ഗുരുവായൂരിൽ ഇല്ലംനിറ ആഘോഷിച്ചു
text_fieldsഗുരുവായൂര്‍: നിറവിൻ കാലത്തിെൻറ പൊൻപ്രതീക്ഷകളുമായി ഗുരുവായൂരിൽ ഇല്ലംനിറ ആഘോഷിച്ചു. കോവിഡ് കാല കരുതലോടെയാണ് ചടങ്ങ് നടന്നത്.
കിഴക്കേ നടയിൽ രാവിലെ 6.30ഓടെ ചടങ്ങുകൾ ആരംഭിച്ചു. വിവാഹ മണ്ഡപത്തിലെ കതിർക്കറ്റകൾ അവകാശികളായ അഴീക്കൽ, മനം കുടുംബങ്ങൾ ഗോപുരത്തിന് സമീപം അരിമാവണിഞ്ഞ നാക്കിലയിൽ സമർപ്പിച്ചു.
ശാന്തിയേറ്റ മൂത്തേടം അഖിലേഷ് നമ്പൂതിരി കതിർക്കറ്റകളിൽ തീർഥം തളിച്ചു. ശാന്തിയേറ്റ് മേലേടം പത്മനാഭൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ 15ഓളം കീഴ്ശാന്തിക്കാർ കറ്റകൾ തലയിലേറ്റി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. പാരമ്പര്യ പ്രവൃത്തിക്കാർ വിളക്കും വാദ്യവുമൊരുക്കി.
ഓതിക്കൻ മുന്നൂലം ഹരി നമ്പൂതിരി കതിരുകൾക്ക് ലക്ഷ്മിപൂജ ചെയ്തു. പട്ടിൽ പൊതിഞ്ഞ കതിരുകൾ ഗുരുവായൂരപ്പന് സമർപ്പിച്ചു. ഉപദേവത ക്ഷേത്രങ്ങളിലും നിറയൊരുക്കി. കതിരുകൾ കൗണ്ടറുകളിലൂടെ ഭക്തർക്ക് വിതരണം ചെയ്തു.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കതിർക്കറ്റകളേറ്റുന്ന കീഴ്ശാന്തിമാരുടെ എണ്ണം 60ൽ നിന്ന് 15 ആക്കി കുറച്ചിരുന്നു. കതിർക്കറ്റകളുടെ എണ്ണവും 200 ആക്കി കുറച്ചു. മമ്മിയൂർ, പാർഥസാരഥി, തിരുവെങ്കിടാചലപതി, പെരുന്തട്ട ക്ഷേത്രങ്ങളിലും ഇല്ലംനിറ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.