മഴക്ക് ശമനമില്ല; അറുതിയില്ലാ ദുരിതം..
text_fieldsതൃശൂർ: ബുധനാഴ്ച ഉച്ചവരെ ജില്ലയുടെ വിവിധ മേഖലകളിൽ മഴ കുറവായിരുന്നുവെങ്കിലും ഉച്ചക്കുശേഷം കനത്തു. കഴിഞ്ഞ ദിവസം ചേറ്റുവയിൽ കടലില്‍ കാണാതായ രണ്ടു മത്സ്യത്തൊഴിലാളികളെ കുറിച്ച് വിവരം ലഭിച്ചില്ല. കോസ്റ്റ് ഗാർഡ് ഹെലികോപ്ടറിൽ നടത്തിയ തിരച്ചിലിൽ രണ്ട് നോട്ടിക്കൽ മൈൽ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച ഉച്ചതിരിഞ്ഞ് കണ്ണമ്പത്തൂർ ഉഴിഞ്ഞാൽ പാടത്ത് മീൻ പിടിക്കാൻ പോകവെ കാണാതായ തൊറവ് വില്ലേജ് പുത്തൻപുരക്കൽ വർഗീസിന്‍റെ മകൻ ബാബുവിന്‍റെ (53) മൃതദേഹം കണ്ടെത്തി. അതിരപ്പിള്ളിയിൽ മഴവെള്ളപ്പാച്ചിലിന്‍റെ രൗദ്രതക്ക് മാറ്റമില്ല. ചാലക്കുടി പുഴക്ക് പുറമെ കുറുമാലി, കരുവന്നൂർ, മണലി പുഴകളിലും കനോലി കനാലും അടക്കം ജലസമൃദ്ധമാണ്.
കഴിഞ്ഞ ദിവസം തുറന്ന പത്തായക്കുണ്ട് അണക്കെട്ടല്ലാതെ ബാക്കിയുള്ളവ നിരീക്ഷണത്തിലാണ്. മഴ തിമിർപ്പ് കുറഞ്ഞുവെങ്കിലും ചാലക്കുടി പുഴയിലേക്ക് വനമേഖലയിൽ നിന്നുള്ള ജലപ്രവാഹം തുടരുകയാണ്. ജില്ലയിലെ മലയോര മേഖലയും ഭീതിയിലാണ്. കുന്നിൻചരിവിലെ കൃഷിയും മലമേഖലകളിലെ മനുഷ്യ ഇടപെടലുകളും ജില്ലയെ ദുരന്തമുഖത്ത് നിർത്തുകയാണ്.
നേരത്തേ സോയിൽ പൈപ്പിങ് അടക്കമുണ്ടായ മേഖലകളിലെ ജനവും ഭീതിയിലാണ്. വേലിയേറ്റം റിപ്പോർട്ട് ചെയ്യാത്തതിനാൽ കടൽക്ഷോഭം കുറവാണ്. അതേസമയം, തീരത്ത് പലയിടത്തും കനത്ത വെള്ളക്കെട്ടുണ്ട്. ചൊവ്വാഴ്ച സന്ധ്യയോടെ നൂൽമഴയിലേക്ക് രൂപമാറ്റം വന്നുവെങ്കിലും രാത്രിയോടെ മഴ നിലക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ ചെറിയ ശമനം ഉണ്ടായെങ്കിലും ദുരിതപ്പെയ്ത്തിന്‍റെ അലയൊലികൾക്ക് ശമനമായില്ല. ജില്ലയുടെ തീര, മല, ഇടനാടുകൾ ഇപ്പോഴും വെള്ളക്കെട്ടിലാണ്.
ഇടക്ക് സൂര്യൻ എത്തിനോക്കിയെങ്കിലും പകൽ മുഴുവൻ ആകാശം മേഘാവൃതമായതിനാൽ വെള്ളം വലിയാൻ തടസ്സം നേരിട്ടു. ഉച്ചക്കുശേഷം മഴ കനത്തതോടെ കാര്യങ്ങൾ കൂടുതൽ വഷളായി.
മലപ്പുറത്തോട് ചേർന്ന ചാവക്കാട് മേഖലയിൽ ബുധനാഴ്ചയും മഴ തിമിർത്തു. കനോലി കനാലിന്‍റെയും കുട്ടാടൻ അടക്കം പാടശേഖര മേഖലകളിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. വടക്കേക്കാട്ട് ഓടുമേഞ്ഞ വീട് ഭാഗികമായി തകർന്നു. വാടാനപ്പള്ളി മേഖലയിൽ ചെറിയ തോതിൽ മാത്രമാണ് മഴയുണ്ടായത്. വെള്ളക്കെട്ട് ഇവിടെയും ദുരിതം തീർക്കുകയാണ്. ചെന്ത്രാപ്പിന്നി വടക്കുകിഴക്കൻ മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. പെരിഞ്ഞനം ഭാഗത്ത് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന എൺപതോളം പേർക്ക് വീടുകളിലേക്ക് തിരിച്ചുവരാനായില്ല. മലവെള്ളപ്പാച്ചിലിൽ തടികൾ ഉൾപ്പെടെ സാധനങ്ങൾ കായലിലൂടെ ഒഴുകി വരുന്നതിനാൽ അഴീക്കോട് -മുനമ്പം ജങ്കാർ സർവിസ് നിർത്തിവെച്ചു. അഴീക്കോട് മുതൽ ചാമക്കാല വരെ തീരമേഖലയിൽ കടൽക്ഷോഭം റിപ്പോർട്ട് ചെയ്തിട്ടില്ല.
മഴമൂലം കഴിഞ്ഞ 24 മണിക്കൂറില്‍ ഭാഗികമായി 13 വീടുകള്‍ തകര്‍ന്നു. ചാവക്കാട് ആറ്, തൃശൂര്‍ മൂന്ന്, കൊടുങ്ങല്ലൂര്‍ രണ്ട്, മുകുന്ദപുരത്തും ചാലക്കുടിയിലും ഓരോന്നുവീതം വീടുകള്‍ തകര്‍ന്നു. ജില്ലയിലെ നാല് താലൂക്കുകളിലെ 37 ക്യാമ്പുകളിൽ 444 കുടുംബങ്ങളിലായി 1451 പേരുണ്ട്. വെള്ളാങ്കല്ലൂർ പഞ്ചായത്ത് മുസാഫരിക്കുന്നിൽ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 16 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും ആറു കുടുംബങ്ങളെ മുസാഫരിക്കുന്ന് മദ്റസ ഹാളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്കുമാണ് മാറ്റിയത്. വെള്ളക്കെട്ടു മൂലം കുണ്ടൂർ മൈത്രപ്രദേശം ഒറ്റപ്പെട്ടു. കുണ്ടൂർ യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് 12 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.