പുന്നയൂർക്കുളത്ത് ബാക്കിയായ അച്ഛന്റെ വേര്; എം.ടിയുടെ കാർത്ത്യായനി ഓപ്പോയുടെ മക്കൾ
text_fieldsഎം.ടി വാസുദേവൻ നായർ പുന്നയൂർക്കുളത്തെത്തിയപ്പോൾ.
സമീപം ഇരിക്കുന്നത് കാർത്ത്യായനി ടീച്ചർ
പുന്നയൂർക്കുളം: എം.ടി ഒരർഥത്തിൽ പുന്നയൂർക്കുളത്തുകാരനാണ്. അദ്ദേഹത്തിന്റെ പിതാവ് ടി. നാരായണൻ നായർ ഈ നാട്ടുകാരനാണ്. മാതാവ് മാടത്ത് തെക്കോപ്പാട്ട് അമ്മാളുകുട്ടിയമ്മ കൂടല്ലൂർക്കാരി ആയതിനാലാണ് അദ്ദേഹം അവിടെ നിന്നത്. എന്നാൽ എം.ടിയുടെ ഓരോ വരവും അദ്ദേഹത്തിലെ അടക്കിപ്പിടിച്ച ബാല്യകാല ഓർമകളിലേക്കുള്ള യാത്രയുമായിരുന്നു.
ജന്മനാടായ കൂടല്ലൂരിൽ കിട്ടാത്ത സൗഭാഗ്യം തനിക്ക് അച്ചന്റെ തറവാട് സ്ഥിതി ചെയ്യുന്ന പുന്നയൂർക്കുളത്തുനിന്ന് ലഭിച്ചിട്ടുണ്ടെന്ന് 2014ൽ നാലാപ്പാടൻ പുരസ്കാരം ഏറ്റുവാങ്ങി അദ്ദേഹം പറഞ്ഞിരുന്നു. പുന്നയൂർക്കുളവുമായും വന്നേരിയുമായും ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ഓർമകളിൽ നാലാപ്പാട്ട് നാരായണ മേനോനും ബാലാമണിയമ്മയും കമലാദാസും കാട്ടുമാടം നാരായണനും അവിടെയുള്ള എഴുത്തുകാരനായ ഉണ്ണി നമ്പൂതിരിയുമുണ്ട്.
‘‘വന്നേരിയിലെ കാട്ടുമാടം മനയിലെ ക്ഷേത്രത്തിൽ തൊഴാൻ കാർത്ത്യായനി ഓപ്പു, ലക്ഷ്മിക്കുട്ടിയോപ്പു എന്നിവരൊക്കെ ഇടക്ക് പോകാറുണ്ട് എന്നും അറിയാം. പക്ഷേ, ഞാൻ ആഗ്രഹം ആരോടും പറയാതെ സ്വകാര്യമായിത്തന്നെ മനസ്സിൽവെച്ചു’’ എന്ന് കാട്ടുമാടത്തെകുറിച്ചുള്ള ഒരു ഓർമക്കുറിപ്പിൽ എം.ടി. പറയുന്നുണ്ട്.
എം.ടിയുടെ പിതാവിന്റെ വേരുകൾ ബാക്കിയായിരുന്നവരായിരുന്നു ഈ കാർത്ത്യായിനിയും ലക്ഷ്മിക്കുട്ടിയും. എം.ടിയുമായും അദ്ദേഹത്തിന്റെ സഹോദരങ്ങളുടെയും ജീവിതത്തിലെ പ്രധാനികളാണീ കുടുംബം.
കുന്നത്തൂരിൽ പിതാവ് ടി. നാരായണൻ നായരുടെ സഹോദരിയുടെ മക്കളാണിവർ. വിദ്യാർഥി കാലത്ത് എം.ടിക്കൊപ്പം കൂടല്ലൂരിലാണ് കാർത്ത്യായനി പഠിച്ചത്. പിന്നീട് വന്നേരി സ്കൂളിൽ അധ്യാപികയായി വിരമിച്ച ടീച്ചർ മൂന്നുവർഷം മുമ്പാണ് മരിച്ചത്. മരിക്കുന്നത് വരെ എം.ടിയുമായി നല്ല ബന്ധമായിരുന്നു ഇവർക്ക്. പുന്നയൂർക്കുളത്ത് വന്നാൽ അമ്മയെ കാണാതെ പോകാറില്ലെന്ന് കാർത്ത്യായിനി ടീച്ചറുടെ മകൻ തെണ്ടിയത്ത് കൃഷ്ണദാസ് ഓർക്കുന്നു. എം.ടിയുടെ പിതാന്റെ കുടുംബത്തിൽ പുന്നയൂർക്കുളത്ത് ബാക്കി ഇപ്പോഴുള്ളത് തെണ്ടിയത്ത് കൃഷ്ണദാസ് മാസ്റ്ററാണ്.
എം.ടിയുടെ പിതാവ് നാരായണൻ നായർ തറവാട്ടു പേര് തെണ്ടിയത്ത് എന്നാണ്. നാരായണൻ നായരുടെ സഹോദരിമാരിൽ മീനാക്ഷിയമ്മയുടെ മകൾ എഴുത്തുകാരി കാർത്യാനി ടീച്ചറെ പലർക്കുമറിയാം. 2021ലാണ് ടീച്ചർ മരിച്ചത്. ‘മെഴുക് തിരിപോലെ’ തുടങ്ങി നിരവധി ഗ്രന്ഥങ്ങളുണ്ട് അവരുടേതായി.
ടീച്ചറുടെ രണ്ടാമത്തെ മകനാണ് കൃഷ്ണദാസ്. വന്നേരി സ്കൂളിൽ അധ്യാപകനായിരുന്ന കൃഷ്ണദാസ് അടുത്തയിടെയാണ് വിരമിച്ചത്.എം.ടിയുടെ പിതാവിന് രണ്ട് സഹേദരിമാരാണ്. കാർത്യായനി ടീച്ചറുടെ മാതാവ് മീനാക്ഷിയമ്മയും, ലക്ഷ്മിക്കുട്ടിയമ്മയും. കാർത്യായനി ടീച്ചറുടെ സഹോദരി മാധവിക്കുട്ടിയമ്മയെയാണ് എം.ടിയുടെ മൂത്തസഹോദരൻ എം.ടി ഗോവിന്ദൻ നായർ വിവാഹം ചെയ്തിട്ടുള്ളത്. ഈ ദമ്പതികളുടെ രണ്ട് മക്കളായിരുന്നു അടുത്തകാലം വരെ അച്ചന്റെ തറാട്ടിലുണ്ടായിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.