഗുരുവായൂരിൽ യാര്‍ഡ് വികസനം പ്രതിസന്ധിയില്‍
text_fieldsഗുരുവായൂര്‍: തിരുനാവായ പാത ഉപേക്ഷിക്കാന്‍ റെയില്‍വേ തീരുമാനിച്ചതോടെ ഗുരുവായൂരിലെ യാര്‍ഡ് വികസനം അനിശ്ചിതാവസ്ഥയില്‍. മൂന്നാം പ്ലാറ്റ്ഫോമിലെ പാതയെ വടക്കോട്ട് ബന്ധിപ്പിക്കുന്നതാണ് അനിശ്ചിതാവസ്ഥയിലായത്. ഗുരുവായൂര്‍- തിരുനാവായ പാതയുടെ അനുബന്ധ പദ്ധതിയായാണ് യാര്‍ഡ് വികസനം ഉള്‍പ്പെടുത്തിയിരുന്നത്.
തിരുനാവായ പാതയുടെ സര്‍വേയും സ്ഥലമെടുപ്പും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇനി ഉത്തരവ് ഉണ്ടാകുന്നത് വരെ ഈ പദ്ധതിക്ക് ഫണ്ട് ചെലവിടേണ്ടതില്ലെന്നാണ് റെയില്‍വേയുടെ തീരുമാനം. തിരുനാവായ പദ്ധതി താൽക്കാലികമായി ഉപേക്ഷിക്കുന്ന സാഹചര്യത്തില്‍ യാര്‍ഡ് വികസനം റെയില്‍വേയുടെ മുന്നിലില്ലെന്ന് ടി.എന്‍. പ്രതാപന് എം.പിയെ അധികൃതര്‍ അറിയിച്ചു. ഗുരുവായൂരിലെ റെയില്‍വേ വികസനത്തിന് വേഗം കൂട്ടാന്‍ യാര്‍ഡ് വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് എം.പി റെയില്‍വേക്ക് കത്ത് നല്‍കിയിരുന്നു. 35 കിലോമീറ്റർ വരുന്ന നിര്‍ദിഷ്ട ഗുരുവായൂര്‍- തിരുനാവായ പാതയില്‍ ഗുരുവായൂര്‍ മുതല്‍ കുന്നംകുളം വരെ എട്ട് കിലോമീറ്റര്‍ ഭാഗത്ത് മാത്രമാണ് സര്‍വേ പൂര്‍ത്തിയാക്കാനായതെന്ന് റെയില്‍വേ ചൂണ്ടിക്കാട്ടി. കടുത്ത എതിര്‍പ്പും ക്രമസമാധാന പ്രശ്നങ്ങളും മൂലം 27 കിലോമീറ്ററിൽ സര്‍വേ നടന്നിട്ടില്ല.
2009ല്‍ ഗുരുവായൂര്‍ പാതയെ വടക്കോട്ട് ബന്ധിപ്പിക്കാനുള്ള അലൈൻമെന്റായി തിരുനാവായ നിശ്ചയിച്ചതാണ്. എന്നാല്‍, ഇതുവരെയും സര്‍വേ പോലും പൂര്‍ത്തിയാക്കാനായില്ല. സംസ്ഥാന സര്‍ക്കാറുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയിട്ടും പ്രയോജനം ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് പദ്ധതിക്കായി മേലില്‍ ഫണ്ട് ചെലവഴിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഇതോടെ പാതിവഴിയില്‍ കിടക്കുന്ന സ്റ്റേഷന് യാര്‍ഡ് വികസനം അനിശ്ചിതത്വത്തിലായി.
മൂന്നാം പ്ലാറ്റ്ഫോമിലെ പാതയെ വടക്കോട്ട് നീട്ടി രണ്ടാം പ്ലാറ്റ്ഫോമിലെ പാതയുമായി ബന്ധിപ്പിച്ചാലേ ഗുരുവായൂരിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കാനാവൂ. ഷണ്ടിങ് അടക്കമുള്ളവ സുഗമമായി നടക്കാനും യാര്‍ഡ് വികസനം പൂര്‍ത്തിയാകണം. ഇതിനായി സ്ഥലമെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ അവശേഷിക്കുന്നുണ്ട്. യാര്‍ഡ് വികസനം തിരുനാവായ പദ്ധതിയില്‍നിന്ന് മാറ്റി പ്രത്യേക പദ്ധതിയാക്കിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ ഇനി പുരോഗതിയുണ്ടാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.