ഹയർ സെക്കൻഡറി ചവിട്ടുനാടകം; വിധി നിർണയം കോടതി കയറുന്നു
text_fieldsതൃശൂർ: ജില്ല കലോത്സവത്തിന്റെ ഹയർ സെക്കൻഡറി വിഭാഗം ചവിട്ടുനാടകം മത്സര വിധി നിർണയം കോടതി കയറുന്നു. ആദ്യം ഒന്നാം സ്ഥാനക്കാരായി പ്രഖ്യാപിക്കുകയും പുനർ നിർണയത്തിൽ രണ്ടാം സ്ഥാനമാണെന്ന് പറയുകയും വെബ്സൈറ്റിൽ നാലാം സ്ഥാനമായി കാണിക്കുകയും ചെയ്തതിനെ തുടർന്ന് മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളാണ് ഹൈകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
കലോത്സവം ഓവറോൾ ചാമ്പ്യൻഷിപ്പ് ഈ സ്കൂളിനായിരുന്നു. സംഘാടക സമിതിയുടെ നിയമ സാധുതയില്ലാത്ത തീരുമാനതിനെതിരെയാണ് കോടതിയെ സമീപിക്കുന്നതെന്ന് പ്രിൻസിപ്പൽ എ.പി. ലാലി വാർത്തസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് മത്സരം നടന്നത്. ആറ് ടീമാണ് മത്സരിച്ചത്.
മതിലകം സ്കൂളിനാണ് ഒന്നാം സ്ഥാനം പ്രഖ്യാപിച്ചത്. എന്നാൽ, അർധരാത്രിയോടെ മത്സരം റദ്ദാക്കിയതായും സാങ്കേതിക പിഴവുകൾ പരിഹരിച്ച് പിറ്റേന്ന് രാവിലെ വീണ്ടും മത്സരം നടത്തുമെന്നും എ.ഇ.ഒ മുഖേന ഡി.ഡി.ഇ അറിയിച്ചു. കലോത്സവ മാന്വൽ പ്രകാരം പുനരവതരണവും പുനർ മൂല്യനിർണയവും പാടില്ലെന്ന് സ്കൂൾ അധികൃതരും പി.ടി.എയും അറിയിച്ചപ്പോൾ തക്ക പരിഹരം ഉണ്ടാകുമെന്ന് ഡി.ഡി.ഇ പറഞ്ഞു.
പിന്നീട്, ആറ് ടീമുകളെ വിളിച്ച് ചർച്ച ചെയ്ത് പുനർ മൂല്യനിർണയം നടത്താൻ തീരുമാനിച്ചു. ഫല പ്രഖ്യാപനം റദ്ദാക്കിയതിന് വ്യക്തതയില്ലാത്ത പല കാരണങ്ങളാണ് പറഞ്ഞത്. മറ്റാരോ നിയന്ത്രിക്കുന്നത് പോലെയായിരുന്നു നീക്കങ്ങൾ. വിഡിയോ കണ്ട് പുനർമൂല്യനിർണയം നടത്തിയെന്ന് അവകാശപ്പെട്ടാണ് മതിലകം സ്കൂളിന് രണ്ടാം സ്ഥാനമാണെന്ന് അറിയിച്ചത്.
വെബ് സൈറ്റിൽ അത് നാലാം സ്ഥാനവുമായി. തങ്ങൾ അപ്പീലിന് പോകുന്നില്ലെന്നും കോടതിയെ സമീപിക്കാനുള്ള തീരുമാനം മത്സരിച്ച വിദ്യാർഥികളോട് നീതി പുലർത്താനാണെന്നും പ്രിൻസിപ്പൽ പറഞ്ഞു. കെ.വൈ. അസീസ്, കെ.ജെ. ഷിബു, ഇ.ബി. അഷ്മിൻ, കെ.പി. ഗ്രേസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.