ഹൈകോടതി വിധി: തൃശൂർ കോർപറേഷൻ മാസ്റ്റർ പ്ലാൻ വീണ്ടും രാഷ്ട്രീയ ചർച്ചയിലേക്ക്
text_fieldsതൃശൂർ: ഇടവേളക്കു ശേഷം വീണ്ടും കോർപറേഷൻ മാസ്റ്റർ പ്ലാൻ രാഷ്ട്രീയ ചർച്ചക്ക്. മാസ്റ്റർ പ്ലാൻ വിഷയം കോടതി വ്യവഹാരത്തിലായിരുന്നതിനാൽ ചർച്ചയില്ലാതിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷം നൽകിയ ഹരജിയിൽ മാസ്റ്റർ പ്ലാൻ വിഷയം ചർച്ച ചെയ്യുന്നതിന് കൗൺസിൽ വിളിച്ചുചേർക്കാൻ നിർദേശിച്ച് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിലുൾപ്പെടെ ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കിയതാണ് കോർപറേഷൻ മാസ്റ്റർ പ്ലാൻ വിവാദം. സ്വരാജ് റൗണ്ടിൽനിന്ന് 150 മീറ്റർ വരെ പൈതൃകമേഖല മാറ്റം വരുത്തിയെന്നതായിരുന്നു പ്രധാന ആരോപണം. ഭൂ മാഫിയക്ക് വേണ്ടിയാണ് പൈതൃക സോണിൽ മാറ്റം വരുത്തിയെന്നതടക്കമുള്ളതാണ് ഇടതു മുന്നണിക്കും സി.പി.എമ്മിനും നേരെ കോൺഗ്രസും ബി.ജെ.പിയും ഉന്നയിച്ചിരുന്ന ആരോപണം. വിഷയത്തിൽ കോർപറേഷനിലെ സമരം സംസ്ഥാന രാഷ്ട്രീയത്തിൽ പോലും ചർച്ച ചെയ്യാനിടയായിരുന്നു. അതേസമയം, ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും 2012 നവംബർ ആറിന് യു.ഡി.എഫ് ഭരണകാലത്ത് പ്രസിദ്ധീകരിച്ച കരട് മാസ്റ്റർപ്ലാനിൽ ഉൾക്കൊള്ളുന്ന ദിശകളല്ലാതെ പുതിയ ദിശകളൊന്നും അന്തിമ മാസ്റ്റർപ്ലാനിലില്ലെന്നുമാണ് ഇടതുമുന്നണിയുടെ വാദം.
കരട് മാസ്റ്റർ പ്ലാനിലുണ്ടായിരുന്ന 116 റോഡുകളുടെ വീതി കുറച്ചു. ഇതിന്‍റെ ഭാഗമായി ആയിരക്കണക്കിനാളുകൾക്ക് മരവിപ്പിച്ച ഭൂമിയിൽ ഇളവ് ലഭിച്ചു. 2012ലെ കരട് മാസ്റ്റർ പ്ലാനിൽ 'പാഡി'യായും നിലവിൽ ജനവാസ മേഖലകളുമായ പ്രദേശങ്ങൾ റെസിഡൻഷ്യൽ ആയി നിലനിർത്തി ജനങ്ങളെ സഹായിക്കുകയാണ് ചെയ്തതെന്നുമാണ് ഇടതുമുന്നണി വ്യക്തമാക്കിയത്. ഭൂമിയുടെ സ്വഭാവമനുസരിച്ച് മിക്സഡ് മേഖല, പൈതൃകം, സാംസ്കാരികം, സ്ഥാപന, വാണിജ്യ, ഗാർഹിക, പരിസ്ഥിതി ദുർബല, വ്യവസായ വാണിജ്യ സംയുക്ത, റിക്രിയേഷൻ, നെൽവയൽ, പബ്ലിക്, തോടുകൾ, കുളങ്ങൾ, കിണറുകൾ, ഗതാഗതം, കൃഷി സ്ഥലം (നെൽവയൽ ഒഴികെ) തുടങ്ങി 17 സോണുകളായാണ് തിരിച്ചത്.
2019 നവംബർ 26ന് മാസ്റ്റർ പ്ലാൻ കൗൺസിൽ അംഗീകരിച്ചു. യു.ഡി.എഫ് ഭരണകാലത്ത് തയാറാക്കിയ മാസ്റ്റർ പ്ലാനിൽ തേക്കിൻകാട് തകർത്ത് സ്വരാജ് റൗണ്ട് 36 മീറ്റർ വീതിയാക്കണമെന്നായിരുന്നു നിർദേശിച്ചത്. എന്നാൽ, എൽ.ഡി.എഫ് കൗൺസിൽ 22 മീറ്ററാക്കി നിലനിർത്തി ഭേദഗതി വരുത്തുകയായിരുന്നുവെന്നും ഇടതുമുന്നണി പറയുന്നു. അതേസമയം, പൈതൃക സോൺ വിവാദത്തിൽ മാസ്റ്റർ പ്ലാൻ വീണ്ടും തൃശൂരിൽ കോർപറേഷൻ ഭരണത്തിലും രാഷ്ട്രീയ തലത്തിലും സജീവ ചർച്ചയാകും.
ഇടതുമുന്നണിക്കെതിരെ അവിശ്വാസം കൊണ്ടുവന്നിട്ട് അധികം നാളായിട്ടില്ലെന്നതിനാൽ അത്തരം നീക്കങ്ങളിലേക്ക് പ്രതിപക്ഷം കടക്കില്ല. എന്നാൽ, കുടിവെള്ളമടക്കമുള്ള വിഷയത്തിൽ നിലവിൽ ചേംബർ ഉപരോധിച്ചുള്ള സമരത്തിലുള്ള കോൺഗ്രസ് കഴിഞ്ഞ ദിവസം മുതൽ സമരം കടുപ്പിക്കുകയാണ്. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ പ്രത്യേക കൗൺസിൽ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകുമെന്ന് പ്രതിപക്ഷ നേതാക്കൾ അറിയിച്ചു.
കോടതി വിധി സി.പി.എമ്മിനേറ്റ വൻ തിരിച്ചടിയെന്ന്
തൃശൂർ: മാസ്റ്റർപ്ലാൻ വിഷയത്തിൽ വീണ്ടും കോർപറേഷൻ കൗൺസിൽ വിളിച്ചുചേർക്കണമെന്ന ഹൈകോടതി വിധി സി.പി.എം ഭരണസമിതിക്ക് ഏറ്റ വൻ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാക്കളായ രാജൻ പല്ലൻ, ജോൺ ഡാനിയൽ എന്നിവർ പറഞ്ഞു. ഹൈകോടതിയിൽ നിന്നുമുണ്ടായിരിക്കുന്നത് കേവലമൊരു വിധി മാത്രമല്ല.
ജനാധിപത്യത്തെ വെല്ലുവിളിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ്. മൂന്നിലൊന്ന് അംഗങ്ങൾ ഒപ്പുവെച്ച് കൗൺസിൽ യോഗം വിളിച്ചുചേർക്കുന്നതിന് സഭാനാഥനായ മേയർക്കോ അഡ്മിനിസ്ട്രേഷൻ ചുമതലയുള്ള സെക്രട്ടറിക്കോ കത്തോ നിവേദനമോ നൽകിയാൽ അത് അനുവദിക്കണമെന്ന് നഗരസഭ ചട്ടംതന്നെ നിലനിൽക്കെ, രാജ്യത്ത് നിലനിൽക്കുന്ന ചട്ടങ്ങളെയും നിയമങ്ങളെയും നോക്കുകുത്തിയാക്കി തങ്ങൾ പറയുന്നതാണ് നിയമമെന്ന് വ്യാഖ്യാനിച്ച് ജനകീയാവശ്യങ്ങളെ അവഗണിക്കുന്ന മേയറും ഭരണസമിതിയും അപമാനകരമാണ്.
മാസ്റ്റർപ്ലാൻ വിഷയത്തിൽ ഭരണസമിതി തുടരുന്ന ഒളിച്ചുകളി അവസാനിപ്പിച്ച് പൊതുസമൂഹത്തിനോടും കൗൺസിലിനോടും മേയറും ഭരണസമിതിയും മാപ്പ് പറയണം. ജനാധിപത്യത്തെയും ജനപ്രതിനിധികളുടെ അവകാശത്തെയും നിഷേധിച്ച് ഏകാധിപത്യ നിലപാടുകൾ തുടരുന്ന ഇടത് ഭരണസമിതിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്ന് വ്യക്തമാക്കുന്നതാണ് കോടതിയുടെ വിധിയെന്നും ഇരുവരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.