കനത്ത മഴ; പരക്കെ ദുരിതം
text_fieldsതൃശൂർ: ജില്ലയിൽ തോരാമഴ. ഇടതടവില്ലാതെ ശക്തമായ മഴ പെയ്യുന്നത് പരക്കെ ദുരിതം വിതച്ചിട്ടുണ്ട്. അണക്കെട്ടുകൾ നിറഞ്ഞു. പരമാവധി ജലനിരപ്പിലേക്ക് ഉയരുന്നതിന് മുമ്പ് തുറന്നുവിട്ട് വെള്ളം ക്രമീകരിച്ച് നിർത്തുകയാണ്. മലയോര പ്രദേശങ്ങളിൽ മലവെള്ളപ്പാച്ചിൽ അടക്കം അപകടകരമായ സാഹചര്യമുണ്ട്. റോഡ് ഗതാഗതം പലയിടത്തും ദുസ്സഹമായിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. മതിൽ ഇടിഞ്ഞും മറ്റും അപകടങ്ങൾ അങ്ങിങ്ങ് ഉണ്ടായിട്ടുണ്ടെങ്കിലും ആർക്കും അപായമില്ല. കാറ്റിൽ മരം വീണും മറ്റും വൈദ്യുതി തകരാറ് ചിലയിടങ്ങളിൽ ഉണ്ടായിട്ടുണ്ട്. ഇത് നേരെയാക്കാൻ മഴ തടസ്സമാവുകയാണ്. രാത്രിയും മഴ ശക്തമായി തുടർന്നു.
ഡാമുകൾ തുറന്നു
തൃശൂർ: ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വിവിധ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ വിവിധ സമയങ്ങളിൽ മുന്നറിയിപ്പ് നൽകി ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നുണ്ട്. ഡാമുകൾ തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കുന്നതിനാൽ വിവിധ നദികളിലും തോടുകളിലും മറ്റും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ട്. ഇവയുടെ തീരങ്ങളൽ താമസിക്കുന്നവർക്ക് അധികൃതർ ജാഗ്രതനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
പീച്ചി ഡാമിന്റെ നാല് ഷട്ടറുകള്‍ ഘട്ടം ഘട്ടമായി 30 സെന്റിമീറ്റര്‍ വീതം തുറന്നു. മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് ഉയരുമെന്നതിനാൽ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
പത്താഴക്കുണ്ട് ഡാമിലെ എല്ലാ ഷട്ടറും മൂന്ന് സെന്റി മീറ്റർ വീതം ഉയർത്തി. പത്താഴകുണ്ട് ചീർപ്പ്, മിണാലൂർ തോട്, കുറ്റിയങ്കാവ് തോട്, പെരിങ്ങണ്ടൂർ തോട് എന്നിവയുടെ സമീപത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മൈനർ ഇറിഗേഷൻ ഉപവിഭാഗം അസി. എക്സി. എൻജിനീയർ അറിയിച്ചു. മഴ ശക്തമായാൽ ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്നും അസി. എക്സി. എൻജിനീയർ അറിയിച്ചു. നിലവിലെ ജലനിരപ്പ് 13.06 മീറ്ററാണ്. പരമാവധി ജലനിരപ്പ് 14 മീറ്ററാണ്.
വാഴാനി ഡാം ഷട്ടറുകൾ മൂന്ന് സെന്റി മീറ്റർ കൂടി ഉയർത്തിയതോടെ എട്ട് സെന്റിമീറ്റർ ആയി. വടക്കാഞ്ചേരി പുഴയിലേക്ക് അധികജലം ഒഴുകുന്നതിനാൽ പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ദിവസങ്ങളായി മഴ പെയ്യുന്നതിനാൽ പെരിങ്ങൽക്കുത്ത് അണക്കെട്ടിൽനിന്ന് ദിവസങ്ങളായി അധികജലം തുറന്നുവിടുന്നുണ്ട്.
പെരിങ്ങൽക്കുത്തിൽ നീരൊഴുക്ക് വർധിച്ചു: അധികജലം ഒഴുക്കിവിടുന്നത് തുടരുന്നു
അതിരപ്പിള്ളി: പെരിങ്ങൽക്കുത്തിൽ നീരൊഴുക്ക് തുടരുന്നതിനാൽ ചാലക്കുടിപ്പുഴയിലേക്ക് അധികം ജലം ഒഴുക്കി വിടുന്നത് ദിവസങ്ങളായി തുടരുന്നു. ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ചെറിയ രീതിയിൽ ഉയർന്നു. ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് തിങ്കളാഴ്ച ആറങ്ങാലി സ്റ്റേഷനിൽ 3.15 മീറ്ററാണ് രേഖപ്പെടുത്തിയത്. മഴയെ തുടർന്ന് മുകൽത്തട്ടിലെ ഡാമുകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. മുകൽതട്ടിലെ കേരള ഷോളയാറിൽ 58 ശതമാനം വെള്ളം ആയിട്ടുണ്ട്. തമിഴ്നാട് ഷോളയാറിൽനിന്ന് അധികജലം കുറച്ചുദിവസമായി തുറന്നുവിടുന്നു. വെള്ളം കൂടുതലും പറമ്പിക്കുളത്തേക്കാണ് തിരിച്ചുവിടുന്നത്. പറമ്പിക്കുളം ഡാം 72 ശതമാനം നിറഞ്ഞ നിലയിലാണ്. വരുംദിവസങ്ങളിൽ മഴ തുടരുകയാണെങ്കിൽ ഡാമുകൾ വൈകാതെ പൂർണ സംഭരണശേഷിയിൽ എത്തിയേക്കാം. ഇപ്പോൾ ആശങ്കകളില്ല.
ദിവസങ്ങളായി റെഡ് അലേർട്ടിലായ പെരിങ്ങൽകുത്ത് ഡാമിൽനിന്ന് അധികജലം ഒഴിവാക്കുന്നത് തിങ്കളാഴ്ചയും തുടർന്നു. വൈകീട്ട് ആറിന് 423.45 മീറ്ററാണ് ഇവിടത്തെ ജലനിരപ്പ്. പൂർണസംഭരണ ശേഷി 424 മീറ്റർ ആണ്. അഞ്ച് ഷട്ടറുകൾ എട്ടടി വീതം ഉയർത്തിയ നിലയിലാണ്. ഷട്ടർ വഴിയുള്ള വെള്ളത്തിന് പുറമേ വാച്ചുമരത്തെ കനാൽ വഴി ഇടമലയാറിലേക്ക് വെള്ളം പെരിങ്ങൽ ഡാമിന്റെ വൃഷ്ടിപ്രദേശത്തുനിന്ന് പോകുന്നുണ്ട്. പെരിങ്ങൽകുത്ത് ഡാമിൽ മഴ കനത്ത തോതിലല്ല. അതിരപ്പിള്ളി 91 എം.എം, പരിയാരം 68 എം.എം, മേലൂർ 49 എം.എം, കാടുകുറ്റി 60 എം.എം, ചാലക്കുടി 76.8 എം.എം എന്നിങ്ങനെയാണ് തിങ്കളാഴ്ച രാവിലെ വരെ ചാലക്കുടി മേഖലയിൽ പെയ്ത മഴയുടെ അളവ്. തിങ്കളാഴ്ച മഴ കൂടുതൽ ശക്തമായി തുടരുന്നു. തിങ്കളാഴ്ച രാത്രി എട്ടോടെ പെരിങ്ങൽകുത്ത് ഡാമിന്റെ നാലാം നമ്പർ ഷട്ടറും തുറന്നു. ഇതോടെ ആറ് ഷട്ടറുകൾ 12 അടിയോളം ഉയർത്തി വെള്ളം പുറത്തുവിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.