കളിമികവിൽ ഇനാൻ; ആഹ്ലാദത്തിൽ കുടുംബം
text_fieldsപുന്നയൂർക്കുളം: മുഹമ്മദ് ഇനാന്റെ പ്രകടനമികവിൽ ആസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ ചതുർദിന ടെസ്റ്റിൽ ഇന്ത്യ രണ്ടു വിക്കറ്റ് ജയമാഘോഷിക്കുമ്പോൾ ഇനാന്റെ വീട്ടിൽ ആഹ്ലാദം. ആസ്ട്രേലിയൻ ബാറ്റർമാരെ വീഴ്ത്തി ഇന്ത്യ നേടിയത് രണ്ടു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. ആദ്യ ഇന്നിങ്സിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയ ഇനാൻ മത്സരത്തിൽ മൊത്തം ഒമ്പതു വിക്കറ്റ് നേടി. ദുബൈയിൽ ജോലി ചെയ്യുന്ന പുന്നയൂര്‍ക്കുളം പരൂര് സ്വദേശി വീട്ടിലവളപ്പില്‍ ഷാനവാസ്-റഹീന ദമ്പതികളുടെ മകനാണ് ഇനാന്.ഇനാനെ ലക്ഷ്യത്തിലെത്തിക്കാൻ സഹായിച്ച എല്ലാവരോടും നന്ദി പറയുകയാണ് മാതാപിതാക്കൾ.
ഇനാനിലെ ക്രിക്കറ്റ് പ്രതിഭയെ കണ്ടെത്തിയ ദുബൈ കെ.ജി.എസ് സ്കൂൾ കായികാധ്യാപകൻ പഞ്ചാബിയായ പരംജിത്, മികച്ച പരിശീലനത്തിന് നിർബന്ധിച്ച മലയാളികളായ ജീൻ സെബാസ്റ്റ്യൻ, മസ്ഹർ മൊയ്ദു എന്നീ കോച്ചുമാർ എന്നിവരോട് പ്രത്യേക നന്ദിയുണ്ടെന്ന് അവർ പറഞ്ഞു.
കുടുംബത്തോടൊപ്പം 10 വയസ്സുവരെ ദുബൈയിലായിരുന്ന ഇനാൻ 11ാം വയസ്സിലാണ് ക്രിക്കറ്റ് പരിശീലനം ആരംഭിച്ചത്. ജീൻ സെബാസ്റ്റ്യൻ, മസ്ഹർ മൊയ്ദു എന്നീ കോച്ചുമാരുടെ ഉപദേശത്തിൽ പരിശീലനത്തിന് നല്ലത് കേരളമാണെന്ന് മനസ്സിലാക്കി ഇനാനുമായി നാട്ടിലേക്ക് പുറപ്പെടാൻ തീരുമാനിക്കുകയായിരുന്നു കുടുംബം. അതിനിടയിലാണ് കേരള അണ്ടർ 14 ടീം സെലക്ഷൻ വിവരം അറിഞ്ഞത്.
സെലക്ഷൻ ട്രയൽസിന് തിരുവനന്തപുരത്തെത്തി. ടീമിൽ ഇടംപിടിച്ചതോടെ ഇനാൻ നാട്ടിലായി താമസം. പരിശീലനത്തിന് തൃശൂര്‍ മുണ്ടൂര്‍ ആത്രേയ ക്രിക്കറ്റ് അക്കാദമിയിൽ ചേർന്നു. പി. ബാലചന്ദ്രന്റെയും ദിനേഷ് ഗോപാലകൃഷ്ണന്റെയും കീഴിലായിരുന്നു പിന്നീടുള്ള പരിശീലനം.
പിന്നീട് ഇനാന്റെ പഠനസൗകര്യം കണക്കിലെടുത്ത് മാതാവും സഹോദരങ്ങളും ദുബൈയിൽനിന്ന് മുണ്ടൂരിലേക്ക് താമസം മാറ്റി. നേരത്തേ അണ്ടർ 16 ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന ഇനാൻ ലെഗ് സ്പിന്നർ ഓൾറൗണ്ടർകൂടിയാണ്. കേരളവർമ കോളജിൽ ഒന്നാം വർഷ ബി.കോം വിദ്യാർഥിയായ ഇനാന് രണ്ടു സഹോദരങ്ങളുണ്ട് -വിദ്യാർഥികളായ ഇശൽ, ഇബി ആദം എന്നിവർ. ക്രിക്കറ്റിൽ തന്നെ താൽപര്യമുള്ള ഇബിയുടെ പരിശീലനവും മുണ്ടൂർ ആത്രേയയിലാണ്.
വരുന്ന ലോകകപ്പിൽ ഇനാന് അവസരം ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് ഷാനവാസ് പറഞ്ഞു. ഇനാന്റെ വിജയം കാണാൻ ആഗ്രഹിച്ച വല്യുമ്മ രണ്ടു വർഷം മുമ്പ് വിടപറഞ്ഞത് കുടുംബത്തിന്റെ വേദനയാണ്. കുടുംബം നാട്ടിൽ താമസമുറപ്പിക്കുന്നതുവരെ വീട്ടിൽ അവരായിരുന്നു ഇനാന്റെ കൂട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.