'വന്യമൃഗങ്ങൾക്ക് നൽകുന്ന സുരക്ഷ മനുഷ്യർക്കും വേണം'
text_fieldsകൊടകര: ജീവനും സ്വത്തിനും ഭീഷണിയായി വന്യജീവികള്‍ ജനവാസ മേഖലയിലിറങ്ങുന്നതു മൂലം മലയോര മേഖലയിലുള്ളവർ നേരിടുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷന് അംഗം വി.കെ. ബീനാകുമാരി മറ്റത്തൂരില്‍ സന്ദര്‍ശനം നടത്തി. കോടാലിയിലുള്ള വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫിസില്‍ എത്തിയ കമീഷന് അംഗം കാട്ടാനശല്യമുള്ള മുപ്ലി, ഇഞ്ചക്കുണ്ട്, പരുന്തുപാറ, കല്ക്കുഴി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ജാഗ്രതസമിതി യോഗത്തില്‍വെച്ച് കര്‍ഷകരുടെയും ജനപ്രതിനിധികളുടെയും പരാതി കേട്ടു.
വന്യമൃഗങ്ങള്‍ക്കുള്ള സംരക്ഷണമെങ്കിലും ജനങ്ങള്‍ക്ക് നല്കാന് സര്‍ക്കാര്‍ തയാറാകമമെന്ന ആവശ്യമാണ് ഇഞ്ചക്കുണ്ട് പള്ളി വികാരി ഫാ. ഡെയ്സന്‍ കവലക്കാട്ട് കമീഷന് മുന്നില്‍ വെച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം എത്രയും വേഗം നല്‍കണമെന്ന് മലയോര കര്‍ഷക സമിതിയുടെ ചെയര്‍മാനും വരന്തരപ്പിള്ളി പഞ്ചായത്ത് മുന്‍ പ്രസിഡൻറുമായ ഇ.എ. ഓമന ആവശ്യപ്പെട്ടു. വന്യജീവികളുടെ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെടുകയോ കാര്‍ഷിക വിളകള്‍ നശിക്കുകയോ ചെയ്താല്‍ തുച്ഛമായ തുകയാണ് നഷ്ടപരിഹാരമായി ലഭിക്കുന്നതെന്ന് കര്‍ഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കെ.വി. ജോണി പറഞ്ഞു.
തെൻറ 14 ആടുകളെ ചെന്നായ ആക്രമിച്ചുകൊന്നപ്പോള് 7000 രൂപ മാത്രമാണ് നഷ്ടപരിഹാരമായി ലഭിച്ചതെന്ന് ജോണി കമീഷനോട് പരാതിപ്പെട്ടു. കാട്ടാനശല്യമുള്ള പ്രദേശങ്ങളില്‍ അടിയന്തരമായി തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ േനരേത്ത തീരുമാനമുണ്ടായെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് പഞ്ചായത്തംഗം ലിേൻറാ പള്ളിപ്പറമ്പന്‍ കമീഷനോട് പരാതിപ്പെട്ടു.
വനാതിര്‍ത്തിയിലുള്ള വെട്ടിമരങ്ങളുടെ തണലില്‍ കാട്ടാനകള്‍ തമ്പടിക്കുന്നതിനാല്‍ ഇവ വെട്ടിനീക്കാന്‍ നടപടി ഉണ്ടാകണമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം സദാശിവന് ആവശ്യപ്പെട്ടു. ജനവാസ മേഖലകളില്‍ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ ചിമ്മിനി വനത്തിലേക്ക് തുരത്താന്‍ നടപടി വേണമെന്നും ആവശ്യമുയര്‍ന്നു.
കാരിക്കടവ് മുതല്‍ മൈസൂര്‍ തോട്ടം വരെ നിലവിലുണ്ടായിരുന്ന ട്രഞ്ച് പുനരുദ്ധരിച്ചാല്‍ ഇപ്പോഴത്തെ വന്യജീവി ശല്യം ഒരളവോളം പരിഹരിക്കപ്പെടുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് അശ്വതി വിബി പറഞ്ഞു.
മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി കാട്ടാനകള്‍ കൂട്ടമായി ഹാരിസണ്‍ എസ്റ്റേറ്റുകളില്‍ വിഹരിക്കുകയാണെന്നും ഇവ കാട്ടിലേക്ക് മടങ്ങുന്നില്ലെന്നും ഹാരിസണ്‍ തോട്ടം അധികൃതര്‍ കമീഷനെ അറിയിച്ചു. അടുത്ത കാലത്ത് ഏഴോളം ആനകള്‍ എസ്റ്റേറ്റിനകത്ത് പ്രസവിച്ചതായും ഇവര്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് അശ്വതി വിബി, ജില്ല പഞ്ചായത്തംഗം സരിത രാജേഷ്, അംഗങ്ങളായ ലിേൻറാ പള്ളിപ്പറമ്പന്‍, എന്‍.പി. അഭിലാഷ്, ചിത്ര സുരാജ്, വരന്തരപ്പിള്ളി പഞ്ചായത്തംഗം റോസ് മേരി, വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ജോബിന് ജോസഫ്, ഇഞ്ചക്കുണ്ട് പള്ളി വികാരി ഫാ. ഡെയ്സന്‍ കവലക്കാട്ട്, മലയോര കര്‍ഷക സമിതി ചെയര്‍മാനും വരന്തരപ്പള്ളി പഞ്ചായത്ത് മുന്‍ പ്രസിഡൻറുമായ ഇ.എ. ഓമന, കെ.വി. ജോണി, ഹാരിസണ്‍ പ്ലാേൻറഷന്‍ സീനിയര്‍ മാനേജര്‍ ബെന്നി മാത്യു, പേഴ്സനല്‍ മാനേജര്‍ ബിജോ മാനുവേല്‍, വി.വി. പിയൂസ് എന്നിവര്‍ പങ്കെടുത്തു. പരാതികൾ കേൾക്കാനും പരിഹാര നടപടികള്‍ക്കുമായി നവംബർ അഞ്ചിന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്ന് മനുഷ്യാവകാശ കമീഷന് അംഗം വി.കെ. ബീനാകുമാരി അറിയിച്ചു.
കാട്ടാന ആക്രമണം; പാലപ്പിള്ളിയില്‍ കുടില്‍കെട്ടി സത്യഗ്രഹം തുടങ്ങി
ആമ്പല്ലൂര്‍: പാലപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഇരയായവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ആദിവാസി ബഹുജന ഐക്യവേദി പ്രവര്‍ത്തകര്‍ പാലപ്പിള്ളി പിള്ളത്തോടിന് സമീപത്ത് കുടില്‍കെട്ടി അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. മുന്‍ ജില്ല പഞ്ചായത്തംഗം ഇ.എ. ഓമന ഉദ്ഘാടനം ചെയ്തു.
ഐക്യവേദി ചെയര്മാന് ടി.കെ. മുകുന്ദന് അധ്യക്ഷത വഹിച്ചു. സി.പി.ഐ എം.എല്‍ റെഡ് സ്റ്റാര്‍ സംസ്ഥാന സമിതിയംഗം കെ.വി. പുരുഷോത്തമന്, എസ്.ഡി.പി.ഐ മണ്ഡലം സെക്രട്ടറി ഷിഹാബ് കറുമണ്ണില്‍, ഷിഹാബ് പെരുവാകുഴിയില്, എ.കെ. കുഞ്ഞുണ്ണി, എം.വി. അംബിക തുടങ്ങിയവര്‍ സംസാരിച്ചു.
സന്ദര്‍ശനം അറിയിക്കാത്തതില്‍ പ്രതിഷേധം
മറ്റത്തൂര്‍: പുലി, കാട്ടാന എന്നിവയടക്കമുള്ള വന്യജീവികളുടെ ശല്യം കൂടുതലായി അനുഭവപ്പെടുന്ന കൊടുങ്ങ വാര്‍ഡിലെ ജനങ്ങളെ മനുഷ്യാവകാശ കമീഷെൻറ സന്ദര്‍ശനം അറിയിക്കാതിരുന്നതില് പഞ്ചായത്തംഗം കെ.ആര്. ഔസേഫ് കമീഷനോട് പ്രതിഷേധം അറിയിച്ചു. ജാഗ്രത സമിതി യോഗത്തില്‍നിന്ന് ഔസേഫ് ഇറങ്ങിേപ്പായി. കെ.കെ. രാമചന്ദ്രന് എം.എല്‍.എയെ യോഗത്തെക്കുറിച്ച് അറയിക്കാതിരുന്നതില് ജില്ല പഞ്ചായത്തംഗം സരിത രാജേഷും പ്രതിഷേധം അറിയിച്ചു. എം.എല്‍.എയെ കൂടി പങ്കെടുപ്പിച്ച് ഒരുമാസത്തിനകം വീണ്ടും യോഗം വിളിക്കുമെന്ന് വി.കെ. ബീനാകുമാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.