ശിവരാത്രി ഉത്സവത്തിനിടെ ആനകൾക്ക് വ്യാപക പീഡനം
text_fieldsതൃശൂർ: കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ആൾക്കൂട്ടങ്ങളോടെ ആഘോഷിച്ച ശിവരാത്രി-പൂര ഉത്സവങ്ങളിൽ ആനകൾക്ക് നേരെ വ്യാപക അതിക്രമം. തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിലായി നടന്ന എഴുന്നള്ളിപ്പുകളിലാണ് ആനകൾക്ക് നേരെ വ്യാപക അതിക്രമങ്ങളുണ്ടായത്. തൃശൂരിൽ തൃത്തല്ലൂർ ശിവക്ഷേത്രം, മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ ആനമങ്ങാട് ക്ഷേത്രം, എറണാകുളം ചെറായി, തൃപ്പൂണിത്തുറ ക്ഷേത്രങ്ങളിലെത്തിച്ച ആനകൾക്ക് നേരെയെല്ലാം പീഡനങ്ങളുണ്ടായി. രണ്ടിടങ്ങളിൽ പാപ്പാന്മാരെ ആന തട്ടിയെറിയുകയും ചെയ്തു.
ആനയുടെ വാല് പിടിച്ചുവലിക്കുക, ആനയെ നിർത്തുന്നത് സംബന്ധിച്ച് തർക്കത്തിലേർപ്പെട്ട് ആനയുടെ മുന്നിൽ സംഘർഷത്തിലേർപ്പെടുക, എഴുന്നള്ളിപ്പിൽ പങ്കെടുത്ത് വിശന്ന് നിൽക്കുന്ന ആനയുടെ മുന്നിൽ ഇല കാണിച്ച് പ്രകോപിപ്പിക്കുന്നതുമടക്കമുള്ള ദൃശ്യങ്ങൾ പുറത്ത് വന്നു. എറണാകുളത്ത് ചെറായി അയ്യമ്പിള്ളിയിൽ ലോറിയിൽനിന്ന് ഇറക്കി നിർത്തിയ ആനക്ക് മുന്നിലേക്ക് യുവതിയോടിച്ച സ്കൂട്ടർ നിയന്ത്രണം വിട്ടെത്തി പാപ്പാനെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തെ തുടർന്ന് ആന ഓടുകയും ചെയ്തു. മലപ്പുറത്ത് മദ്യപിച്ചെത്തിയ സംഘം ആനയുടെ പിന്നിൽനിന്ന് തുള്ളിച്ചാടിയ ശേഷം വാലിൽ പിടിച്ച് വലിക്കുന്ന സംഭവമുണ്ടായി. പ്രകോപിതനായ ആന ആക്രമണത്തിനായി തിരിഞ്ഞെങ്കിലും പാപ്പാന്മാർ നിയന്ത്രിച്ചു. ഇവർ തോട്ടിയുപയോഗിച്ച് സംഘത്തെ ആനയുടെ മുന്നിലിട്ട് പൊതിരെ തല്ലുകയും ചെയ്തു.
ആനകളെ എഴുന്നള്ളിക്കാൻ ആവേശം കൊള്ളുന്ന ഉത്സവ സംഘാടകരോ വനം വകുപ്പ്, പൊലീസ് അധികൃതരോ ഇതിലൊന്നും ഇടപെടുകയോ സംഘങ്ങളെ നിയന്ത്രിക്കാൻ നടപടിയെടുക്കുകയോ ചെയ്തിട്ടില്ലെന്ന് ആനപ്രേമികൾ ആരോപിക്കുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരിൽ ചിലർക്ക് ആനകളുടെ ബിനാമി ഇടപാടുകൾ ഉണ്ടെന്ന ആക്ഷേപവുമുയർന്നു.
തൃശൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ എഴുന്നള്ളിച്ച കോട്ടയത്തുനിന്നുള്ള ആന തൃശൂരിൽ വനം വകുപ്പിൽ തന്നെയുള്ള ഉദ്യോഗസ്ഥൻ മുഖേനയാണ് എത്തിയതെന്ന് പറയുന്നു. ഇതിനിടെ ആനകളെ നിയന്ത്രിക്കാൻ ലോഹം ഘടിപ്പിച്ച 'അങ്കുഷ്' തോട്ടി ഉപയോഗിക്കരുതെന്ന് വീണ്ടും വിലക്കി വനം വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും വ്യാപകമായി ലോഹത്തോട്ടികൾ ഉപയോഗിക്കുന്നത് തുടരുകയാണ്. വനം വകുപ്പ് നിർദേശം പ്രായോഗികമല്ലെന്നാണ് പാപ്പാന്മാർ പറയുന്നത്.
ഉത്സവ എഴുന്നെള്ളിപ്പിനിടയിൽ ആനകൾക്ക് നേരെയുണ്ടായ പീഡനങ്ങളിലും ലോഹത്തോട്ടികൾ നിർബാധം ഉപയോഗിക്കുന്നതും ചൂണ്ടിക്കാട്ടി ദൃശ്യങ്ങൾ സഹിതം അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ഹെറിറ്റേജ് അനിമൽ ടാസ്ക്ഫോഴ്സ് ജനറൽ സെക്രട്ടറി വി.കെ. വെങ്കിടാചലം ചീഫ് വൈൽഡ് ലൈഫ് വാർഡന് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.