വെള്ളം കയറി; നെല്ല് കൊയ്യാനാകാതെ കര്‍ഷകര്‍
text_fieldsമുരിയാട്: ബണ്ട് തുറന്നാല്‍ വെള്ളം ഒഴുക്കിക്കളഞ്ഞ് പാടശേഖരങ്ങളിലെ നെല്ല് കൊയ്യാമെന്ന പ്രതീക്ഷയിൽ മുരിയാട് കോള്‍മേഖലയിലെ കര്‍ഷകര്‍. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ കെ.എല്‍.ഡി.സി ബണ്ട് നിറഞ്ഞ് സമീപ പാടശേഖരങ്ങളിലേക്ക് വെള്ളം കയറിയതോടെയാണ് കൊയ്യാനാവാത്ത സ്ഥിതിയായത്.
കാറ്റിലും മഴയിലും നെൽച്ചെടികൾ വീണു. വെള്ളമിറങ്ങി പാടം ഉണങ്ങിയാല്‍ മാത്രമേ ശേഷിക്കുന്ന നെല്ല് കൊയ്യാനാകൂ. 75 ഏക്കറിലേറെ സ്ഥലത്താണ് കൊയ്യാന്‍ ബാക്കിയുള്ളത്. കോന്തിപുലത്ത് നിര്‍മിച്ച താൽക്കാലിക തടയണ തുറന്ന് കനാലിലെ വെള്ളം കരുവന്നൂര്‍ പുഴയിലേക്ക് ഒഴുക്കിയാൽ പാടശേഖരങ്ങളില്‍ വെള്ളം താഴും.
ചൊവ്വാക്കാരന്‍ കോള്‍, കോക്കര ചാല്, ഹരിതശ്രീ, മൂരിക്കോള്‍ തുടങ്ങിയ വിവിധ പാടശേഖരങ്ങളില്‍നിന്നാണ് ഇനിയും നെല്ല് കൊയ്യാനുള്ളത്. നിലവില്‍ കോന്തിപുലം ബണ്ടിനു മുകളിലൂടെയാണ് വെള്ളം ഒഴുകുന്നത്.
പാടശേഖരങ്ങളിലെ വെള്ളം താഴാന്‍ ഇറിഗേഷന്‍ വകുപ്പ് ബണ്ടിന്റെ ഒരുവശം തുറക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കര്‍ഷകര്‍ ഇറിഗേഷന്‍ വകുപ്പ് അധികൃതരെ സമീപിച്ചു.
വിഷയം പരിശോധിച്ച് നടപടിയെടുക്കാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയതായി കര്‍ഷകര്‍ പറഞ്ഞു. വലിയ തോതിലാണു കിഴക്കുനിന്നു കനാലിലൂടെ പെയ്ത്തുവെള്ളം ഒഴുകിയെത്തി കോന്തിപുലത്ത് താൽക്കാലികമായി നിര്‍മിച്ചിരിക്കുന്ന ബണ്ടില്‍ തടഞ്ഞ് നിറഞ്ഞത്.
പെയ്ത്തുവെള്ളം ഒഴുകാൻ ബണ്ടില്‍ എമര്‍ജന്‍സി എക്സിറ്റ് ഇടണമെന്ന് കര്‍ഷകര്‍ ഓരോ വര്‍ഷവും ആവശ്യപ്പെടാറുണ്ടെങ്കിലും ചെറിയ കഴയാണ് ഇട്ടിരിക്കുന്നത്.
ഇതിലൂടെ വെള്ളം തള്ളിപ്പോകാത്തതിനാലാണ് പാടശേഖരങ്ങളിലേക്കു വെള്ളം കയറാന്‍ കാരണം. പ്രദേശത്തു കുടിവെള്ളക്ഷാമം അനുഭവപ്പെടുമെന്നു പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ ബണ്ട് പൊട്ടിക്കാന്‍ തയാറാകാത്തതെന്നും കര്‍ഷകര്‍ ആരോപിച്ചു.
കുറുമാലിപ്പുഴയുടെ ബണ്ട് ഇടിഞ്ഞു
ആമ്പല്ലൂര്‍: പറപ്പൂക്കര പഞ്ചായത്തിലെ രാപ്പാള്പള്ളത്ത് കുറുമാലിപ്പുഴയുടെ ബണ്ട് ഇടിഞ്ഞു. പ്രളയത്തില്‍ തകര്‍ന്ന് പുനര്‍നിര്‍മിച്ച ബണ്ടിനും ബലക്ഷയം. കഴിഞ്ഞ ദിവസം രാത്രി മുതലാണ് 60 മീറ്ററോളം നീളത്തില്‍ ബണ്ടും 100 മീറ്ററോളം പുഴയോരവും ഇടിഞ്ഞത്.
നാലു മീറ്റര്‍ വീതിയുള്ള ബണ്ടിന്റെ പകുതിയോളം ഭാഗം ഇടിഞ്ഞ നിലയിലാണെന്ന് നാട്ടുകാര്‍ പറഞ്ഞു. മഴ ശക്തമായാല്‍ കൂടുതല്‍ ഭാഗങ്ങളിലും പുഴയോരം ഇടിയുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ യഥാസമയം മാഞ്ഞാംകുഴി റെഗുലേറ്ററിലെ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം തുറന്നുവിടാത്തതാണ് ബണ്ട് ഇടിയാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം 150 മീറ്ററോളം ബണ്ട് ഇടിഞ്ഞിരുന്നു. ഇപ്പോഴും കൂടുതല്‍ ഭാഗത്തെ പുഴ ബണ്ട് ഇടിയുമെന്ന ആശങ്കയില്‍ തന്നെയാണ് നാട്ടുകാര്‍. പുഴയോരത്തെ ഇടിഞ്ഞ ഭാഗവും ബണ്ടും എത്രയും വേഗം പുനര്‍നിര്‍മിക്കുകയും ശാശ്വത പരിഹാരം കാണുകയും വേണമെന്ന് നാട്ടുകാര്‍ അവശ്യപ്പെട്ടു.
മൺചിറകൾ പൊട്ടി
ആമ്പല്ലൂര്‍: ശക്തമായ മഴയില്‍ കുറുമാലി പുഴയിലെ താല്‍ക്കാലിക മണ്‍ചിറകള്‍ പൊട്ടി. പുഴയില്‍ ജലനിരപ്പ് ഉയരുകയും ഒഴുക്കു കൂടിയതുമാണ് ചിറകള്‍ പൊട്ടാന്‍ കാരണം. വേനലില്‍ പുഴയിലെ ജലലഭ്യത ഉറപ്പുവരുത്തുന്നതിന് വരന്തരപ്പിള്ളി, പുതുക്കാട് പഞ്ചായത്തുകളിലായി അഞ്ചു മണ്ചിറകളാണ് കെട്ടിയിരുന്നത്. വരന്തരപ്പിള്ളിയിലെ നാലു ചിറകള്‍ കഴിഞ്ഞ ദിവസവും പുതുക്കാട് കുണ്ടുകടവിലെ ചിറ കഴിഞ്ഞയാഴ്ചയുമാണ് പൊട്ടിയത്. ജനുവരിയിലാണ് ചിറകൾ നിര്‍മിച്ചത്.
സാധാരണ ജൂണിലാണ് ചിറകള്‍ പൊട്ടാറുള്ളത്. എന്നാല്‍, ഇത്തവണ വേനലില്‍ കനത്ത മഴ പെയ്തതാണ് ആഴ്ചകള്‍ക്കുമുമ്പേ പൊട്ടാന്‍ കാരണം. ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച് കെട്ടിയ കുണ്ടുകടവിലെ ചിറയാണ് ആദ്യം പൊട്ടിയത്. പുഴയിലെ കുടിവെള്ള, ജലസേചന പദ്ധതികള്‍ക്ക് വെള്ളം സംഭരിക്കുന്നതിനായാണ് വര്‍ഷംതോറും വേനലില്‍ ചിറകള്‍ കെട്ടുന്നത്. മണല്‍ചാക്കുകള്‍ ഇരുഭാഗത്തും നിരത്തി മണ്ണിട്ട് നികത്തിയാണ് ചിറകള്‍ കെട്ടുന്നത്. ഓരോ വര്‍ഷവും ലക്ഷങ്ങളാണ് ഇതിനായി ചെലവഴിക്കുന്നത്. താല്‍ക്കാലിക മണ്ചിറകള്ക്ക് ബദലായി സ്ഥിരം തടയണകള്‍ നിർമിക്കുകയാണെങ്കില്‍ വര്‍ഷംതോറുമുള്ള ആവര്‍ത്തന ചെലവ് ഒഴിവാക്കാം. സ്ഥിരം തടയണകള്‍ നിർമിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അധികൃതര്‍ പരിഗണിക്കുന്നില്ല. കാലവര്‍ഷം ശക്തിപ്രാപിക്കുമ്പോള്‍ സ്വാഭാവികമായാണ് ചിറകള്‍ പൊട്ടാറുള്ളത്. എന്നാല്‍, പല വര്‍ഷങ്ങളിലും ഇത്തരത്തില്‍ ചിറകള്‍ പൂര്‍ണമായും പൊട്ടാറില്ലെന്ന് പറയുന്നു. ഇത്തരത്തില്‍ പൊട്ടാതെ കിടക്കുന്ന ഭാഗത്ത് പുഴ ഗതിമാറി ഒഴുകി വ്യാപകമായി പുഴയോരം ഇടിയുന്നതും പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.