1943ലും തൃശൂർ പൂരം അനാർഭാടമായി നടത്തി; എഴുന്നള്ളിപ്പിന് ഓരോ ആനകൾ മാത്രം
text_fieldsതൃശൂർ: കോവിഡ് വ്യാപന സാഹചര്യത്തിൽ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളിൽ ഭിന്നത. പ്രത്യേക സാഹചര്യത്തിൽ ഒരാനപ്പുറത്ത് പൂരം പ്രതീകാത്മകമായി നടത്തുകയാണെന്ന് തിരുവമ്പാടി വിഭാഗം വാർത്തസമ്മേളനം നടത്തി പ്രഖ്യാപിച്ചപ്പോൾ, പ്രൗഢഗംഭീരമായി 15 ആനകളെ എഴുന്നള്ളിച്ച് പൂരം നടത്തുമെന്നും ഘടകക്ഷേത്രങ്ങൾക്ക് ആനകളെ നൽകുമെന്നും ചടങ്ങുകളെല്ലാം നടത്തുമെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി അറിയിച്ചു.
സാധാരണയായി പൂരവുമായി ബന്ധപ്പെട്ട് ഇരു ദേവസ്വങ്ങളും ഒരുമിച്ചാണ് തീരുമാനമെടുക്കാറുള്ളത്. ഇത്തവണ പൂരം ആഘോഷമാക്കി മാറ്റാനുള്ള തീരുമാനങ്ങളിൽ തിരുവമ്പാടി വിഭാഗം നേരത്തെ തന്നെ എതിർപ്പിലായിരുന്നു. എന്നാൽ, ഒരുമിച്ച് നീങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഡി.എം.ഒയെയും കലക്ടറെയും കടുത്ത ഭാഷയിൽ വിമർശിച്ച പാറമേക്കാവ് വിഭാഗത്തിെൻറ നടപടിയിൽ തിരുവമ്പാടി പ്രതിഷേധമറിയിച്ചിരുന്നു.
കോവിഡ് വ്യാപന സാഹചര്യം ആരോഗ്യവകുപ്പും സർക്കാറും വിവിധ മേഖലകളിലുള്ളവരും ചൂണ്ടിക്കാണിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അത് പരിഗണിക്കാതെ പൂരം നടത്തുന്നതിനോട് യോജിക്കാനാവില്ലെന്ന് തിരുവമ്പാടി ദേവസ്വം നിലപാടെടുത്തു. ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ പൂരം ചടങ്ങുകളെല്ലാം നടത്താൻ അനുമതി നൽകിയെങ്കിലും നിലവിലെ കോവിഡ് സാഹചര്യം പരിഗണിക്കാനും ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ തീരുമാനമെടുക്കാനും നിർദേശിക്കുകയായിരുന്നു. കോവിഡ് വ്യാപനത്തിന് പൂരം ഇടയാക്കിയാൽ വലിയ തിരിച്ചടിക്ക് ഇടയാക്കുമെന്നത് കണക്കിലെടുത്താണ് പൂരം ചടങ്ങിലൊതുക്കാനുള്ള തിരുവമ്പാടിയുടെ തീരുമാനം. ഒരാനപ്പുറത്ത് പ്രതീകാത്മകമായി എഴുന്നള്ളിപ്പും മഠത്തിൽ വരവും കുടമാറ്റമടക്കമുള്ളവയും നടത്താനും തീരുമാനിച്ചു.
എന്നാൽ 15 ആനകളെ തന്നെ എഴുന്നള്ളിക്കുമെന്നും ഇലഞ്ഞിത്തറ മേളവും കുടമാറ്റവും നടത്തുമെന്നും ഘടകപൂരങ്ങൾക്ക് ആനയെ നൽകാമെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു. തിരുവമ്പാടി വിഭാഗം ഒരു ആനയെ മാത്രം എഴുന്നള്ളിക്കുമ്പോൾ കുടമാറ്റത്തിനായുള്ള മുഖാമുഖ കൂടിക്കാഴ്ചയടക്കമുള്ളവ ഉണ്ടാവില്ല.
പാറമേക്കാവ് വിഭാഗത്തിൽ ഒരു വിഭാഗം ഇപ്പോഴും പൂരം ആഘോഷമാക്കാനുള്ള തീരുമാനത്തിൽ എതിർപ്പിലാണ്. ഇതിന് മുമ്പ് 1943ൽ ക്വിറ്റ് ഇന്ത്യ സമരത്തിനിടെ നേതാക്കളിൽ ഭൂരിപക്ഷവും അറസ്റ്റ് ചെയ്യപ്പെട്ടതിലുള്ള പ്രതിഷേധത്തിലും അരിയുൾപ്പെടെയുള്ളവക്ക് വില കൂടിയതിെൻറ പേരിലും പൂരം അനാർഭാടമായി നടത്താൻ ഇരു ദേവസ്വങ്ങളും തീരുമാനിച്ചത് ചരിത്രമാണ്. അന്ന് എഴുന്നള്ളിപ്പിന് ഇരുഭാഗത്തുനിന്നും ഓരോ ആന മാത്രമാണുണ്ടായിരുന്നത്. വാദ്യക്കാരുടെ എണ്ണത്തിലും കാര്യമായ കുറവ് വരുത്തി.
1944ൽ മുൻവർഷത്തെ തീരുമാനത്തിലേക്ക് നയിച്ച സാഹചര്യങ്ങളിൽ കാര്യമായ മെച്ചം ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലിൽ പാറമേക്കാവ് വിഭാഗം ഒരു ആനയെ എഴുന്നള്ളിച്ചുമാത്രം പൂരം നടത്തിയപ്പോൾ തുടർച്ചയായി പൂരം മുടക്കുന്നതിൽ ന്യായമില്ലെന്ന നിലപാടെടുത്ത തിരുവമ്പാടി വിഭാഗം 15 ആനകളെ എഴുന്നള്ളിക്കുകയായിരുന്നു. 77 വർഷത്തിനിപ്പുറം കണക്ക് വീട്ടുമ്പോൾ അന്നത്തെ സാഹചര്യമല്ല ഇന്നെന്നതാണ് പ്രത്യേകത.
വിവാദങ്ങളിൽ സർക്കാറിന് അതൃപ്തി
കോവിഡ് വരിഞ്ഞു മുറുക്കിയതിനാൽ കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും തൃശൂർ പൂരത്തിന് ആഘോഷമില്ല. ചടങ്ങുകളിലൊതുക്കാൻ ദേവസ്വങ്ങൾ തീരുമാനിച്ചു. തെക്കേഗോപുര വാതിൽ തുറക്കുന്നതിൽ തുടങ്ങി വെടിക്കെട്ട് വരെയുള്ളവക്ക് സർക്കാർ അനുമതി നൽകിയെങ്കിലും കോവിഡ് നിയന്ത്രണങ്ങൾക്കാണ് പ്രഥമ പരിഗണനയെന്നും ആൾക്കൂട്ടമുണ്ടാവുന്ന നടപടി അനുവദിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി. കോവിഡ് സാഹചര്യത്തിലും പൂരം നടത്താനാവുമെന്ന പ്രതീക്ഷയിലായിരുന്നു ദേവസ്വങ്ങൾ. ഒരുക്കങ്ങൾ ഏതാണ്ട് പൂർണമാവുകയും ചെയ്തു.
കൊടിയേറ്റവും ആനകൾക്കുള്ള നെറ്റിപ്പട്ടവും ആടയാഭരണങ്ങളും കുടമാറ്റത്തിനുള്ള കുടകളും ആലവട്ടവും വെഞ്ചാമരവുമെല്ലാം തയാറായി കഴിഞ്ഞു. സ്വരാജ് റൗണ്ടിലെ നിലപാട് പന്തലുകളുടെ നിർമാണം അവസാനത്തിലുമെത്തി.
എന്നാൽ, ജില്ലയിലെ കോവിഡ് വ്യാപനക്കണക്ക് അതിതീവ്രമാവുന്നതാണ് പ്രതീക്ഷകൾക്ക് തിരിച്ചടിയായത്. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ പൂരം നടത്തിപ്പ് സംബന്ധിച്ച് ശിപാർശ സമർപ്പിക്കാൻ ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ചെയർമാനായുള്ള മെഡിക്കൽ വിദഗ്ധ സമിതിയെ ചീഫ് സെക്രട്ടറി ചുമതലപ്പെടുത്തി. ഗവ. മെഡിക്കൽ കോളജ് സർജറി വിഭാഗം അഡീഷനൽ പ്രഫസർ ഡോ. രവീന്ദ്രൻ, കമ്യൂണിറ്റി മെഡിസിൻ അഡീഷനൽ പ്രഫസർ ഡോ. ബിനു അറീക്കൽ എന്നിവർ കമ്മിറ്റി അംഗങ്ങളായുള്ള സമിതി നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് പൂരത്തിന് ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളിൽ ധാരണയായത്. യോഗത്തിൽ ചീഫ് സെക്രട്ടറി ഇത് അവതരിപ്പിക്കുകയും ചെയ്തു. വലിയ ആൾക്കൂട്ടം പൂരത്തിന് ഇരച്ചുവന്നാൽ കോവിഡിെൻറ വൻ വ്യാപനത്തിന് ഇടയാക്കുമെന്ന് സമിതി റിപ്പോർട്ട് ചെയ്തു. ഇത് നിയന്ത്രിക്കാൻ നിർദേശങ്ങളും സമിതി ശിപാർശ ചെയ്തു.
വിവിധ മേഖലകളിൽ നിന്നുള്ളവർ പ്രതികരണവും ഉയർത്തിയതോടെ അതുവരെയായി പൂരം നടത്തണമെന്ന കടുത്ത നിലപാടെടുത്ത ദേവസ്വങ്ങൾ ഒടുവിൽ നിലപാട് മയപ്പെടുത്തി. പൂരം തകർക്കാനുള്ള ഗൂഢാലോചന നടക്കുന്നുവെന്നും അനാവശ്യ നിയന്ത്രണങ്ങളേർപ്പെടുത്തുന്നുവെന്നുമായിരുന്നു അതുവരെ ദേവസ്വങ്ങൾ ആരോപിച്ചിരുന്നത്. ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ നിയന്ത്രണങ്ങളിൽ സർക്കാർ നിർദേശം അംഗീകരിക്കുമെന്ന് ദേവസ്വങ്ങൾ പ്രഖ്യാപിച്ചു. ഒടുവിൽ കാണികളില്ലാതെ പൂരക്കാരും മേളക്കാരും സംഘാടകരും പ്രധാനപ്പെട്ടവർക്കും മാത്രം പൂരചടങ്ങുകൾ നടക്കുന്നിടത്ത് അനുമതി നൽകി നടത്താൻ ധാരണയായി. എന്നാൽ, കാണികളില്ലാതെ നടത്തുന്ന പൂരത്തിനോട് പലരും വിയോജിപ്പറിയിച്ചതോടെ ദേവസ്വങ്ങൾ വീണ്ടും യോഗം ചേർന്നു.
ഒരാനപ്പുറത്ത് ചടങ്ങുകൾ നടത്താൻ തിരുവമ്പാടി ദേവസ്വം തീരുമാനിച്ചു. മഠത്തിൽവരവ് പഞ്ചവാദ്യവും കുടമാറ്റവും ചുരുക്കി പ്രതീകാത്മകമായി ചടങ്ങുകൾ നടത്താനാണ് തീരുമാനം. ചടങ്ങുകൾ പൂർണമായി നടത്താനാണ് പാറമേക്കാവ് ദേവസ്വം തീരുമാനിച്ചിട്ടുള്ളതെങ്കിലും യോഗത്തിന് ശേഷം ചൊവ്വാഴ്ച തന്നെ ഇക്കാര്യത്തിൽ നിലപാടെടുത്തേക്കും. പൂരം കാണാനായി വാക്സിൻ എടുത്തവർക്കും ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ പൂരപ്പറമ്പിലേക്ക് പ്രവേശനമുണ്ടാകില്ല. ഇതിനായി കോവിഡ് ജാഗ്രത പോർട്ടലിലോ ജില്ല ഭരണകൂടം സജ്ജീകരിച്ച പ്രത്യേക പോർട്ടലിലോ രജിസ്റ്റർ ചെയ്യണം.
ഇവിടെ നിന്ന് കിട്ടുന്ന പാസ് ഉപയോഗിച്ചേ റൗണ്ടുകളിലേക്ക് പ്രവേശിക്കാനാകൂ. റൗണ്ടുകൾക്ക് ചുറ്റും പൊലീസ് പരിശോധനയുണ്ടാകും. റൗണ്ടുകൾക്ക് ചുറ്റും നിന്ന് വെടിക്കെട്ടോ കുടമാറ്റമോ കാണാനാകില്ല. എന്നിങ്ങനെ കർശന നിയന്ത്രണങ്ങൾ നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാൽ, നിരവധി ആളുകൾ ഇരച്ചെത്തിയാൽ ഈ നിയന്ത്രണങ്ങൾ എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിൽ കടുത്ത ആശങ്കയാണ് നിലനിന്നിരുന്നത്. കാണികളെ ഒഴിവാക്കി പൂരം നടത്താനുള്ള തീരുമാനത്തിൽ ആരോഗ്യ വകുപ്പും ജില്ല ഭരണകൂടവും വലിയ ആശ്വാസത്തിലാണ്. അതേസമയം, കുടമാറ്റവും വെടിക്കെട്ടുമടക്കമുള്ള ചടങ്ങുകൾക്ക് കാണികളെത്തുമെന്നത് ആശങ്കയുണ്ടാക്കുന്നതാണ്.
- ചമയ പ്രദർശനം ഉണ്ടാവില്ല
- സാമ്പിൾ വെടിക്കെട്ടിൽ ഒരു കുഴിമിന്നൽ മാത്രമേ ഉണ്ടാകൂ
- 24ലെ പകൽപൂരം വേണ്ടെന്ന് െവച്ചു
- കുടമാറ്റത്തിെൻറ സമയം കുറച്ചു
- പൂരപ്പറമ്പിൽ സംഘാടകർ മാത്രം. കാണികൾക്ക് പ്രവേശനം നിരോധിച്ചു
- പ്രധാന വെടിക്കെട്ട് നിയന്ത്രണങ്ങളോടെ മാത്രം
- ഘടക പൂരങ്ങളുണ്ടാകും. ഇതിെൻറ സംഘാടകർക്കും പൂരപ്പറമ്പിലേക്ക് പ്രവേശിക്കാം
- മഠത്തിൽവരവും ഇലഞ്ഞിത്തറ മേളവും ഉണ്ടാകും
- പൂരപ്പറമ്പിൽ കയറുന്ന സംഘാടകർക്കും മാധ്യമപ്രവർത്തകർക്കും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണം. ഇല്ലെങ്കിൽ
- രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണം
- പൂരം നടത്തിപ്പിെൻറ ചുമതല, ഡി.എം.ഒ, കമീഷണർ, കലക്ടർ എന്നിവർക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.