കുടിവെള്ളത്തിൽ കക്കൂസ് മാലിന്യം; ദുരിതക്കയത്തിൽ വയോധികനും കുടുംബവും
text_fieldsവടക്കാഞ്ചേരി: കുടിവെള്ളത്തിൽ കക്കൂസ് മാലിന്യം. പ്രതിസന്ധിയുടെ നിലയില്ലാക്കയത്തിൽ വയോധികനും കുടുംബവും. ഓട്ടുപാറ സ്വദേശി കുണ്ടുപറമ്പിൽ യൂസഫ് (76) ആണ് ദുരിതത്തിലായത്. വീടിനടുത്ത സ്വകാര്യവ്യക്തിയുടെ ഭക്ഷണശാലയോടു ചേർന്ന ശുചിമുറിയിൽനിന്നുള്ള മാലിന്യം മുഴുവൻ തന്റെ കിണറ്റിലേക്കാണ് എത്തുന്നതെന്ന് യൂസഫ് പറയുന്നു.
ദുർഗന്ധം വമിക്കുന്ന വെള്ളം പ്രാഥമിക ആവശ്യങ്ങൾക്കു പോലും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. വീടിനോട് ചേർന്ന കിണറിന്റെ പരിസരത്തുകൂടി മൂക്ക് പൊത്തി വേണം നടക്കാൻ. കക്കൂസ് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ സ്വകാര്യ ഹോട്ടൽ ഉടമ തയാറാകാത്തതാണ് തനിക്ക് പ്രതിസന്ധിയാകുന്നതെന്നും വയോധികൻ കുറ്റപ്പെടുത്തി.
വസ്ത്രങ്ങൾ അലക്കാൻ വരെ വെള്ളമില്ലാത്ത അവസ്ഥയാണ്. കുടിവെള്ളം വിലയ്ക്കുവാങ്ങേണ്ട സ്ഥിതിയാണ്. കിണറിന്റെ അവസ്ഥ കണ്ട് ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെയുള്ള വിരുന്നുകാർ വരെ വീട്ടിലേക്ക് വരവു കുറച്ചെന്നാണ് ഈ വയോധികന്റെ നൊമ്പര ഭാഷ്യം. വെള്ളം വിദഗ്ധ പരിശോധന നടത്തിയപ്പോൾ വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചേക്കുമെന്ന് മുന്നറിയിപ്പ് ലഭിച്ചതായും കുടുംബം വ്യക്തമാക്കി. അധികൃതരോട് നിരവധി തവണ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. കടുത്ത വേനലിലും വറ്റാത്ത പതിറ്റാണ്ടുകൾ പഴക്കമുള്ള കിണർ ഈ വേനലിൽ രണ്ടുതവണ വറ്റിച്ചു. പക്ഷേ, ഫലമുണ്ടായില്ല. ഉറവു വെള്ളത്തോടൊപ്പം കക്കൂസ് മാലിന്യവും വീണ്ടും നിറയുകയാണ്. കിണറ്റിൽ നിറയെ വെള്ളമുണ്ടെങ്കിലും ഒരു തുള്ളി പോലും ഉപയോഗിക്കാനാകാത്ത സ്ഥിതിയാണ്.
റീസർവേയിലൂടെ തനിക്ക് നഷ്ടപ്പെട്ട മൂന്ന് സെന്റ് ഭൂമിയും വീടും തിരിച്ചുപിടിക്കാനുള്ള വലിയ നിയമപോരാട്ടം നടത്തുന്ന യൂസഫ് മുമ്പ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. വർഷങ്ങൾക്ക് മുമ്പ് നടന്ന റീസർവേയുമായി ബന്ധപ്പെട്ട് ഉണ്ടായ നിയമനടപടികൾ മൂലം തന്റെ വീടും സ്ഥലവും ക്രയവിക്രയം ചെയ്യാനോ നികുതി അടക്കാനോ കഴിയുന്നില്ലെന്നും യൂസഫ് പറയുന്നു. അതിനിടെയാണ് കുടിവെള്ളവും മുട്ടി ദുരിതം ഇരട്ടിയാകുന്നത്. ഒരു തുള്ളി ദാഹജലം തങ്ങളുടെ സ്വന്തം കിണറ്റിൽനിന്ന് കുടിക്കാൻ കഴിയാത്തതിന്റെ വേദനയിലാണ് ഇദ്ദേഹവും കുടുംബവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.