ദുരിതപർവത്തിനൊടുവിൽ ഹാഫിസും അനീനയും നാടണഞ്ഞു
text_fieldsമാള: യുദ്ധഭൂമിയിൽനിന്ന് ജീവൻ കൈയിൽപിടിച്ചുള്ള ദുരിതയാത്രക്കൊടുവിൽ ഹാഫിസും അനീനയും നാടണഞ്ഞു. അനീന മാളപള്ളിപ്പുറം ചേറ്റിപറമ്പിൽ വിനോദ്- ദീപ ദമ്പതികളുടെ മകളാണ്. മാളപള്ളിപ്പുറം പാറയിൽ അസിബലി- ഫസീല ദമ്പതികളുടെ മകനാണ് അബ്ദുൽ ഹാഫിസ്.
ഖാർകീവിലെ കറാസിൻ നാഷനൽ യൂനിവേഴ്സിറ്റിയിലെ മെഡിക്കൽ വിദ്യാർഥികളാണ് ഇവർ. യുദ്ധം മുറുകിയ ശേഷം രണ്ടുദിവസം പൂർണമായും ജലപാനം പോലുമില്ലാതെ വിദ്യാർഥികൾ വലഞ്ഞതായി ഇവർ പറയുന്നു. ചില കുട്ടികൾ തലചുറ്റി വീണു. കൈവശമുള്ള ഭക്ഷണം പരമാവധി കുറച്ചാണ് കഴിച്ചത്. ഏഴ് ദിവസമാണ് ബങ്കറിൽ താമസിച്ചത്. പിന്നീടാണ് റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ അറിയിപ്പ് ലഭിച്ചത്. റോഡ് മാർഗമാണെങ്കിൽ ആറ് കിലോമീറ്റർ ദൂരമാണ് ഉള്ളത്. പക്ഷേ, അപകടകരമായ യാത്രയായതിനാൽ മെട്രോ തുരങ്കത്തിലൂടെ 24 കിലോമീറ്റർ നടന്നാണ് സ്റ്റേഷനിലെത്തിയത്. 200ലധികം വിദ്യാർഥികൾ തങ്ങൾക്കൊപ്പം ഉണ്ടായിരുന്നതായും ഇവർ പറയുന്നു.
പെൺകുട്ടികൾക്ക് വലിയ പ്രയാസം ഉണ്ടാകാതെ ട്രെയിനിലേക്ക് കയറാൻ സാധിച്ചുവെങ്കിലും ആൺകുട്ടികളിൽ പലരെയും ട്രെയിനിലേക്ക് കയറ്റാതെ തള്ളിയിട്ടു, ചിലരെ മർദിച്ചു. മണിക്കൂറുകൾ നീണ്ട യാത്രക്കൊടുവിൽ മറ്റൊരു റെയിൽവേ സ്റ്റേഷനിലെത്തി. ഇവിടെനിന്ന് 20 മണിക്കൂർ യാത്ര ചെയ്താണ് ഹംഗറിയിലേക്ക് പോകുന്നത്. ഇന്ത്യൻ എംബസിയിൽനിന്നും കാര്യമായ സഹായം ഉണ്ടായിരുന്നില്ലെന്ന് ഇവർ പറയുന്നു. ഹംഗറി അതിർത്തി കടന്ന ശേഷമാണ് എംബസിയുടെ സഹായം ലഭ്യമായത്.
സ്വന്തം കൈയിൽനിന്ന് പണം മുടക്കിയാണ് പലരും യാത്രചെയ്തിരുന്നത്. ഏതാനും വിദ്യാർഥികളുടെ ബാഗുകൾ നഷ്ടപ്പെട്ടിരുന്നു. പിന്നീട് മണിക്കൂറിനുശേഷം ഇവ കീറി വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി. ഭാഗ്യത്തിന് അതിനുള്ളിൽനിന്നും പാസ്പോർട്ട് ലഭിച്ചതായി ഇവർ പറയുന്നു. ഹംഗറിയിൽനിന്ന് മുംബൈയിലേക്കും പിന്നീട് നെടുമ്പാശ്ശേരിയിലേക്കുമാണ് എത്തിയത്. മക്കൾ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് രക്ഷിതാക്കൾ. തുടർപഠനം ഒരു ചോദ്യചിഹ്നമായി ഇവർക്ക് മുന്നിൽ ഉണ്ടെങ്കിലും അധികൃതർ കനിയുമെന്ന പ്രതീക്ഷയിലാണ് ഇവരുള്ളത്.യുദ്ധം കഴിഞ്ഞ് സമാധാനാന്തരീക്ഷം വന്നാൽ തിരിച്ചുപോകണമെന്ന് തന്നെയാണ് ഇവരുടെ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.