ഹണി ട്രാപ്പ്; ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിൽ
text_fieldsമതിലകം: മതിലകത്ത് രണ്ടു യുവാക്കളെ ഹണിട്രാപ്പിൽപെടുത്തി തട്ടിക്കൊണ്ടുപോയി പണംതട്ടാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മൂന്നു പ്രതികളെക്കൂടി മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം കൂരിക്കുഴി തിണ്ടിക്കൽ ഹസീബ് (27), പെരിഞ്ഞനം പള്ളിവളവ് തേരുപറമ്പിൽ പ്രിൻസ് (23), കണ്ടശംകടവ് കാരമുക്ക് സ്വദേശി ഒളാട്ട് വീട്ടിൽ ബിനു (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ബംഗളൂരുവിൽനിന്ന് പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.
തൃശൂർ പൂങ്കുന്നം സ്വദേശിയായ യുവാവിനെയും ഇയാളുടെ സുഹൃത്തിനെയുമാണ് തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുക്കാൻ ശ്രമിച്ചത്. ഗൾഫിൽനിന്നെത്തി ദിവസങ്ങൾക്കകമാണ് യുവാവ് ഹണിട്രാപ്പിൽപെട്ടത്. ഒക്ടോബർ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ഓൺലൈൻ ആപ്പിലൂടെ യുവതിയുടെ പേരിൽ വ്യാജ ഐഡി ഉണ്ടാക്കി ചാറ്റ് ചെയ്താണ് സംഘം യുവാക്കളെ മതിലകത്തേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയത്.
രാത്രി മതിലകം പടിഞ്ഞാറ് ചിറയിൽ റോഡിൽവെച്ച് മർദിച്ച് ഭീഷണിപ്പെടുത്തി കാറിൽ കയറ്റി കൂരിക്കുഴി ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു. പണവും ഫോണും തട്ടിയെടുത്ത് യുവാക്കളെ ഇറക്കിവിട്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് വേഗത്തിലും സമർഥവുമായി നടത്തിയ നീക്കങ്ങളിലൂടെ സംഘത്തിലെ രണ്ടു പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടിയിരുന്നു. രക്ഷപ്പെട്ട മൂന്നുപേർ കൊടൈക്കനാൽ, ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽ മാറിമാറി താമസിച്ചുവരുകയായിരുന്നു.
അറസ്റ്റിലായ ഹസീബിന് മതിലകം, കയ്പമംഗലം, വലപ്പാട്, കാളിയാർ സ്റ്റേഷനുകളിലായി 15ഓളം കേസുകളുണ്ട്. പ്രിൻസിന് കാട്ടൂർ, പുത്തൻകുരിശ് എന്നിവിടങ്ങളിലായി രണ്ടും ബിനുവിന് വാടാനപ്പള്ളി, വലപ്പാട് സ്റ്റേഷനുകളിലായി മൂന്നും കേസുകളുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി. താമസിയാതെ തിരിച്ചറിയൽ പരേഡ് നടത്തും. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി വി.കെ. രാജുവിന്റെ നേതൃത്വത്തിൽ മതിലകം ഇൻസ്പെക്ടർ എം.കെ. ഷാജി, എസ്.ഐമാരായ രമ്യ കാർത്തികേയൻ, മുഹമ്മദ് റാഫി, എ.എസ്.ഐ പ്രജീഷ്, സി.പി.ഒമാരായ ഷിഹാബ്, ആന്റണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.