മലയോര ഇക്കോ ടൂറിസം സ്വപ്നം കണ്ട് മറ്റത്തൂർ
text_fieldsമറ്റത്തൂര്‍ (തൃശൂർ): ശാന്തസുന്ദരമായ താഴ്വാരങ്ങളും പ്രകൃതി വിസ്മയങ്ങളായ പാറക്കെട്ടുകളും നിറഞ്ഞ മറ്റത്തൂരിെൻറ മലയോര പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ഇക്കോ ടൂറിസം പദ്ധതി ആവശ്യം എങ്ങുമെത്തിയില്ല. പ്രകൃതി ഭംഗിയും വാമൊഴിക്കഥകളും കൈകോര്‍ത്തുനില്‍ക്കുന്ന മനോഹര കാഴ്ചകള്‍ക്ക് സഞ്ചാരികള്‍ക്ക് തുറന്നു കിട്ടാന്‍ ജനപ്രതിനിധികളും വനംവകുപ്പും കനിയണം. മറ്റത്തൂരിലെ പ്രാദേശിക വിനോദ സഞ്ചാരകേന്ദ്രമായ കുഞ്ഞാലിപ്പാറയും വെള്ളിക്കുളങ്ങരയിലെ പ്രകൃതിവിസ്മയമായ കോഴിമുട്ടപ്പാറയും നാഗത്താന്‍പാറയും ശ്രീകൃഷ്ണപാറയും ചൊക്കന തോട്ടം മേഖലയിലെ ആട്ടുപാലങ്ങളും ഉള്‍പ്പെടുത്തിയ ഒരു ടൂറിസം സര്‍ക്യൂട്ട് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇതില്‍ കോഴിമുട്ടപാറയും നാഗത്താന്‍പാറയും പോലുള്ള പ്രകൃതി വിസ്മയങ്ങള്‍ വനഭൂമിയിലായതിനാല്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് കാര്യമായി ഇടപെടാനാവില്ല. എന്നാല്‍ കുഞ്ഞാലിപ്പാറ, ചൊക്കന എന്നിവിടങ്ങളില്‍ പ്രാദേശിക ടൂറിസം പദ്ധതികള്‍ നടപ്പാക്കാന്‍ ജനപ്രതിനിധികള്‍ മുന്കൈയെടുത്താലാവും. കുഞ്ഞാലിപ്പാറയില്‍ നാടന്‍കലകളുടെ സംരക്ഷണത്തിനായി കൂത്തമ്പലം സ്ഥാപിച്ച് പ്രാദേശിക വിനോദ സഞ്ചാരകേന്ദ്രമാക്കി മാറ്റാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ പദ്ധതി ആവിഷ്കരിച്ചിരുന്നു. എന്നാല്‍ പദ്ധതി നടപ്പാകാതെ പോയി.
ആകെ വിസ്തൃതിയുടെ പകുതിയോളം വനഭൂമിയുള്ള മറ്റത്തൂര്‍ പഞ്ചായത്തില്‍ പരിസ്ഥിതിക്ക് കോട്ടം വരാത്ത രീതിയിലുള്ള ടൂറിസം പദ്ധതികള്‍ക്ക് വനംവകുപ്പിെൻറ സഹകരണത്തോടെ രൂപം നല്കിയാല് സഞ്ചാരികളേയും പ്രകൃതിസ്നേഹികളേയും ആകര്‍ഷിക്കാനാകും. കൊച്ചിന് ഫോറസ്റ്റ് ട്രാംവേയുടെ പാത പുനരുദ്ധരിച്ച് പറമ്പിക്കുളം വനത്തിലേക്ക് ട്രക്കിങ്, പക്ഷിനിരീക്ഷണയാത്ര എന്നിവ നടപ്പാക്കാനായാല്‍ വിദേശ ടൂറിസ്റ്റുകളെയടക്കം ആകര്‍ഷിക്കാം.
ബ്രിട്ടീഷ് ഭരണകാലത്ത് ഉണ്ടായിരുന്നതും അറുപതുകളുടെ തുടക്കത്തില്‍ നിര്‍ത്തലാക്കിയതുമായ കൊച്ചിന് ഫോറസ്റ്റ് ട്രാംവേയാണ് അനന്തമായ ടൂറിസം സാധ്യത തുറന്നു തരുന്നത്. ചാലക്കുടിയില്‍ നിന്ന് പറമ്പിക്കുളം വരെ 90 കിലോമീറ്ററോളം നീളത്തിലാണ് ട്രാംവേ ഉണ്ടായിരുന്നത്. ഇതില്‍ വെള്ളിക്കുളങ്ങര മുതല്‍ പറമ്പിക്കുളം വരെയുള്ള എഴുപതു കിലോമീറ്ററോളം വനത്തിലൂടെയായിരുന്നു ട്രാം വണ്ടികളുടെ യാത്ര. വനം വകുപ്പിെൻറ മേല്‍നോട്ടത്തില്‍ വെള്ളിക്കുളങ്ങര മുതല്‍ ആനപ്പാന്തം കാടുകള്‍ വരെ ട്രക്കിങ് നടത്താനുള്ള സംവിധാനമൊരുക്കാനാകും. പക്ഷിനിരീക്ഷകര്‍ക്കും ഇത് സഹായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.