ഗുരുവായൂർ ഭഗത് സിങ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു
text_fieldsഗുരുവായൂർ: ഗുരുവായൂർ പോലുള്ള നഗരസഭകൾ ഉണ്ടെങ്കിൽ കേരളം കായികരംഗത്ത് മുന്നിലെത്തുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. പലയിടത്തും താൻ ഗുരുവായൂരിലെ മാലിന്യ സംസ്കരണ മാതൃകയെക്കുറിച്ച് കേൾക്കാറുണ്ടെന്നും കായികരംഗത്തും ഗുരുവായൂർ മോഡൽ സൃഷ്ടിക്കാൻ നഗരസഭക്കായെന്നും മന്ത്രി പറഞ്ഞു. 90 ലക്ഷം രൂപ ചെലവിൽ നവീകരിച്ച ഭഗത് സിങ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നഗരസഭയിലെ രണ്ടാമത്തെ കായിക സമുച്ചയമാണ് ഭഗത് സിങ് ഗ്രൗണ്ടിലേത്.
നഗരസഭയിലെത്തന്നെ ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും ഫുട്ബാൾ ഗ്രൗണ്ടും സ്റ്റേഡിയവും നിർമിക്കുന്നുണ്ട്. ഫുട്ബാൾ കോർട്ട്, ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ്, സിന്തറ്റിക് ട്രാക്, ഷട്ടിൽ കോർട്ട്, ഓപൺ ജിംനേഷ്യം, അമിനിറ്റി സെന്റർ എന്നിവയാണ് ഭഗത് സിങ് ഗ്രൗണ്ടിലുള്ളത്.
2000 ചതുരശ്ര അടി സ്ഥലത്ത് ജിംനേഷ്യം നിർമിക്കാൻ നഗരസഭക്ക് ഒരുകോടി രൂപ അനുവദിച്ചതായും മന്ത്രി പ്രഖ്യാപിച്ചു.
മുരളി പെരുനെല്ലി എം.എൽ.എ അധ്യക്ഷത വഹിച്ചു. എൻ.കെ. അക്ബർ എം.എൽ.എ മുഖ്യാതിഥിയായി. ചെയർമാൻ എം. കൃഷ്ണദാസ്, വൈസ് ചെയർപേഴ്സൻ അനീഷ്മ ഷനോജ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എ.എം. ഷെഫീർ, ഷൈലജ സുധൻ, എ.എസ്. മനോജ്, ബിന്ദു അജിത്കുമാർ, കൗൺസിലർമാരായ രഹിത പ്രസാദ്, കെ.പി. ഉദയൻ, സെക്രട്ടറി ബീന എസ്. കുമാർ, സി.പി.എം ലോക്കൽ സെക്രട്ടറി എം.എ. ഷാജി, സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി പി.എസ്. ജയൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.ടി. സ്റ്റീഫൻ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സുജിത് പണ്ടാരിക്കൽ, മുസ്ലിം ലീഗ് പ്രതിനിധി റഷീദ് കുന്നിക്കൽ, ഇ.പി. സുരേഷ്, ഒ.കെ.ആർ. മണികണ്ഠൻ എന്നിവർ സംസാരിച്ചു. ഗ്രൗണ്ട് നിർമാണം സമയബന്ധിതമായി പൂർത്തിയാക്കിയ ഊരാളുങ്കൽ ലേബർ കോഓപറേറ്റിവ് സൊസൈറ്റിക്ക് മന്ത്രി ഉപഹാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.