വാങ്ങാനാളില്ല; കൊയ്ത നെല്ല് പാടത്ത് കെട്ടിക്കിടക്കുന്നു
text_fieldsമനക്കൊടി-വെളുത്തൂർ കോൾപാടത്ത് കൂട്ടിയിട്ട നെല്ല് ചാക്കുകൾ
അരിമ്പൂർ: മനക്കൊടി-വെളുത്തൂർ കോൾ പാടത്ത് കൊയ്തെടുത്ത നെല്ല് വാങ്ങാനാളില്ലാതെ പാടത്ത് കെട്ടിക്കിടക്കുന്നത് കർഷകരെ ദുരിതത്തിലാക്കി. നെല്ലിൽ ഈർപ്പമുണ്ടെന്ന് പറഞ്ഞാണ് സ്വകാര്യ മില്ലുടമകൾ വാങ്ങാത്തത്. നെല്ല് ചാക്കുകളിൽ നിറച്ചാണ് പാടത്ത് കൂട്ടിയിട്ടിരിക്കുന്നത്. മില്ലുടമകൾക്ക് സപ്ലൈകോ അധികൃതർ ഒത്താശ ചെയ്യുകയാണെന്നാണ് കർഷകരുടെ ആരോപണം. ഇനിയും തങ്ങളെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്നും കൃഷി ഭൂമി തരിശിടുമെന്നും കർഷകർ പറയുന്നു.
110 ഏക്കർ വരുന്നതാണ് മനക്കൊടി-വെളുത്തൂർ കോൾപ്പടവ്. ആകെയുള്ള 265 ഏക്കറിൽ പാതി ഭാഗത്താണ് കൊയ്ത്ത് ആദ്യം ആരംഭിക്കേണ്ടത്. ഇതിനായി സപ്ലൈകോ അധികൃതർ കർഷകർക്ക് നിർദേശവും നൽകി. തുടർന്ന് 10 ഏക്കറിൽ ആദ്യം കൊയ്ത്ത് നടത്തി.
എന്നാൽ, നെല്ല് കൊണ്ടുപോകാൻ എത്തിയ സപ്ലൈകോ ഏർപ്പെടുത്തിയ സ്വകാര്യ മില്ലുകാർ നെല്ലിൽ ഈർപ്പമുണ്ടെന്ന് പറഞ്ഞ് കൊയ്ത്ത് നിർത്തിവെപ്പിക്കുകയായിരുന്നു.
കൊയ്തെടുത്ത നെല്ല് ഇതോടെ വാങ്ങാനാളില്ലാതെ ചാക്കുകളിലാക്കി പാടശേഖരങ്ങളിൽ കൂട്ടിയിട്ടിരിക്കുകയാണ്.
ഈ നെല്ല് വിലപേശൽ നടത്തി 100 കിലോക്ക് ഏഴ് കിലോ കുറവ് എന്ന രീതിയിൽ ഇതേ മില്ലുകാർ എടുക്കാൻ തയാറാണെന്ന് പറയുന്നു. എന്നാൽ ഇത് സപ്ലൈകോ അധികൃതരും സ്വകാര്യ മില്ലുകാരും തമ്മിൽ ഒത്തുകളിച്ച് കർഷകരെ കൊള്ളയടിക്കലാണെന്ന് കർഷകർ കുറ്റപ്പെടുത്തുന്നു. ഈ പടവിൽ വീണ്ടും 29ന് കൊയ്ത്ത് നിശ്ചയിച്ചിരിക്കുകയാണ്. മില്ലുകാർ വീണ്ടും കർഷകരെ ദ്രോഹിച്ചാൽ കൃഷിയിടം തരിശിട്ട് പ്രതിഷേധിക്കുമെന്നാണ് കർഷകരുടെ മുന്നറിയിപ്പ്.
ഒരു ഏക്കർ കൃഷി ചെയ്യാൻ നാല്പതിനായിരം രൂപയോളമാണ് കർഷകന് ചെലവ്. ഇനിയും ഈ അവസ്ഥ തുടർന്നാൽ പാട്ടത്തിനെടുത്തതും കടം വാങ്ങി കൃഷി ചെയ്തതുമായ നെല്ലിന് വില ലഭിക്കാതെ വന്നാൽ ആത്ഹത്യയിലേക്ക് നീങ്ങേണ്ട സാഹചര്യമാണെന്ന് കർഷകർ പറയുന്നു. മഴയെ അതിജീവിച്ചാണ് ഇത്തവണ നെല്ല് വിളയിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.