വേനൽ മഴക്ക് മുമ്പ് കൊയ്ത്തും നെല്ല് സംഭരണവും ഊർജിതമാക്കണം –കലക്ടർ
text_fieldsതൃശൂർ: കൊയ്ത്ത് പൂർത്തിയാക്കാനുള്ള നെൽപാടങ്ങളിൽ വേനൽ മഴക്ക് മുമ്പ് കൊയ്ത്തും സംഭരണവും ഊർജിതമാക്കാൻ നടപടി സ്വീകരിക്കാൻ കലക്ടർ എസ്. ഷാനവാസിെൻറ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
കൊയ്ത്ത് പൂർത്തിയാക്കാനുള്ള പാടശേഖരങ്ങൾക്ക് എത്രയും വേഗം മില്ല് അലോട്ട് ചെയ്ത് നൽകാൻ സപ്ലൈകോ ഓഫിസറെ ചുമതലപ്പെടുത്തി. കൊയ്ത്തിന് ഏഴുദിവസം മുമ്പ് മില്ല് അലോട്ട് ചെയ്ത് നൽകണം. മില്ലുകൾ മാറ്റി കൊടുക്കേണ്ട സാഹചര്യമുണ്ടായാൽ പാടശേഖര സമിതിയിൽനിന്ന് അതിനുള്ള കാരണം എഴുതി വാങ്ങി അതനുസരിച്ച് നടപടി സ്വീകരിക്കണം. ഗുണമേന്മയുള്ള ചാക്കുകൾ, നെല്ല് കയറ്റി കൊണ്ടുപോകാനുള്ള വാഹനങ്ങൾ എന്നിവ ലഭ്യമാക്കണം.
കൊയ്ത്ത് സമയബന്ധിതമായി പൂർത്തിയാക്കണം. എല്ലാ കൊയ്ത്ത് യന്ത്രങ്ങളും കേടുപാടുകൾ തീർത്ത് ലഭ്യമാക്കണം. ഇനിയും കൊയ്ത്ത് പൂർത്തിയാക്കേണ്ട പാടശേഖര സമിതികളുടെ വിവരങ്ങൾ ഉടൻ തയാറാക്കണമെന്നും കലക്ടർ നിർദേശിച്ചു. നെല്ല് സംഭരണത്തിന് നടപടി സ്വീകരിക്കാനാവശ്യമായ പ്ലാൻ തയാറാക്കാൻ സപ്ലൈകോ ഓഫിസർക്ക് നിർദേശം നൽകി. കൊയ്ത്ത് നടക്കുന്ന സമയങ്ങളിൽ മഴ ഉണ്ടായാൽ കർഷകർ കൊയ്ത്ത് നിർത്തിവെക്കണമെന്നും കൊയ്ത നെല്ല് നനയാതെ സൂക്ഷിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും കലക്ടർ കർഷകരോട് നിർദേശിച്ചു. ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ കെ.എസ്. മിനി, സപ്ലൈ ഓഫിസർ പി. മുകുന്ദകുമാർ, പാടശേഖര ഭാരവാഹികൾ, കൃഷി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.