പീഡന പരാതി: നടപടി സ്ഥലംമാറ്റത്തിലൊതുക്കി കാർഷിക സർവകലാശാല
text_fieldsതൃശൂർ: വനിത തൊഴിലാളി നൽകിയ ലൈംഗിക പീഡന പരാതിയിൽ ശിക്ഷനടപടി സ്ഥലംമാറ്റത്തിൽ ഒതുക്കി കാർഷിക സർവകലാശാല രജിസ്ട്രാർ. സർവകലാശാല ശിക്ഷനടപടി സ്വീകരിക്കാത്തതിനെ തുടർന്ന് പീഡനത്തിനിരയായ തൊഴിലാളി മണ്ണുത്തി പൊലീസ് സ്റ്റേഷനിലെത്തി സി.ഐക്ക് നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് പരാതിക്കാരിയുടെ മൊഴിയെടുത്തിട്ടുമുണ്ട്.
സർവകലാശാലയുടെ വെള്ളാനിക്കര കൃഷി വിജ്ഞാന കേന്ദ്രത്തിലെ കരാർ തൊഴിലാളിയായ വനിതക്കാണ് പീഡനം നേരിട്ടത്. കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഫാം ഓഫിസർക്കെതിരെയാണ് പരാതി. സർവകലാശാലക്കും ആഭ്യന്തര പരാതി പരിഹാര സമിതിക്കും നൽകിയ പരാതിയെ തുടർന്ന് ആരോപിതനെ കോട്ടയം കുമരകത്തെ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ, പരാതിക്കാരി ആവശ്യപ്പെട്ടിട്ടും മറ്റു ശിക്ഷനടപടികൾ സ്വീകരിക്കാതെ രജിസ്ട്രാർ പ്രശ്നം അവസാനിപ്പിച്ചു. തുടർന്നാണ് പരാതിക്കാരി പൊലീസിനെ സമീപിച്ചത്.
വെള്ളാനിക്കര കൃഷി വിജ്ഞാന കേന്ദ്രത്തിലെ കൂൺ വളർത്തൽ ലാബിൽ ഫെബ്രുവരി നാലിനായിരുന്നു സംഭവം. ലാബിൽ ജോലി ചെയ്തുകൊണ്ടിരുന്ന പരാതിക്കാരിക്കടുത്തേക്ക് ഫാം മാനേജർ എത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. പരാതിക്കാരി ലാബിന്റെ വാതിലടച്ച് രക്ഷപ്പെട്ടു.
തുടർന്ന് വിവരം കൃഷി വിജ്ഞാന കേന്ദ്രത്തിലെ വനിത അധ്യാപികയെ അറിയിച്ചു. ഫെബ്രുവരി 14ന് സർവകലാശാലക്ക് രേഖമൂലം പരാതി നൽകി. തുടർന്നാണ് ആരോപണ വിധേയനെ കോട്ടയത്തേക്ക് സ്ഥലം മാറ്റിയത്. നിയമപ്രകാരമുള്ള ശിക്ഷനടപടി സ്വീകരിക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടിട്ടും സർവകലാശാല തയാറായില്ല. ആരോപണ വിധേയൻ ഉൾപ്പെടുന്ന സംഘടന അയാളെ സംരക്ഷിക്കാൻ ഇടപെട്ടില്ലെന്നാണ് വിവരം. അതേസമയം, സർവകലാശാലയിൽ നിർണായക സ്വാധീനമുള്ള മറ്റൊരു ഭരണപക്ഷ സംഘടനയുടെ ഭാഗത്തുനിന്ന് സഹായമുണ്ടായതായി പറയപ്പെടുന്നു.
വെറ്ററിനറി സർവകലാശാലയിൽ വിദ്യാർഥികളുടെ റാഗിങ്ങാണ് പ്രശ്നമെങ്കിൽ കാർഷിക സർവകലാശാലയിൽ വർഷങ്ങളായി സ്ത്രീപീഡന പരാതികളാണ് പ്രശ്നം. ദിവസക്കൂലിക്കാർ മുതൽ വിദ്യാർഥിനികളും വനിത പ്രഫസർമാരും വരെ ഇരകളായിട്ടുണ്ട്. അധികൃതരുടെ ഒത്താശയോടെ പരാതിക്കാരെ സമ്മർദത്തിലാക്കി കേസ് ഒതുക്കിത്തീർക്കുന്നതാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.