സന്തോഷത്തേരിലേറ്റി ഇലഞ്ഞിത്തറ മേളം
text_fieldsതൃശൂർ: കിഴക്കൂട്ട് അനിയൻ മാരാരും സംഘവും തീർത്ത നാദവിസ്മയത്തിൽ ആനന്ദത്തേരിലേറി പൂരപ്രേമികൾ. ഇലഞ്ഞിത്തറയിൽ പതികാലത്തിൽ കിഴക്കൂട്ട് കോലിടുമ്പോൾ സമയം 2.30 കഴിഞ്ഞിരുന്നു. പിന്നെ മേള പെയ്ത്തായിരുന്നു. താളം മുറുകിയതോടെ ആസ്വാദകർ ഇളകിമറഞ്ഞു. ഉച്ചക്ക് 12.30 ഓടെയാണ് പാറമേക്കാവ് ഭഗവതി വടക്കുംനാഥനിലേക്ക് എഴുന്നള്ളിയത്. പാറമേക്കാവിന് മുന്നിൽ തീർത്ത ചെമ്പടക്കും ഒലുമ്പലിനും ശേഷമായിരുന്നു കിഴക്കൂട്ട് അനിയൻമാരാർ മേളത്തിന്റെ അകമ്പടിയോടെ പാറമേക്കാവ് ഭഗവതിയെ വടക്കുന്നാഥനിലെ ഇലഞ്ഞിച്ചുവട്ടിലേക്ക് ആനയിച്ചത്.
രണ്ടര കഴിഞ്ഞതോടെയായിരുന്നു വടക്കുന്നാഥന്റെ കിഴക്കേഗോപുരത്തിനരികെ കിഴക്കൂട്ടും സംഘവും മേളഗോപുരം കെട്ടിത്തുടങ്ങിയത്. പതികാലത്തിൽ സാവധാനം തുടങ്ങിയ മേളം മുറുകാൻ സമയമെടുത്തില്ല. ഇടത്തു കലാശത്തിൽ തുടങ്ങി അടിച്ചു കലാശത്തിലേക്കും തകൃതയിലേക്കും ത്രിപുടയിലേക്കും മേളത്തിന്റെ കാലമാറ്റം. ആവേശ ലഹരിയിൽ മേളപ്രേമികളും ആർത്തിരമ്പി. കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ മുന്നൂറോളം കലാകാരൻമാരാണ് മേളത്തിൽ അണിനിരന്നത്. ചെണ്ടയും കൊമ്പും കുഴലും കുറങ്കുഴലും ഇലത്താളവുമായി മേളം കൊഴുക്കുമ്പോൾ പൂരപ്രേമികൾ പ്രായഭേദമില്ലാതെ ആസ്വാദനത്തിന്റെ നെറുകയിലായിരുന്നു.
മേളം മുറുകിയപ്പോഴുള്ള കൊട്ടുകാരുടെ ശരീരഭാഷ പോലും ആസ്വാദകരുടെ ആവേശം ഇരട്ടിപ്പിച്ചു. കൊടുങ്കാറ്റൊടുങ്ങുന്ന പോലെ ഒറ്റക്കൊലിൽ കൊട്ടിനിറുത്തുമ്പോൾ സൂര്യൻ ചാഞ്ഞുതുടങ്ങിയിരുന്നു. അളവുകളും കാലങ്ങളും കണക്കുകളും തെറ്റാത്ത കിഴക്കൂട്ടും സംഘവും ഒരുക്കിയ മേളവിസ്മയത്തിന് ആസ്വാദകരുടെ നന്ദിപറച്ചിൽ. പിന്നെ വടക്കുംനാഥനെ വലംവെച്ച് തെക്കോട്ടിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.