കൗതുകങ്ങളുമായി ചമയപ്പുര; പ്രദർശനം കാണാൻ വൻ തിരക്ക്
text_fieldsതൃശൂർ: വർണക്കാഴ്ചകളൊരുക്കി ചമയ പ്രദർശനത്തിന് തുടക്കം. പൂരം നാളിൽ ഭഗവതിമാരുടെ തിടമ്പേറ്റാനുള്ള കോലം, നെറ്റിപ്പട്ടം, ആലവട്ടം, വെഞ്ചാമരം, വിവിധ വർണങ്ങളിലുള്ള പട്ടുകുടകൾ, ആനകളുടെ ആടയാഭരണങ്ങൾ എന്നിവക്കു പുറമെ സ്‌പെഷൽ കുടകളും ഇരുവിഭാഗവും പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്.
തിരുവമ്പാടിയിൽ ബോധി വൃക്ഷച്ചുവട്ടിൽ ധ്യാനനിമഗ്നനായ ബുദ്ധനും ദൈവങ്ങളുടെ രൂപങ്ങളും തിരുപ്പതി വെങ്കിടേശ്വര മൂർത്തിയുടെ മാതൃകയും ആകർഷണീയമാണ്. നൂറിലേറെ വിവിധ വർണങ്ങളിലുള്ള കുടകളും 15 സെറ്റ് ആലവട്ടവും വെഞ്ചാമരവും കൗതുകക്കാഴ്ചയാണ്.
പാറമേക്കാവിൽ ഗാന്ധിയും സുഭാഷ് ചന്ദ്രബോസും ചന്ദ്രശേഖർ ആസാദും ചട്ടമ്പി സ്വാമികളും മന്നത്ത് പത്മനാഭനുമടക്കം മഹാരഥന്മാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത കുടകളുമുണ്ട്. മുഴുവൻ കൗതുകങ്ങളും ചമയ പ്രദർശനത്തിന് പുറത്തെടുത്തിട്ടില്ല. പൂരം നാളിൽ സായന്തനത്തിലാവും ഈ അത്ഭുതങ്ങളുടെ വർണക്കൂട തുറക്കുക.
ഇത്തവണ ആദ്യമായാണ് തിരുവമ്പാടി പ്രദർശനം രണ്ടു ദിവസമാക്കിയത്. ഞായറാഴ്ച രാവിലെ ആരംഭിച്ച പ്രദർശനം കാണാൻ ആയിരങ്ങളാണ് എത്തുന്നത്. തിങ്കളാഴ്ച അർധരാത്രി വരെയാണ് ചമയ പ്രദർശനം. തിരുവമ്പാടി വിഭാഗം കൗസ്തുഭം ഹാളിലും പാറമേക്കാവ് അഗ്രശാലയിലുമാണ് പ്രദർശനം.
തിരുവമ്പാടി ചമയ പ്രദർശനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ. രാജൻ, മേയർ എം.കെ. വർഗീസ്, പി. ബാലചന്ദ്രൻ എം.എൽ.എ, കൗൺസിലർ പൂർണിമ സുരേഷ്, ദേവസ്വം ഭാരവാഹികളായ പി. രാധകൃഷ്ണൻ, സി. വിജയൻ, രവി മേനോൻ, എം. ജയചന്ദ്രൻ എന്നിവർ സംബന്ധിച്ചു.
നടനും മുൻ എം.പിയുമായ സുരേഷ് ഗോപിയാണ് പാറമേക്കാവിന്റെ ചമയ പ്രദർശനം ഉദ്ഘാടനം ചെയ്തത്. പി. ബാലചന്ദ്രൻ എം.എൽ.എ, ഫാ. സന്തോഷ്, ദേവസ്വം പ്രസിഡന്‍റ് സതീഷ് മേനോൻ, ജി. രാജേഷ്, എ.സി.പി വി.കെ. രാജു തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.