തീരക്കടലിൽ അനധികൃത രാത്രികാല മത്സ്യബന്ധനം
text_fieldsതീരക്കടലിൽ അനധികൃത മത്സ്യബന്ധനം നടത്തിയതിന് ഫിഷറീസ് അധികൃതർ പിടികൂടിയ ബോട്ടുകൾ
എറിയാട്: തീരക്കടലിൽ അനധികൃത രാത്രികാല മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് പിടികൂടി. പള്ളിപ്പുറം ചീനിക്കപറമ്പിൽ സ്റ്റെനി പിൻഹേറോയുടെ ‘സ്റ്റെനി’, പള്ളിപ്പുറം കാവാലംകുഴി കെ.ജി. ജോസഫിന്റെ ‘അശ്വിൻ’ എന്നീ ബോട്ടുകളാണ് പിടിച്ചെടുത്തത്.
പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പരാതിയെ തുടർന്ന് അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. സി. സീമയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച പട്രോളിങ് സംഘമാണ് ബോട്ടുകൾ പിടികൂടിയത്. നിരോധിത മത്സ്യബന്ധനത്തിനെതിരെ പരിശോധനയും നടപടിയും ശക്തമാക്കാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നിർദേശം നൽകിയിരുന്നു.
സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം കേസെടുക്കുകയും 2.5 ലക്ഷം വീതം പിഴ ഈടാക്കുകയും ബോട്ടുകളിൽ ഉണ്ടായിരുന്ന മത്സ്യം ലേലം ചെയ്ത 2,61,500 രൂപ സർക്കാരിലേക്ക് അടക്കുകയും ചെയ്തു.
എഫ്.ഇ.ഒ അശ്വിൻ രാജ്, എഫ്.ഒ സഹന ഡോൺ, മറൈന്‍ എന്‍ഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിങ് ഓഫിസർമാരായ ഇ.ആർ. ഷിനിൽകുമാർ, വി.എൻ. പ്രശാന്ത് കുമാർ, വി.എം. ഷൈബു എന്നിവർ നേതൃത്വം നല്കി. സീ റെസ്ക്യൂ ഗാർഡുമാരായ വിജീഷ്, റഫീഖ്, സ്രാങ്ക് ദേവസ്സി, എൻജിൻ ഡ്രൈവർ റോക്കി എന്നിവരും പരിശോധക സംഘത്തിൽ ഉണ്ടായിരുന്നു. രജിസ്ട്രേഷനും ലൈസൻസും ഇല്ലാത്ത ബോട്ടുകള്‍ക്കെതിരെയും കെ.എം.എഫ്.ആര് ആക്ടിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ബോട്ടുകള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൽമജീദ് പോത്തന്നൂരാൻ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.