അതിരപ്പിള്ളി മേഖലയിൽ അതിതീവ്ര മഴ; അമ്പലപ്പാറയിൽ റോഡ് കൂടുതൽ ഇടിഞ്ഞു
text_fieldsഅതിരപ്പിള്ളി: മേഖലയിൽ പെയ്ത അതിതീവ്ര മഴയെ തുടർന്ന് അമ്പലപ്പാറയിൽ റോഡ് കൂടുതൽ ഇടിഞ്ഞു. ആനമല അന്തർ സംസ്ഥാന പാതയിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ശനിയാഴ്ച വൈകീട്ട് യാത്രക്കാരുമായി മലക്കപ്പാറയിലേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസ് അമ്പലപ്പാറയിൽ സർവിസ് നിർത്തി. രാത്രി ഷോളയാർ പവർഹൗസിൽ യാത്രക്കാരുമായി ബസ് തങ്ങുകയായിരുന്നു.
മലക്കപ്പാറ റോഡ് പലയിടത്തായി ഇടിച്ചിൽ ഭീഷണിയിലാണ്. അതിവൃഷ്ടിയെ തുടർന്ന് കഴിഞ്ഞ മാസം 14നാണ് അമ്പലപ്പാറയിൽ റോഡിന്റെ വശം ആദ്യമായി ഇടിഞ്ഞത്. തുടർന്ന് ഗതാഗതം നിയന്ത്രിച്ചിരുന്നു. തിങ്കളാഴ്ച മുതൽ റോഡ് നിർമിക്കുന്നതിനായി 15 ദിവസത്തേക്ക് ഗതാഗതം നിരോധിച്ചിരിക്കെയാണ് വീണ്ടും ഇടിഞ്ഞത്. അതിതീവ്ര മഴയിൽ അതിരപ്പിള്ളിക്ക് പുറമെ ചാലക്കുടി മണ്ഡലത്തിലെ മറ്റു ചിലയിടങ്ങളിലും റോഡിന് കേടുപാട് സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം അതിരപ്പിള്ളിയിൽ 242.9 എം.എം, വെറ്റിലപ്പാറയിൽ 194.4 എം.എം എന്നിങ്ങനെ ഉയർന്ന അളവിൽ മഴ പെയ്തിരുന്നു. ഇത് തികച്ചും അസാധാരണമാണ്. ഇത്രയും അതിതീവ്ര മഴ ഈ മേഖലയിൽ രേഖപ്പെടുത്തപ്പെട്ടത് 2018ലെ പ്രളയകാലത്താണ്. പരിയാരത്ത് 110 എം.എം, കാടുകുറ്റി 120 എം.എം എന്നിങ്ങനെ മേഖലയിൽ കനത്ത തോതിൽ മഴ പെയ്തു. മറ്റു പഞ്ചായത്തുകളിൽ 100ൽ താഴെ എം.എം ആണ് മഴയുടെ തോത്.
തുലാവർഷം വന്നെത്തിയതോടെ ചാലക്കുടിയിലും പരിസരത്തും പ്രത്യേക പ്രദേശങ്ങളിൽ മാത്രം അതിതീവ്ര മഴ പെയ്യുന്നത് പ്രവണതയായിട്ടുണ്ട്. ചെറിയൊരു ചുറ്റുവട്ടത്ത് മാത്രം കനത്ത മഴ പെയ്യുകയാണ് ഇതിന്റെ പൊതു സ്വഭാവം. അതേസമയം, മറ്റു സമീപപ്രദേശങ്ങളിൽ മഴ നേരിയ തോതിൽ ചാറുകയോ പെയ്യാതിരിക്കുകയോ ചെയ്യും. അര മണിക്കൂറോ 20 മിനിറ്റോ ചുരുങ്ങിയ സമയത്താവും പെയ്തു തോരുന്നത്.
കുറച്ചു ദിവസം മുമ്പ് ചാലക്കുടി സൗത്ത് ജങ്ഷനിലും മേലൂർ ജങ്ഷനിലും ഇത്തരത്തിൽ മഴ പെയ്തത് ഭീതി പരത്തിയിരുന്നു. റോഡിൽ വലിയ വെള്ളക്കെട്ട് രൂപം കൊള്ളുകയും ഗതാഗതത്തിന് തടസ്സമുണ്ടാകുകയും ചെയ്തു. പലയിടത്തും കഴിഞ്ഞ ദിവസങ്ങളിൽ സമാന രീതിയിൽ മഴ പെയ്തതായി റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.