പാസ്പോർട്ട് ഓഫിസിന് സമീപത്തെ വീട്ടിൽ വൻ തീപിടിത്തം
text_fieldsതൃശൂർ: പൂത്തോൾ പാസ്പോർട്ട് ഓഫിസിന് സമീപത്തെ വീട്ടിൽ വൻ തീപിടിത്തം. ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ ഇരുപത്തിയഞ്ചോളം പേര് താമസിച്ചിരുന്ന രണ്ട് നിലകൾ പൂർണമായി കത്തിനശിച്ചു. രാത്രി എട്ടുമണിയോടെയാണ് വീടിന്റെ മുകൾ നിലയിൽ തീ കണ്ടത്. 20 അംഗങ്ങളടങ്ങിയ അഗ്നിരക്ഷാസേന മൂന്നുമണിക്കൂര്‍ പരിശ്രമിച്ചാണ് തീയണച്ചത്.
അമ്പലത്ത് വീട്ടില്‍ ഒമര്‍ ഷരീഫിന്റെ വീടാണ് കത്തിയത്. ഗ്യാസ് കുറ്റി ഉള്‍പ്പെടെയുള്ളവ ഉണ്ടായിരുന്നെങ്കിലും സ്ഫോടനം ഒഴിവായി. അഗ്നിരക്ഷാസേന ഇവയെല്ലാം മാറ്റിയതിനാലാണ് ആർക്കും പരിക്കേൽക്കാതെ കൂടുതൽ അപകടം ഒഴിവായത്. ഇവിടെ താമസിച്ചിരുന്നവരുടെ കട്ടില്, കിടക്ക, ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവയെല്ലാം കത്തിനശിച്ചവയില്‍ പെടുന്നു. ചെറുകിട കച്ചവടക്കാർ ഉത്സവത്തിനും മറ്റുമായി കൊണ്ടുവന്ന വസ്തുക്കളും കത്തിനശിച്ചു.
പണവും ഇതിലുൾപ്പെടും. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം എന്നു കരുതുന്നു. മുകളിലത്തെ നിലകൾ ഷീറ്റ് കൊണ്ടാണ് മറച്ചിരുന്നത്. ഇത് തീ വേഗത്തിൽ പടരാൻ ഇടയാക്കി. തൃശൂരില്‍നിന്നും പുതുക്കാട്ടുനിന്നും അഗ്നിരക്ഷാസേന വാഹനങ്ങള്‍ എത്തിച്ചാണ് തീ കെടുത്തിയത്. അടുത്ത കെട്ടിടത്തില്‍ കയറിയാണ് തീ അണച്ചത്. സ്റ്റേഷന് ഓഫിസര്‍ കെ.യു. വിജയ് കൃഷ്ണ, അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസർമാരായ ഡി. ബല്‍റാം ബാബു, സുരേഷ് കുമാര്‍, ഗ്രേഡ് അസിസ്റ്റന്റ് ഓഫീസര്‍ ബാബുരാജ്, ഫയര്‍ ആന്റ് റസ്ക്യു ഓഫീസര്‍ സഞ്ജിത്ത്, ശ്യാം, അനന്തു, അബീഷ്, അനൂപ്, വിപിന്‍ബാബു, സുധീഷ് എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.