Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാത 66 വികസനം:...

ദേശീയപാത 66 വികസനം: ഭൂമി വിട്ടുകൊടുത്തവർ വലയുന്നു

text_fields
bookmark_border
highway construction
cancel

തൃശൂർ: കൊടുങ്ങല്ലൂർ മേത്തല മുതല്‍ ചാവക്കാട് കടിക്കാടുവരെ ജില്ലയിലെ തീരമേഖലയിലെ ദേശീയപാത 66 വികസനപ്രവർത്തനങ്ങൾ ഇഴയുന്നു. 63.5 കി.മീറ്ററിൽ പാത വികസനത്തിന് ഭൂമി വിട്ടുകൊടുത്തവരിൽ നിരവധി പേർക്ക് ഇനിയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.

ഭൂമി ഏറ്റെടുക്കാനുള്ള കേന്ദ്രസർക്കാറിന്റെ മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയും വികലമാക്കിയുമാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. വിവിധ വില്ലേജുകളിൽ ഭൂവിലയിലെ അന്തരം പ്രകടമാണ്. ദേശീയപാതയോരത്തെ സ്ഥലത്തിനുപോലും കുറഞ്ഞ വില നൽകിയ പ്രദേശങ്ങളും ഏറെ. ഒരുഭാഗത്ത് പൊളി തുടങ്ങിയെങ്കിലും കേസും ആർബിട്രേഷനുമൊക്കെയായി ജനം കലക്ടറേറ്റും കൊടുങ്ങല്ലൂരിലെ എൻ.എച്ച് ഭൂമി ഏറ്റെടുക്കൽ കര്യാലയവും കയറിയിറങ്ങുകയാണ്.

പുനരധിവാസം സംബന്ധിച്ച കാര്യത്തിൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. വ്യാപാരികളുടെ പ്രശ്നവും പരിഹരിക്കാതെ സങ്കീർണമായി തുടരുകയാണ്. നേരത്തേ ഭൂമി വിട്ടുകൊടുക്കാൻ ജനത്തെ പ്രോത്സാഹിപ്പിച്ച ജനപ്രതിനിധികളെ ഈ മേഖലയിൽ കാണാനുമില്ല.

ഭൂവില പലതരം

ഭൂമി വിട്ടുകൊടുത്തവർക്ക് വിപണി വിലയാണ് ഓഫർ ചെയ്തതെങ്കിലും ദേശീയപാതയോരത്തുതന്നെ വിവിധ വില്ലേജുകളിൽ വിലയിൽ അന്തരം പ്രകടമാണ്. ചാവക്കാട് മേഖലയിൽ എടക്കഴിയൂർ, പുന്നയൂർ, കടിക്കാട്, കടപ്പുറം ഭാഗങ്ങളിൽ പാതയോര ഭൂമിക്കുതന്നെ തുലോം കുറവാണ് വില. ഇതിനൊപ്പം വിവിധ വില്ലേജുകളിൽ പ്രകടമായ വിലയിലെ അന്തരം അസമത്വം സൃഷ്ടിക്കുന്നതാണ്.

വിവിധ മേഖലകളിൽ രജിസ്റ്റർ ചെയ്ത കൂടിയ വിലയെ ആധാരമാക്കിയാണ് വിലനിർണയമെന്നാണ് അധികൃതരുടെ വാദം. വലിയ തോതിൽ പണം ലഭിച്ചവർ ഒരുഭാഗത്തും അർഹതയുണ്ടായിട്ടും ഭൂമിമൂല്യത്തിന് അനുസരിച്ച വില ലഭിക്കാത്തവർ മറുഭാഗത്തുമുണ്ട്.

ആർബിട്രേഷൻ പ്രഹസനം

വിലയിലെ മാറ്റം സംബന്ധിച്ച് ഭൂവുടമകൾ നൽകുന്ന പരാതികളിൽ അനുകൂല നിലപാട് വിരളമാണ്. ഭൂവിലയടക്കം പ്രശ്നങ്ങൾ പരിഹരിക്കാൻ കലക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന ആർബിട്രേഷൻ നടപടികൾ പ്രഹസനമാണെന്ന വാദം സജീവമാണ്. വില നിർണയിച്ച് വർഷങ്ങൾക്കുശേഷമാണ് തുക നൽകുന്നത്.

അതിനാൽ നൽകുന്ന സമയത്തെ വിലയിലെ മാറ്റം കാണാതെ പോകുകയാണ്. വീടും കെട്ടിടവും പൊളിക്കുന്നതിന് ആറുശതമാനം തുക പിടിച്ചെടുക്കുന്നതായും ആക്ഷേപമുണ്ട്.

വ്യാപാര സ്ഥാപനങ്ങൾക്ക് നഷ്ടപരിഹാരം പറയുമ്പോഴും അസംഘടിത സ്ഥാപനങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിൽനിന്ന് ഉദ്യോഗസ്ഥർ പിന്നാക്കം പോവുകയാണ്. ബാങ്ക്, ട്യൂഷൻ സെന്ററുകൾ, ഒറ്റപ്പെട്ട കടകൾ എന്നിവയെ നഷ്ടപരിഹാരത്തിൽനിന്ന് ഒഴിവാക്കുന്ന പ്രവണതയുണ്ട്.

തീർപ്പാക്കാൻ 3998 കേസ്

12,770 ഭൂമി ഏറ്റെടുക്കൽ കേസാണ് കൊടുങ്ങല്ലൂരിലെ ഓഫിസിലുള്ളത്. ഇതിൽ 8772 എണ്ണമാണ് തീര്‍പ്പാക്കിയത്. ബാക്കി 3998 കേസിലായി 268.39 കോടി രൂപ ഭൂവുടമകള്‍ക്ക് കൊടുത്തുതീർക്കാനുണ്ട്. 163 ഹൈകോടതി കേസുകളും 2524 ആര്‍ബിട്രേഷന്‍ കേസുകളും തീര്‍പ്പാക്കാനുണ്ട്. വാണിജ്യസ്ഥാപനങ്ങള്‍ നിലവിലുണ്ടായിരുന്ന കേസുകളില്‍ പുനരധിവാസ പാക്കേജ് നടപ്പാക്കേണ്ട ചുമതലയും വേറെയുണ്ട്. വില്ലേജ് രേഖകളില്‍ മാറ്റംവരുത്തുന്ന ജോലികളും ഇഴയുകയാണ്.

അതിനിെടയാണ് കൊടുങ്ങല്ലൂരിലെ ഓഫിസുകളിലെ തസ്തികകൾ അശാസ്ത്രീയമായി കുറച്ചത്. 78 തസ്തികകളുണ്ടായിരുന്ന കൊടുങ്ങല്ലൂരിലെ അഞ്ച് ലാൻഡ് അക്വിസിഷന്‍ ഓഫിസുകളെ ഒന്നാക്കി ചുരുക്കി 39 തസ്തികയാണ് അനുവദിച്ചത്. അതുകൊണ്ടുതന്നെ ജനം ഇനിയും ഓഫിസുകൾ കയറിയിറങ്ങേണ്ട ഗതികേട് കൂടുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:developmentNational Highway 66
News Summary - Highway 66 Development-Those who have given away land are in trouble
Next Story