സ്വാതന്ത്ര്യദിനാഘോഷം; ത്രിവർണ പതാകക്ക് വിപണയിൽ വൻ ഡിമാൻഡ്
text_fieldsകുന്നംകുളം: 75ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മൂന്നുദിവസം ത്രിവർണ പതാക വീടുകളിൽ ഉയർത്തണമെന്ന സർക്കാർ നിർദേശം വന്നതോടെ വിപണിയിൽ ആവശ്യക്കാരേറി.
തുണികൊണ്ടുള്ള പതാക നിർമിക്കുന്നവർ ഭൂരിഭാഗം പേരും കഴിഞ്ഞ മാസം പകുതിയോടെ അവ മൊത്തവിപണിയിൽ എത്തിച്ചുകഴിഞ്ഞു. അതേസമയം, തുണിയുടെ വില വർധന, അടിച്ചുകിട്ടാനുള്ള താമസം, അശോകചക്രം സ്ക്രീൻ പ്രിന്റ് ചെയ്ത് ഉണങ്ങാനുള്ള താമസം എന്നിവ കാരണം കൊടി നിർമിച്ച് വിൽപന നടത്തുന്നവർ പുതിയ ഓർഡറുകൾ സ്വീകരിക്കുന്നില്ല.
കേരളത്തിൽനിന്നുള്ള പതാകയുടെ പുതിയ ഓർഡറുകൾ തിരുപ്പൂർ, ബംഗളൂരു നഗരങ്ങളിലെ നിർമാണ കമ്പനികൾ സ്വീകരിക്കാത്തതും വിപണിയിൽ വൻ തിരക്കിന് കാരണമായി. തപാൽ വകുപ്പ് വഴി പതാകകൾ വിൽക്കുന്നുണ്ടെങ്കിലും അവയും തികയാതെ വരുമെന്നാണ് കരുതുന്നത്. അതിനാൽ വിപണിയിൽ വില വർധിക്കുന്നുണ്ട്. ചൈനയിൽനിന്ന് വരുന്ന ത്രിവർണ പതാകകൾക്ക് ഇത്തവണ ഇരട്ടി വിലയാണ്.
പ്ലാസ്റ്റിക് നിരോധനം വന്നതോടെ ഇത്തവണ ഭൂരിഭാഗം സ്വാതന്ത്ര്യദിന അലങ്കാരങ്ങൾ പേപ്പർ, തുണി എന്നിവയിലേക്ക് മാറി. വിദ്യാർഥികൾ കൂടുതലായി ഉപയോഗിക്കുന്ന ചെറിയതരം പതാകകളുടെ സ്ട്രോ പ്ലാസ്റ്റിക് ഒഴിവാക്കി പേപ്പറായെങ്കിലും ഇവ കിട്ടാനില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു.
കുന്നംകുളത്ത് ഒട്ടനവധി വീടുകളിലാണ് പേപ്പർ കൊടികൾ പ്ലാസ്റ്റിക് സ്ട്രോകളിൽ പിൻചെയ്യുന്ന നിർമാണം നടക്കുന്നത്. രണ്ടാഴ്ചക്കിടെ കുന്നംകുളത്തുനിന്ന് കേരളത്തിന്റെ വിവിധ ജില്ലകളിലേക്ക് ലക്ഷക്കണക്കിന് പതാകയാണ് കൊണ്ടുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.