പ്രദീപ് ഇനി ജ്വലിക്കുന്ന ഒാർമ; യാത്രയിലുടനീളം ആദരാഞ്ജലി അര്‍പ്പിച്ച് ജനക്കൂട്ടം
text_fieldsതൃശൂർ: ഡൽഹിയിൽനിന്ന് രാവിലെ 11ഓടെ സുലൂർ വ്യോമസേന താവളത്തിലെത്തിച്ച ഭൗതിക ശരീരം അവിടെ നിന്ന് റോഡ് മാർഗമാണ് തൃശൂരിലേക്ക് കൊണ്ടുവന്നത്. ആദരാഞ്ജലിയർപ്പിക്കാൻ ആയിരങ്ങളാണ് വഴിയരികിൽ കാത്തുനിന്നത്. ഭൗതിക ശരീരം എത്തും മുമ്പ് തന്നെ പ്രദീപ് പഠിച്ച പുത്തൂര്‍ സ്കൂളും പരിസരവും നിറഞ്ഞു കവിഞ്ഞിരുന്നു. കോവിഡ് മാനദണ്ഡങ്ങളെ കുറിച്ച് ആരും നിർദേശിച്ച് ബുദ്ധിമുട്ടേണ്ടി വന്നില്ല.
എല്ലാവരും അത് സ്വയം പാലിക്കുകയായിരുന്നു. ജില്ലക്കകത്തുനിന്നും പുറത്തുനിന്നും വീട്ടമ്മമാരും പൊതുപ്രവർത്തകരും ഉള്‍പ്പെടെ നിരവധി പേര് സ്കൂള്‍ പരിസരത്ത് എത്തിയിരുന്നു. കമീഷണർ ആർ. ആദിത്യയുടെയും അസി. കമീഷണർ വി.കെ. രാജുവിെൻറയും നേതൃത്വത്തിൽ സുരക്ഷയൊരുക്കാൻ വലിയ പൊലീസ് സന്നാഹം തന്നെ ഉണ്ടായിരുന്നു.
2.45ന് പുത്തൂര്‍ സ്കൂളിലെത്തിച്ച മൃതദേഹത്തിന് വ്യോമസേനയുടെയും കേരള പൊലീസിെൻറയും ഗാര്‍ഡ് ഒഫ് ഒാണര്‍ നല്കി പൊതു ദര്‍ശനത്തിനായി ഹാളിലേക്ക് മാറ്റി. 3.45ന് മൃതദേഹം വീട്ടിലേക്ക് എടുക്കുമ്പോഴും സ്കൂളിൽ പൊതുദർശനത്തിനുള്ള നീണ്ട വരി അവസാനിച്ചിരുന്നില്ല. സമയക്രമം പാലിക്കേണ്ടതിനാൽ കൂടുതൽ സമയം വെക്കാനാവില്ലെന്ന് ചുമതലയുണ്ടായിരുന്നവർ അറിയിച്ചു.
ഇവിടെ നിന്നും പ്രത്യേകമായി അലങ്കരിച്ച സൈനിക വാഹനത്തിലാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
ആദ്യം മന്ത്രിമാരുടെ വാഹനവും തൊട്ടു പിന്നിൽ സൈനിക വാഹനവും. ആദ്യം വീട്ടുമുറ്റത്താണ് പൊതുദർശനം തീരുമാനിച്ചതെങ്കിലും പിന്നീട് സമീപത്തേക്കായി മാറ്റേണ്ടി വന്നു. ഇവിടെയും ആയിരങ്ങളാണ് അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയത്.
ആ പതാകയും യൂനിഫോമും ഇനി വീടിന് കരുത്താകും
വീടിന് അകത്തേക്ക് കടക്കുമ്പോൾ ആദ്യം കാണുക നീല നിറമുള്ള ഷർട്ടും കറുപ്പ് പാൻറ്സും തൊപ്പിയുമാണ്. പ്രദീപിെൻറ യൂനിഫോം. അവ ഇനി വീടിനും നാടിനും കരുതലും കരുത്തുമായി പൊന്നൂക്കരയിലെ അറക്കൽ വീട്ടിലുണ്ടാവും. ശനിയാഴ്ച പ്രദീപിെൻറ ഭൗതിക ശരീരം നാട്ടിലെത്തിച്ചപ്പോൾ ചീഫ് എയര്‍ഫോഴ്സ് മാര്‍ഷല്‍ ബി.വി. ഉപാധ്യായയാണ് യൂനിഫോമും മെഡലുകളും മൃതദേഹം അടക്കം ചെയ്ത ബോക്സിൽ പുതപ്പിച്ചിരുന്ന ദേശീയപതാകയും ഭാര്യ ശ്രീലക്ഷ്മിക്ക് കൈമാറിയത്.
ഉള്ളിലെ ആർത്തലക്കുന്ന കടൽ ചങ്ക് പൊട്ടി പുറത്ത് വരുമെന്ന് തോന്നിച്ചുവെങ്കിലും പുറത്തുകാണിക്കാതെ ശ്രീലക്ഷ്മി പ്രിയപ്പെട്ടവെൻറ യൂനിഫോം ഏറ്റുവാങ്ങി മാറോടണച്ചു. അരികിൽ ഒന്നുമറിയാത്ത രണ്ട് കുരുന്നുകളും പ്രായമായ അമ്മയും ശ്വാസമെടുക്കാൻ പ്രയാസപ്പെട്ട് കിടക്കുന്ന അച്ഛനും. ഹൃദയഭേദകമായിരുന്നു കാഴ്ചകൾ. കൂടിനിന്നവർ ഉള്ളുപൊട്ടിവീഴാതിരിക്കാൻ ഏറെ പണിപ്പെട്ടു. പ്രദീപ് സൈന്യത്തിലാണെന്നത് കുടുംബത്തിെൻറ കരുത്തായിരുന്നു. ഇനി ആ യൂനിഫോം ഇവർക്ക് കരുതലാണ്.
പ്രദീപിെൻറ വിയോഗം പിതാവ് അറിഞ്ഞത് മൃതദേഹം വീട്ടിലെത്തുന്നതിന് തൊട്ടുമുമ്പ്
തൃശൂർ: സൈനികൻ എ. പ്രദീപിെൻറ മരണ വിവരം അച്ഛൻ രാധാകൃഷ്ണനെ അറിയിച്ചത് മൃതദേഹം വീട്ടിലെത്തിക്കുന്നതിന് തൊട്ടുമുമ്പ് മാത്രം. ശ്വസന യന്ത്രത്തിെൻറ സഹായത്താൽ ജീവൻ നിലനിർത്തിയിരിക്കുന്ന രാധാകൃഷ്ണൻ വീട്ടിൽ തന്നെയാണ് ചികിത്സയിലുള്ളത്. രണ്ടുദിവസം മുമ്പ് ഹെലികോപ്ടർ അപകടത്തിൽ പ്രദീപ് മരിച്ച വിവരം അന്നുതന്നെ രാത്രിയിൽ വീട്ടുകാരെ അറിയിച്ചുവെങ്കിലും രാധാകൃഷ്ണനെ അറിയിച്ചില്ല. രണ്ടുദിവസവും പറയാതെ വീട്ടുകാർ പിടിച്ചുനടന്നു. ഇതിനിടെ വിവരമറിഞ്ഞ് വീട്ടിലേക്ക് വന്നിരുന്നവരെ അകത്തേക്ക് പ്രവേശിപ്പിക്കാതെയും മടക്കി. രണ്ട് ദിവസങ്ങളിലായി രാധാകൃഷ്ണൻ മകൻ പ്രദീപിനെക്കുറിച്ച് വീട്ടുകാരോട് ചോദിക്കുന്നുമുണ്ടായിരുന്നു. എന്തേ വിളിക്കാത്തതെന്ന് ഇടക്കിടെ ചോദിച്ചുവെങ്കിലും തിരക്കിലാവുമെന്ന ഒഴിവുകഴിവ് പറഞ്ഞ് മാറ്റിവെക്കുകയായിരുന്നു.
ശനിയാഴ്ച ഭൗതീക ശരീരം വീട്ടിലെത്തിക്കുന്നതിന് ആളുകളുടെ വരവ് കൂടിയതറിഞ്ഞ് എന്താണെന്ന് വീണ്ടും തിരക്കി. ഇതോടെ വിവരം അറിയിക്കാമെന്നായി. ഇതിനായി ഡോക്ടർമാരും ജനപ്രതിനിധികൾ, കലക്ടർ സൈനീകോദ്യോഗസ്ഥർ എന്നിവരുമടക്കം കൂടിയാലോചന നടത്തി. മുൻകരുതലായി രാധാകൃഷ്ണനെ ചികിത്സിക്കുന്ന ഡോക്ടറെ അരികിൽ നിർത്തിയാണ് വീട്ടുകാർ പ്രദീപ് നഷ്ടമായ വിവരം രാധാകൃഷ്ണനെ അറിയിച്ചത്. പെട്ടെന്നൊരു ഞെട്ടൽ പ്രകടിപ്പിച്ച രാധാകൃഷ്ണൻ തേങ്ങിക്കരഞ്ഞു. വീട്ടുകാരും ഡോക്ടറും ഏറെ നേരം ആശ്വസിപ്പിച്ചെങ്കിലും പിന്നെ രാധാകൃഷ്ണൻ ഒന്നും പ്രതികരിക്കാൻ കൂട്ടാക്കിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.