കനത്ത പെയ്ത്ത്; പെരിങ്ങൽക്കുത്ത് ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തി
text_fieldsഅതിരപ്പിള്ളി: മഴ കനത്തതോടെ പെരിങ്ങൽകുത്ത് ഡാമിലെ രണ്ട് ഷട്ടറുകൾ രണ്ട് അടി വീതം ഉയർത്തി. ഡാം ഇപ്പോൾ റെഡ് അലർട്ടിലാണ്. തിങ്കളാഴ്ച രാവിലെ ജലനിരപ്പ് 422 മീറ്ററിൽ കടന്നതോടെ ഓറഞ്ച് അലർട്ടിലായിരുന്നു. വൈകീട്ടായതോടെ 423 മീറ്ററിൽ കടക്കുകയും റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തു.
പെരിങ്ങൽക്കുത്തിന്റെ പരമാവധി സംഭരണ ശേഷി 424 മീറ്റർ ആണ്. തുടർച്ചയായി മഴ പെയ്തതിനെത്തുടർന്ന് നീരൊഴുക്ക് ശക്തമായതിനാൽ ജലനിരപ്പ് ഇനിയും ഉയരുമെന്നാണ് കരുതപ്പെടുന്നത്. അണക്കെട്ടിന്റെ ഷട്ടറുകൾ രാത്രിയോ പുലർച്ചയോ തുറക്കാൻ സാധ്യത ഏറെയാണ്. അതേസമയം ചാലക്കുടി പുഴയിൽ ജലനിരപ്പ് ആശങ്ക ഉയർത്തുന്നില്ല. പെരിങ്ങൽകുത്തിന് മുകളിലെ ഷോളയാർ, പറമ്പിക്കുളം ഡാമുകളിൽ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ഉടനെ തുറക്കേണ്ട സാഹചര്യമില്ല. ജലനിരപ്പ് ഉയർന്നതിനാൽ ഈ സീസണിൽ ഒരുവട്ടം പൊരിങ്ങൽക്കുത്ത് തുറന്നു വിട്ടിരുന്നു. കഴിഞ്ഞ ദിവസം അതിരപ്പിള്ളിയിൽ തിങ്കളാഴ്ച രാവിലെ വരെ കനത്ത മഴ പെയ്തിരുന്നു. 108 എം.എം മഴയാണ് പെയ്തത്. പരിയാരത്ത് 76 എം.എം, ചാലക്കുടിയിൽ 55.7 എം.എം, മേലൂരിൽ 44 എം.എം , കാടുകുറ്റിയിൽ 45.6 എം.എം. മഴയും പെയ്തിരുന്നു.
ചാലക്കുടി മേഖലയിൽ തിങ്കളാഴ്ച പകലും ഉയർന്ന തോതിൽ മഴ പെയ്തു. മഴയെ തുടർന്ന് വൃക്ഷങ്ങൾ വീണ് ചെറിയ തോതിലുള്ള നാശമുണ്ടായി. ഞായറാഴ്ച രാത്രി നോർത്ത് കൊന്നക്കുഴിയിൽ മൂഞ്ഞേലി ആന്റുവിന്റെ ഓടിട്ട വീടിന് മുകളിൽ മരം വീണതിനെ തുടർന്ന് അടുക്കള ഭാഗം തകർന്നു. തിങ്കളാഴ്ച രാവിലെ അതിരപ്പിള്ളി പൊലീസ് സ്റ്റേഷന് സമീപം റോഡിൽ നിന്ന മരം എണ്ണപ്പനത്തോട്ടത്തിലേക്ക് മറിഞ്ഞു വീണു. രാവിലെ 9.30 ഓടെ കൂടപ്പുഴ ആറാട്ടുകടവിന്റെ വഴിയിലേക്കും കളിക്കാനെത്തുന്ന ഭാഗത്തുമായി കൂടൽമാണിക്യം ദേവസ്വം പറമ്പിലെ കാഞ്ഞിരമരം വീണു. ഇതോടെ തടയണയിലേക്ക് പോകാൻ തടസ്സമായി. മരം വെട്ടിമാറ്റാത്തതിനാൽ രാവിലെ കുളിക്കാനെത്തിയവരുടെ ഇരുചക്ര വാഹനങ്ങൾ തിരിച്ചു കൊണ്ടുപോകാൻ കഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.