കുതിരാൻ തുരങ്കത്തിൽ വൻ കഞ്ചാവ് വേട്ട; കാറിൽ കടത്തിയ 50 കിലോയുമായി നാലുപേർ പിടിയിൽ
text_fieldsതൃശൂർ: കാറിൽ കടത്തുകയായിരുന്ന 50 കിലോ കഞ്ചാവ് കുതിരാൻ തുരങ്കത്തിൽ വെച്ച് പീച്ചി പൊലീസ് പിടികൂടി. ഒഡിഷ സ്വദേശി ഹരിയമുണ്ട (23), കോട്ടയം സ്വദേശികളായ മാഞ്ഞൂർ മണിമലകുന്നേൽ വീട്ടിൽ തോമസ് (42), അതിരമ്പുഴ മാങ്കിലേത്ത് വീട്ടിൽ ലിന്റോ (35), കോഴിക്കോട് സ്വദേശി കൊടുവള്ളി അങ്കമണ്ണിൽ വീട്ടിൽ അസറുദ്ദീൻ (22) എന്നിവരാണ് പിടിയിലായത്.
ജില്ല പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുലർച്ച നാലോടെ പീച്ചി സ്റ്റേഷൻ ഹൗസ് ഓഫിസർ പി.എം. രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ ഓപറേഷനിലാണ് കഞ്ചാവ് കടത്തുകാരെ വലയിലാക്കിയത്.
പാലക്കാട് ഭാഗത്തുനിന്ന് നാലു പേരടങ്ങുന്ന സംഘം കാറിൽ കഞ്ചാവുമായി വരുന്നു എന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതേ തുടർന്ന് ജീപ്പുമായി പൊലീസുകാരുടെ ഒരു സംഘം വാണിയംപാറയിൽവെച്ച് കാർ തടയാൻ ശ്രമിച്ചെങ്കിലും അവർ വെട്ടിച്ച് കടന്നുകളഞ്ഞു.
അതേസമയം പൊലീസിന്റെ മറ്റൊരു സംഘം ജീപ്പുമായി തുരങ്കത്തിന്റെ പടിഞ്ഞാറുഭാഗത്ത് നിലയുറപ്പിച്ചു. വാണിയംപാറയിൽ പൊലീസ് ജീപ്പിനെ വെട്ടിച്ചു കടന്ന കാറിനെ സ്റ്റേഷൻ ഹൗസ് ഓഫിസർ പി.എം. രതീഷ് പിന്തുടർന്നാണ് തുരങ്കത്തിൽ വെച്ച് പ്രതികളെ പിടികൂടിയത്.
എ.എസ്.ഐ പ്രിയ, സി.പി.ഒമാരായ റഷീദ്, സനിൽകുമാർ, തൃശൂർ സിറ്റി ഡാൻസാഫ് സ്ക്വാഡ് ടീം അംഗങ്ങളും എസ്.ഐമാരുമായ സുവ്രതകുമാർ, റാഫി, രാകേഷ്, ഗോപാലകൃഷ്ണൻ, എസ്.സി.പി.ഒ പളനിസ്വാമി, സി.പി.ഒ വിപിൻദാസ്, ശരത്ത്, ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ മനോജ്, സി.പി.ഒമാരായ ബിനോജ്, മനോജ്, എസ്.സി.പി.ഒ വിശാഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.