അംഗൻവാടി കെട്ടിടത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ അനധികൃത താമസം
text_fieldsപുന്നയൂര്‍ക്കുളം: അംഗൻവാടിക്ക് മുകളില്‍ അനധികൃതമായി മുറി നിർമിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നതായി ആക്ഷേപം. പുന്നയൂർക്കുളം പഞ്ചായത്തിലെ കടിക്കാട് കൊട്ടിലിങ്ങലിൽ അംഗൻവാടി പ്രവർത്തിക്കുന്ന വാടക കെട്ടിടത്തിന് മുകളിലാണ് ഇതര സംസ്ഥാന തൊഴിലാളികളുള്ളത്.
15 വര്‍ഷമായി ഈ കെട്ടിടത്തിലാണ് അംഗൻവാടി പ്രവര്‍ത്തിക്കുന്നത്. 1000 രൂപ മാസ വാടകയായി പഞ്ചായത്ത് നല്‍കുന്നുണ്ട്. മുകളില്‍ തൊഴിലാളികള്‍ താമസമാക്കിയതോടെ അംഗൻവാടിയിലേക്ക് കുട്ടികളെ അയക്കാന്‍ രക്ഷിതാക്കള്‍ മടിക്കുന്നുവെന്നാണ് ആക്ഷേപം.
15 വര്‍ഷം മുമ്പ് അന്നത്തെ പഞ്ചായത്ത് അംഗവും അംഗൻവാടി അധ്യാപികയുമുൾപ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് റോഡരികിലെ ഒരു സെന്‍റ് ഭൂമിയില്‍ അംഗൻവാടിക്കു വേണ്ടി ഉടമ കെട്ടിടം നിര്‍മിച്ചത്. റോഡിന് സ്ഥലമെടുത്തശേഷം ബാക്കിയായ ഭൂമിയാണിത്. റോഡില്‍നിന്നുള്ള ദൂരപരിധി, സെപ്റ്റിക് ടാങ്ക് അകലം തുടങ്ങിയ ചട്ടങ്ങള്‍ പാലിക്കാതെയാണ് അന്ന് കെട്ടിടം പണിതത്.
ഒരു വര്‍ഷം മുമ്പ് അംഗൻവാടിക്ക് മുകളില്‍ മുറി പണിയാന്‍ ഉടമ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തി. എന്നാല്‍, അടുത്തിടെ ബാക്കി പണികൂടി തീര്‍ത്ത് കെട്ടിടം വാടകക്ക് നല്‍കുകയായിരുന്നു. പഴയ കെട്ടിടത്തിന്‍റെ സുരക്ഷ പരിശോധിക്കാതെയും പഞ്ചായത്ത് അനുമതി ഇല്ലാതെയുമാണ് കെട്ടിടത്തിന് മുകളില്‍ നിർമാണം നടത്തിയത്.
മുകളിലെ ശുചിമുറി മാലിന്യം അംഗൻവാടി സെപ്റ്റിക് ടാങ്കിലേക്കാണ് ഒഴുക്കുന്നത്. അടുക്കളയില്‍ പാത്രം കഴുകുന്ന വെള്ളവും വസ്ത്രം അലക്കുന്ന വെള്ളവും ഇതേ സെപ്റ്റിക് ടാങ്കിലേക്കാണ് വിടുന്നത്. ഇതുമൂലം ടാങ്ക് നിറഞ്ഞ് ദുര്‍ഗന്ധം പരക്കുന്നതായും ആക്ഷേപമുണ്ട്.
അനധികൃതമായി നിർമിച്ച കെട്ടിടത്തില്‍നിന്ന് താമസക്കാരെ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കെട്ടിടത്തിന് ചുറ്റുമതില്‍ കെട്ടാനും മുറ്റത്ത് വൈദ്യുതി കമ്പിയോട് ചേര്‍ന്നുനില്‍ക്കുന്ന തെങ്ങ് മുറിച്ചുമാറ്റാനും നടപടി വേണമെന്നും ആവശ്യമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.