പാലിയേക്കരയിൽ അനധികൃത പാർക്കിങ്
text_fieldsആമ്പല്ലൂർ: ദേശീയപാതയിൽ പാലിയേക്കര ടോൾപ്ലാസക്ക് സമീപം അനധികൃത പാർക്കിങ് വ്യാപകം. നടപടിയെടുക്കാതെ പൊലീസും മോട്ടോർ വാഹന വകുപ്പും. ടോൾപ്ലാസയുടെ ഇരുവശങ്ങളിലും ദേശീയപാത കൈയേറിയാണ് വാഹനങ്ങൾ നിർത്തിയിടുന്നത്. വലിയ ചരക്ക് ലോറികളും കണ്ടയ്നറുകളും ട്രെയിലറുകളുമുൾപ്പെടെ നിർത്തിയിടുന്നതോടെ ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.
മുമ്പ് രാത്രി സമയങ്ങളിൽ മാത്രമാണ് ഇവിടെ വലിയ വാഹനങ്ങൾ നിർത്തിയിട്ടിരുന്നത്. എന്നാൽ ഇപ്പോൾ പകലും വാഹനങ്ങളുടെ നീണ്ടനിര കാണാം. ടോൾപ്ലാസയിലൂടെ വരുന്ന വാഹനങ്ങൾക്ക് തടസ്സമാകുന്ന വിധം നിർത്തിയിട്ട ലോറികളെ മറികടക്കാൻ പെട്ടെന്ന് വെട്ടിച്ചെടുക്കുന്നതും ടോൾ ഒഴിവാക്കി വരുന്ന വാഹനങ്ങൾ ഇതേ സ്ഥലത്ത് യു ടേൺ തിരിയുന്നതും അപകടങ്ങൾക്ക് വഴിയൊരുക്കുന്നു.
നേരത്തേ നിർത്തിയിട്ട വാഹനങ്ങൾ മറയാക്കി സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നവർ ഇപ്പോൾ പകൽ സമയത്തും പ്രദേശത്ത് തമ്പടിക്കുകയാണ്. ദേശീയപാതയിൽ മോട്ടോർവാഹന വകുപ്പും പൊലീസും പതിവായി പരിശോധന നടക്കുന്ന ഭാഗത്താണ് ഇപ്പോഴും അനധികൃതമായി വാഹനങ്ങൾ നിർത്തിയിടുന്നത്.
ഇതര സംസ്ഥാനങ്ങളിനിന്നുള്ള വലിയ വാഹനങ്ങൾ നിർത്തിയിടാനുള്ള സ്ഥലസൗകര്യമുണ്ടെന്ന കാരണത്താലാണ് ഇവിടം തിരഞ്ഞെടുക്കുന്നത്. ഇതിനെതിരെ ടോൾപ്ലാസ അധികൃതരും നടപടിയെടുക്കുന്നില്ല. വലിയ തുക ടോൾ നൽകുന്ന വാഹനങ്ങൾ മറ്റുവഴികൾ തിരഞ്ഞെടുക്കുമെന്ന ആശങ്കയാണ് ടോൾ കമ്പനിയുടെ വിമുഖതക്ക് കാരണം. അനധികൃത പാർക്കിങ് അനുവദിക്കില്ലെന്ന അറിയിപ്പ് ബോർഡ് ഇവിടെ സ്ഥപിച്ചിട്ടുണ്ടെങ്കിലും അധികൃതർ പോലും ഇത് കണ്ടതായി ഭാവിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.