ഗുരുവായൂർ നഗരസഭ: അമിനിറ്റി സെന്റര്‍ കുടുംബശ്രീക്ക്, റെസ്റ്റ് ഹൗസ് കാര്യത്തില്‍ തര്‍ക്കം
text_fieldsഗുരുവായൂര്‍: 'പ്രസാദ്' പദ്ധതിയില്‍ പടിഞ്ഞാറെ നടയില്‍ നിര്‍മിച്ച അമിനിറ്റി സെന്റര്‍ നടത്തിപ്പ് ഒരു വര്‍ഷത്തേക്ക് കുടുംബശ്രീക്ക് കൈമാറാന്‍ നഗരസഭാ യോഗം തീരുമാനിച്ചു.
വരുമാനം 50:50 അനുപാതത്തില്‍ കുടുംബശ്രീയും നഗരസഭയുമായി പങ്കുവെക്കാമെന്ന വ്യവസ്ഥയെ യു.ഡി.എഫും ബി.ജെ.പിയും സ്വതന്ത്ര അംഗം പ്രഫ. പി.കെ. ശാന്തകുമാരിയും എതിര്‍ത്തു. കൂടുതല്‍ വിഹിതം നഗരസഭക്ക് വേണമെന്നായിരുന്നു അവരുടെ ആവശ്യം. കുടുംബശ്രീ എന്താണെന്ന് പ്രതിപക്ഷം തിരിച്ചറിയണമെന്ന് സ്ഥിരംസമിതി അധ്യക്ഷരായ എ.എസ്. മനോജ്, എ.എം. ഷഫീര്‍ എന്നിവര്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ കച്ചവടമല്ല, ക്ഷേമമാണ് നഗരസഭ മുന്നില്‍ കാണുന്നതെന്ന് അധ്യക്ഷന്‍ എം. കൃഷ്ണദാസും പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നൽകാമെന്ന പ്രഫ. ശാന്തകുമാരിയുടെ നിർദേശം ചെയർമാൻ അംഗീകരിച്ചു.
മുനിസിപ്പല്‍ റെസ്റ്റ് ഹൗസ് നടത്തിപ്പ് 25 വര്‍ഷത്തേക്ക് വിട്ടുനില്‍കണമെന്ന പ്രവാസി ക്ഷേമ സഹകരണ സംഘത്തിന്റെ ആവശ്യത്തിനെതിരെ പ്രതിഷേധമുയര്‍ന്നു. ഇത്രയും നീണ്ട കാലയളവിലേക്ക് നല്‍കുന്നതിലായിരുന്നു എതിര്‍പ്പ്. ഈ വിഷയം പിന്നീട് കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. സ്വാതന്ത്ര ദിനത്തിലെ പതാക വിതരണത്തില്‍ അപാകത സംഭവിച്ചെന്ന പ്രഫ. ശാന്തകുമാരിയുടെ വിമര്‍ശനം അധ്യക്ഷന്‍ കൃഷ്ണദാസ് അംഗീകരിച്ചു.
നേരത്തെ അറിയിച്ച കാര്യങ്ങള്‍ വിജയിക്കാതെ പോയതില്‍ പ്രയാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വീഴ്ച ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കും. അനീഷ്മ ഷനോജ്, എ. സായിനാഥന്‍, കെ.പി. ഉദയന്‍, ശോഭ ഹരിനാരായണൻ, കെ.പി.എ. റഷീദ്, സി.എസ്. സൂരജ്, ഫൈസല്‍ പൊട്ടത്തയില്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.