ദുരന്തത്തിൽ മുറിഞ്ഞുപോകില്ല, ഈ ബന്ധം
text_fieldsതൃശൂർ: കേള്‍ക്കാനും സംസാരിക്കാനും സാധിക്കുന്ന റേഡിയോകളാണ് അമച്വർ റേഡിയോ അഥവ ഹാമുകൾ. ഒരു വിനോദം എന്നതിലപ്പുറം രാജ്യത്തിന്‍റെ ദുരന്ത സാഹചര്യങ്ങളിൽ എങ്ങനെ ഹാമുകളെ ഉപയോഗപ്പെടുത്താനാകുമെന്നതിന്‍റെ മാതൃക തീർക്കുകയാണ് തൃശൂർ ജില്ല. ഹാം ഓപറേറ്റർമാരുമായി കൈകോർത്ത് റവന്യൂ വകുപ്പ് ജില്ലയിലെ മലയോര മേഖലകളിലും തീരമേഖലകളിലും ശൃംഖല രൂപപ്പെടുത്തിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ആഴ്ചയിൽ തീരദേശ ഗ്രാമങ്ങളായ കടപ്പുറവും വാടാനപ്പള്ളിയും കൂടെ റവന്യൂ സംവിധാനത്തിന്‍റെ വലയിലെത്തിയതോടെ പ്രധാന നാഴികക്കല്ലാണ് പിന്നിട്ടത്. റേഡിയോ വയർലെസ് സംവിധാനം ഇത്തരത്തിൽ ഉപയോഗപ്പെടുത്തുന്ന സംസ്ഥാനത്തെ ഏക ജില്ല തൃശൂരാണ്.
മലമ്പുഴ കുറമ്പാച്ചി മലയിടുക്കിൽപെട്ട ബാബുവിന്‍റെ രക്ഷാപ്രവർത്തനം ഉൾപ്പെടെ ദുരന്ത സാഹചര്യങ്ങളിൽ വയർലെസ് അമച്വർ റേഡിയോ ഓപറേറ്റർമാരെ ഉപയോഗപ്പെടുത്തിയിരുന്നു. ഏതുതരം വാർത്തവിനിമയ സംവിധാനങ്ങൾക്ക് തകരാർ സംഭവിച്ചാലും വയർലെസ് സംവിധാനം വഴി ആശയവിനിമയം സാധ്യമാക്കാമെന്നതാണ് പ്രധാന സവിശേഷത.
ഹാം നെറ്റ്വർക്കുമായി ബന്ധപ്പെട്ട് രണ്ട് സംവിധാനമാണ് ജില്ലയിലുള്ളത്. ഒന്ന് എല്ലാ താലൂക്കുകളെയും ബന്ധപ്പെടുത്തുന്ന കലക്ടറേറ്റിലെ ആന്‍റിനയുടെ സഹായത്താലുള്ള വയർലെസ് സംവിധാനം. അത് കൊണ്ടുനടക്കാൻ പറ്റില്ല. രണ്ടാം സംവിധാനത്തിൽ ഇഷ്ടംപോലെ കൈയിൽ കൊണ്ടുനടക്കാവുന്ന തരത്തിലുള്ള ചെറു വയർലെസ് സംവിധാനത്തിന്‍റെ ഉപയോഗം. ഈ പ്രവർത്തനത്തിൽ തൃശൂർ റവന്യൂ വിഭാഗവുമായി ചേർന്ന് 50ലേറെ ഹാം റേഡിയോ ഓപറേറ്റർമാർ സജീവമാണ്.
2009ലാണ് സംസ്ഥാനത്തെ കലക്ടറേറ്റുകളെയും താലൂക്ക് ഓഫിസുകളെയും തീരദേശ വില്ലേജുകളെയും ബന്ധപ്പെടുത്തി റേഡിയോ വയർലെസ് സംവിധാനം നടപ്പാക്കിയത്. പ്രസരണശേഷിയുടെ കുറവുകാരണം 2015 മുതൽ കണക്ടിവിറ്റി നഷ്ടപ്പെട്ടു. തുടർന്ന് 2020ൽ ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിൽ റിപ്പീറ്ററുകൾ സ്ഥാപിച്ച് സിഗ്നൽ ശേഷി വർധിപ്പിച്ചാണ് പ്രവർത്തനത്തിലേക്ക് തിരിച്ചുവന്നത്. കലക്ടറേറ്റിലെ ആന്‍റിനകളുടെ ഫ്രീക്വൻസി ക്രമപ്പെടുത്തി സജ്ജമാക്കുകയും ചെയ്തു. ആകെ 75,000 രൂപയാണ് ജില്ലയിലെ 60 ശതമാനം സംവിധാനം നവീകരിച്ചതിന് വന്ന ചെലവ്.
2018ൽ പൂരത്തിന് മൊബൈലുകൾ നെറ്റ്വർക്ക് ജാമായ ഘട്ടത്തിൽ റവന്യൂ-പൊലീസ് അധികൃതരെ ജില്ല ഭരണകൂടവുമായി ബന്ധിപ്പിച്ചത് വയർലെസ് സംവിധാനം വഴിയായിരുന്നു. 2021 ഒക്ടോബറിൽ അതിതീവ്ര മഴ നാശം വിതച്ചപ്പോൾ ഹാം ഓപറേറ്റർമാർ റവന്യൂ അധികൃതരുമായി തൃശൂർ കലക്ടറേറ്റിൽ കൺട്രോൾ റൂം സജ്ജീകരിച്ച് പ്രവർത്തിച്ചത് നിർണായകമായിരുന്നു.
കലക്ടറേറ്റിലെ ഹാം ഓപറേറ്റർമാർ ഡെപ്യൂട്ടി കലക്ടറോടൊപ്പം (ഫയൽ ചിത്രം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.