ശുചിത്വത്തിന് പ്രാധാന്യം; കടമെടുത്ത് കുതിക്കാൻ തൃശൂർ കോർപറേഷൻ
text_fieldsതൃശൂർ: സംസ്ഥാന ബജറ്റിന്റെ ചുവടുപിടിച്ച് വരുമാന വർധനവിന്റെ സാധ്യതകൾ തേടിയും ശുചിത്വത്തിന് പ്രാധാന്യം നൽകിയും വികസനത്തിന് കടമെടുപ്പ് പ്രഖ്യാപിച്ചും തൃശൂർ കോർപറേഷൻ ബജറ്റ്. 845.66 കോടി വരവും 835.28 കോടി ചിലവും 10.38 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ഡെപ്യൂട്ടി മേയർ എം.എൽ. റോസി അവതരിപ്പിച്ച ബജറ്റ്.
‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം’ മുദ്രവാക്യം ഉയർത്തി ‘നമ്മുടെ നഗരം ശുചിത്വ നഗരം’ പദ്ധതിക്ക് 141.7 കോടി വകയിരുത്തി. ഇതിന്റെ ഭാഗമായി ജൈവ മാലിന്യ സംസ്കരണം, ബയോബിൻ വിതരണം, ഓട്ടോമാറ്റിക് ഓർഗാനിക് വേസ്റ്റ് കൺവെർട്ടർ, ബയോ സി.എൻ.ജി പ്ലാന്റ്, എല്ലാ വീടുകളിലും സോക്ക് പിറ്റ് നിർമാണം, ജൈവമാലിന്യം വീടുകളിൽനിന്ന് എടുക്കാൻ പ്രത്യേകസേന, വേസ്റ്റ് സെർച്ചിങ് കമ്മിറ്റി, സീവേജ് പ്ലാന്റ് പ്രവർത്തനക്ഷമമാക്കൽ തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.
അതേസമയം ബജറ്റിൽ പുതിയ പദ്ധതികളില്ല. കഴിഞ്ഞവർഷം നടപ്പാക്കാൻ സാധിക്കാത്തവ കൂട്ടിചേർത്തു. മാസ്റ്റർ പ്ലാൻ പ്രവർത്തനത്തിന് 50 ലക്ഷം രൂപ വകയിരുത്തി.
ജനറൽ ആശുപത്രി വികസനത്തിന് ഏഴ് കോടി നീക്കിവെച്ചു. മൂന്ന് കോടി രൂപ ചെലവിൽ സൗജന്യ ഡയാലിസിസ് കേന്ദ്രം ആരംഭിക്കുമെന്നും പ്രഖ്യാപനമുണ്ട്. ഭിന്നശേഷിക്കാർക്ക് സഹകരണസംഘം രൂപവത്കരിക്കാൻ ഒരുകോടി, വയോജന ക്ഷേമത്തിന് അഞ്ച് കോടി, സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിന് 15 കോടി, വിദ്യാഭ്യാസ മേഖലക്ക് 12 കോടി, പട്ടികജാതി ക്ഷേമത്തിന് 15 കോടി എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്.
വരുമാന വഴികൾ
നികുതി വരുമാനം വർധിപ്പിക്കാൻ ഈ വർഷം ശ്രമിക്കും. 10 ശതമാനം വർധനവാണ് പ്രതീക്ഷിക്കുന്നത്. തൊഴിൽ നികുതി, ലൈസൻസ് ഫീ എന്നിവയിലൂടെയും വരുമാനം കണ്ടെത്തും. പരസ്യബോർഡുകൾക്ക് തറവാടക നിശ്ചയിച്ചും ബസ് സ്റ്റോപ്പുകൾ വഴിയും വരുമാനം വർധിപ്പിക്കാൻ നിർദേശമുണ്ട്. വടക്കേ സ്റ്റാന്റ് ഫുട്ട് ഓവർ ബ്രിഡ്ജ്, ആകാശപ്പാത എന്നിവ വഴി പരസ്യ വരുമാനം പ്രതീക്ഷിക്കുന്നു. ബസ് സ്റ്റാൻഡ് ഫീസ് പിരിവ്, കംഫർട്ട് സ്റ്റേഷൻ ഫീസ് പിരിവ്, ഫലവൃക്ഷ ആദായം, പാർക്കിംഗ് ഫീസ് പിരിവ്, കാലിചന്ത ഫീസ് പിരിവ് തുടങ്ങിയവയുടെ വർധനവും നിർദേശിക്കുന്നു.
200 കോടി വായ്പയെടുക്കും
വിവിധ വികസന പ്രവർത്തനങ്ങൾക്കായി ഈ വർഷം 200 കോടി വായ്പയെടുക്കാൻ ഉദ്ദേശിക്കുന്നതായും ഡെപ്യൂട്ടി മേയറുടെ ബജറ്റ് അവതരണത്തിൽ പ്രഖ്യാപനമുണ്ട്.
‘മ്മ്ടെ തൃശൂർ പൂര’ത്തിന് ഒരുകോടി
തൃശൂർ പൂരവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്കും സൗകര്യങ്ങൾ ഒരുക്കാനും ഒരു കോടി രൂപയാണ് വകയിരുത്തിയത്. പുലിക്കളിക്കായി അമ്പത് ലക്ഷം ചിലവഴിക്കുമെന്നാണ് പ്രഖ്യാപനം.
ഉൽപാദന മേഖലക്ക് 65 കോടി
ആയിരം പേർക്ക് തൊഴിൽ നൽകാനും 250 സംരംഭങ്ങൾ ആരംഭിക്കാനും പദ്ധതി ഉണ്ടെന്ന് ബജറ്റിൽ പ്രഖ്യാപനമുണ്ട്. പാൽ ഉൽപാദന മേഖലയിൽ 25 ശതമാനം വർധനവ് പ്രതീക്ഷിക്കുന്ന ബജറ്റിൽ ഉൽപാദന മേഖലക്കായി 65 കോടി രൂപയാണ് മാറ്റിവെച്ചത്.
സമ്പൂർണ കുടിവെള്ള പദ്ധതിക്ക് 160 കോടി
കോർപറേഷൻ പരിധിയിൽ സമ്പൂർണ കുടിവെള്ള പദ്ധതിക്കായി 160 കോടിയാണ് ഉള്ളത്. ചേറൂർ, ഒല്ലൂർ, പുല്ലഴി,അരണാട്ടുകര, എന്നിവിടങ്ങളിലെ കുടിവെള്ള പദ്ധതികൾ കാര്യക്ഷമാക്കും. പുല്ലഴി കുന്നിലെ ഓവർഹെഡ് ടാങ്കിൽനിന്ന് ഡെഡിക്കേറ്റഡ് ലൈൻ വഴി അരണാട്ടുകര ടാങ്കിലേക്കും കുർക്കഞ്ചേരിയിലെ ചിയ്യാരത്തെ പമ്പിലേക്കും വെള്ളം എത്തിക്കുന്ന പദ്ധതികൾ പൂർത്തിയാക്കും.
നഗരം കുതിക്കാൻ 260 കോടി
നഗരവികസനം വിവിധ ഫണ്ടുകൾ ഉപോയഗിച്ച് നടപ്പാക്കാനാണ് ഭരണ സമിതി ലക്ഷ്യമിടുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഫണ്ടുകൾ, സി.എഎസ്.ആർ.ഫണ്ട് എന്നിവയെല്ലം ഇതിനായി ഉപയോഗിക്കും.
ഇതിനുപുറമേ 160 കോടി വിവിധ മേഖലയിലെ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. ഡിവിഷൻതല ഫണ്ട് അറുപത് ലക്ഷം രൂപയിൽ നിന്ന് എഴുപത് ലക്ഷമായി വർധിപ്പിച്ചുള്ള പ്രഖ്യാപനവും ഉണ്ടായി.
ഫ്ലൈ ഓവറും മേൽപ്പാലങ്ങളും
ഫ്ലൈ ഓവറും മേൽപ്പാലങ്ങളും പടിഞ്ഞാറെകോട്ട, പൂങ്കുന്നം, കൊക്കാലെ എന്നിവിടങ്ങളിൽ ഫ്ലൈ ഓവറുകളും നെടുപുഴ, കിഴക്കേ കോട്ട എന്നിവിടങ്ങളിൽ മേൽപ്പാലം നിർമിക്കാനും മൂന്നു കോടി വീതം പ്രഖ്യാപിച്ചിട്ടുണ്ട്.
മിനി ബസ് സ്റ്റാൻഡ്
പുഴയ്ക്കൽ, പടിഞ്ഞാറെക്കോട്ട, മണ്ണുത്തി എന്നിവിടങ്ങളിൽ മിനി ബസ് സ്റ്റാൻഡ് നിർമാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾക്കായി ഒരുകോടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നടുവിലാൽ, നായ്ക്കനാൽ, കുരിയച്ചിറ, കൂർക്കഞ്ചേരി സബ് വേ എന്നിവിടങ്ങളിൽ സബ് വേ നിർമിക്കുന്നതിന് മൂന്നു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ആകാശപാതയുടെ തുടർപ്രവർത്തനത്തിന് മൂന്നുകോടിയും നീക്കിവെച്ചിട്ടുണ്ട്. കോർപറേഷൻ സ്റ്റേഡിയത്തിന് പത്ത് കോടി രൂപയും ഉണ്ട്.
ഫ്ലാറ്റ് നിർമാണം
കുരിയച്ചിറയിൽ നൂറു കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നതിനായി ഫ്ലാറ്റ് നിർമിക്കാനുള്ള പ്രാഥമിക പ്രവർത്തനത്തിനായി മൂന്നുകോടിയും ചിയ്യാരത്ത് സാംസാകരിക സമുച്ചയം നിർമിക്കാനുള്ള പ്രരംഭ പ്രവർത്തനത്തിന് മൂന്നു കോടിയും വകയിരുത്തിയിട്ടുണ്ട്.ശക്തൻ നഗർ വികസനത്തിന് അഞ്ച് കോടി രൂപയും എ.ബി.സി പദ്ധതിക്ക് 25 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.