നിർമാണം പാതിവഴിയിൽ; കുന്നംകുളം-പെരുമ്പിലാവ് റോഡിൽ അപകടം പതിവ്
text_fieldsപെരുമ്പിലാവ്: റോഡ് വികസനത്തിന്റെ ഭാഗമായി സംസ്ഥാന പാതയിലെ കുന്നംകുളം മുതൽ പെരുമ്പിലാവ് വരെയുള്ള മേഖലകളിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. പാറേമ്പാടത്ത് വെള്ളം ഒഴുകി പോകാൻ നിർമിച്ച കലുങ്കിന് സമീപത്തെ കുഴിയിൽ വീണ് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. കുഴി ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടാത്തതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. ദിവസങ്ങൾക്ക് മുമ്പ് കെ.എസ്.ആർ.ടി.സി ബസ്, ബൈക്ക്, കാർ യാത്രികർ ഉൾപ്പെടെയുള്ളവർക്ക് കുഴിയിൽ വീണ് പരിക്കേറ്റിരുന്നു.
കഴിഞ്ഞദിവസം രാത്രി പെരുമ്പിലാവ് അൻസാർ സ്കൂളിന് സമീപത്തെ പെട്രോൾ പമ്പിനു മുൻവശത്തും അപകടമുണ്ടായി. ഇതുവഴി വന്ന ബസ് ബ്രേക്ക് ചെയ്തതിനെ തുടർന്ന് ബൈക്കും ബുള്ളറ്റും കൂട്ടിയിടിക്കുകയായിരുന്നു. ഇവിടെയും റോഡ് വികസനത്തിന്റെ ഭാഗമായി വെള്ളം ഒഴുകി പോകാൻ കലുങ്ക് നിർമിച്ചിരുന്നു. പണി പൂർത്തിയാക്കാത്തതിനാൽ താൽക്കാലിക ടാറിങ് ചെയ്തതിലെ അപാകത മൂലം റോഡ് ഇരുവശവും ഉയർന്നാണ് നിൽക്കുന്നത്. കനത്ത മഴയെ തുടർന്ന് റോഡിന്റെ മധ്യത്തിൽ വലിയ കുഴിയും രൂപപ്പെട്ടിട്ടുണ്ട്.
അക്കിക്കാവ് ജങ്ഷനിലും ഇത്തരത്തിൽ നിരവധി കുഴികളുണ്ട്. വേഗതയിൽ വരുന്ന വാഹനങ്ങൾ ഇവിടെയെത്തിയാൽ ബ്രേക്കിടുക പതിവാണ്. ഇതോടെ പിറകിലെ വാഹനങ്ങളുടെ കൂട്ടിയിടി നടക്കുന്നു.
റോഡ് നിർമാണ ജോലികൾ പൂർത്തിയാക്കാതെ പാതിവഴിയിൽ നിർത്തിയതും കനത്ത മഴയിൽ കുഴികൾ രൂപപ്പെട്ടതുമാണ് അപകടങ്ങൾക്ക് പ്രധാന കാരണങ്ങളെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. അടിയന്തരമായി പാറേമ്പാടം മുതൽ കടവല്ലൂർ വരെയുള്ള സംസ്ഥാന പാതയിലെ റോഡിന്റെ അപാകതകളും മഴയെ തുടർന്നുണ്ടായ കുഴികളും അടച്ച് ഗതാഗതം സുഖമമാക്കണമെന്നും ആവശ്യമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.