പോക്സോ കേസുകളിൽ വർധന; വിചാരണ വേഗത്തിലായത് ആശ്വാസം
text_fieldsതൃശൂർ: കുട്ടികൾക്കെതിരായ അതിക്രമത്തിനെതിരെ നിയമനടപടി കർശനമാക്കുമ്പോഴും രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ കുറവില്ല. ബോധവത്കരണം ശക്തമായതോടെ പരാതിപ്പെടുന്നവരുടെ എണ്ണം വർധിച്ചെന്ന് കണക്കാക്കാമെങ്കിലും അതിക്രമങ്ങൾ വർധിക്കുന്നത് ആശങ്കജനകമാണ്. ജില്ലയിൽ ഈവർഷം സെപ്റ്റംബർ വരെ 276 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം മൊത്തം 343 കേസുകൾ രജിസ്റ്റർ ചെയ്തു.
പോക്സോ കേസുകളിൽ മൂന്ന് മാസത്തിനുള്ളിൽ കുറ്റപത്രവും ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നുമാണ് നിയമം. മെല്ലപ്പോക്കുണ്ടായിരുന്നെങ്കിലും നിലവിൽ വിചാരണ നടപടികളിൽ വേഗം കാണുന്നുണ്ട്. ആലുവയിൽ പെൺകുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന കേസിൽ 33 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനായതും അതിവേഗം വിചാരണ പൂർത്തിയാക്കാനായതും പോക്സോ കേസ് അന്വേഷണത്തെ സംബന്ധിച്ച് ആശ്വാസകരമാണ്. ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2016 മുതൽ ഈ വർഷം സെപ്റ്റംബർ വരെ 2116 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിറ്റിയിലും റൂറൽ പൊലീസ് പരിധിയിലുമുള്ള കണക്കുകൾ ചേർത്താണിത്.
കോവിഡിന് ശേഷമാണ് കേസുകളിൽ വൻവർധന ഉണ്ടായത്. പ്രതികളാകുന്നതിലേറെയും ബന്ധുക്കളോ അടുപ്പക്കാരോ പരിചിതരോ ആണ്. ഇരകളാകുന്നതിൽ 30 ശതമാനത്തോളം ആൺകുട്ടികളാണ്. പോക്സോ വകുപ്പിനെക്കുറിച്ചുള്ള അവബോധം വർധിച്ചതും സ്കൂളുകൾ കേന്ദ്രീകരിച്ചും മറ്റും കൗൺസലിങ് ഉൾപ്പെടെ സംവിധാനങ്ങൾ ശക്തിപ്പെട്ടതുമാണ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് വർധിക്കാനിടയായത്. കേസുകളിൽ പകുതിയിലും സൈബർ, ശാസ്ത്രീയ തെളിവെടുപ്പും ഫോറൻസിക് റിപ്പോർട്ടുകൾ ഉൾപ്പെടെ ലഭിക്കാനുള്ള കാലതാമസവും മറ്റുമായി കുറ്റപത്രം സമർപ്പിക്കൽ നീണ്ടുപോകാറുണ്ട്. ഇത് ഇരകൾക്ക് ആവശ്യത്തിലേറെ സമ്മർദമുണ്ടാക്കുന്നുണ്ട്.
ജില്ലയിൽ പോക്സോ കേസുകൾ കൈകാര്യം ചെയ്യാൻ അഞ്ച് കോടതികളുണ്ട്. പോക്സോ നിയമം നിലവിൽവന്ന് പത്ത് വർഷം പിന്നിടുമ്പോഴും കേസുകൾ അതിവേഗം വിചാരണ പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നതാണ് യാഥാർഥ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.