ഇനി മനസ്സിനക്കരെ... ഇന്നസെന്റിന് ജന്മനാട് വിട നൽകി
text_fieldsഇരിങ്ങാലക്കുട (തൃശൂർ): ഏഴര പതിറ്റാണ്ടുകാലത്തെ ഇന്നസെന്റ് എന്ന സ്നേഹസ്പർശത്തിന് മേൽ അവർ ഒരുപിടി മണ്ണിട്ടു. പറഞ്ഞുതീരാത്ത കഥകളും കഥാപാത്രങ്ങളും അത് തീർത്ത ചിരിയോർമകളും ഇനി ബാക്കി. ചൊവ്വാഴ്ച രാവിലെ 11.15ഓടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ തടിച്ചുകൂടിയ വൻ ജനാവലി കണ്ണീർ പൂക്കളോടെ വിട നൽകി. ഉറ്റ ബന്ധുക്കളുടെ കണ്ണീരിൽ മഹാനിദ്രയിലാണ്ട നടന്റെ മുഖത്തെ ചായമിളകി.
തളർന്നുവീണ പേരമകൻ ജൂനിയർ ഇന്നസെന്റും കരഞ്ഞുതളർന്ന ഭാര്യ ആലീസും മകൻ സോണറ്റിന്റെ ഭാര്യ രശ്മിയും വേദനക്കാഴ്ചയായി. തിങ്കളാഴ്ച വൈകീട്ടുമുതൽ തുടങ്ങിയ കലാ-രാഷ്ട്രീയ-സാംസ്കാരിക പ്രമുഖരുടെ തിരക്ക് ഇന്നസെന്റിന്റെ വീടായ ‘പാർപ്പിട’ത്തിൽ ഒഴിഞ്ഞിരുന്നില്ല. സംവിധായകൻ സത്യൻ അന്തിക്കാടും ഇടവേള ബാബുവും രണ്ടാം ദിവസവും മുഴുസമയവും വീട്ടിൽ ഉണ്ടായിരുന്നു.
രാവിലെ മന്ത്രിമാരായ വി.എൻ. വാസവൻ, കെ. രാജൻ, ആർ. ബിന്ദു, പി. ബാലചന്ദ്രൻ എം.എൽ.എ, സി.പി.എം തൃശൂർ ജില്ല സെക്രട്ടറി എം.എം. വർഗീസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോസഫ് ടാജറ്റ്, സംവിധായകൻ കമൽ, നടന്മാരായ ടോവീനോ തോമസ്, അബു സലിം, നാദിർഷ, സാദിഖ് എന്നിവരെത്തി. നടൻ ദിലീപിനൊപ്പം എത്തിയ ഭാര്യ കാവ്യ മാധവൻ ചില്ലുകൂട്ടിൽ കൈവെച്ച് പൊട്ടിക്കരഞ്ഞു.
9.30ന് ചരമ ശുശ്രൂഷ ഗാനം മുഴങ്ങി. ഇരിങ്ങാലക്കുട ബിഷപ് പോളി കണ്ണൂക്കാടൻ, ഫാദർ ടോണി നീലങ്കാവിൽ എന്നിവരുടെ കാർമികത്വത്തിൽ സംസ്കാര ശുശ്രൂഷ ചടങ്ങുകൾ തുടങ്ങി. 9.45ന് വീട്ടിൽനിന്ന് മൃതദേഹം എടുക്കുന്നതിന് മുന്നോടിയായി ഗാർഡ് ഓഫ് ഓണർ. തുടർന്ന് പുഷ്പങ്ങൾ അലങ്കരിച്ച വാഹനത്തിൽ സെന്റ്തോമസ് കത്തീഡ്രലിലേക്ക് വിലാപയാത്ര തുടങ്ങി. വാഹനത്തോടൊപ്പം കാൽനടയായുള്ള വിലാപയാത്രയിൽ മന്ത്രിമാരോടൊപ്പം ചലച്ചിത്ര താരങ്ങളായ കാവ്യ മാധവൻ, ദിലീപ്, നാദിർഷാ, കോട്ടയം നസീർ, ജോജു ജോർജ്, വിനീത്, ഇടവേള ബാബു, ടോവിനോ തോമസ്, സായ് കുമാർ, ബിന്ദു പണിക്കർ, ബൈജു, സിദ്ധാർഥ് ഭരതൻ, സംവിധായകൻ സത്യൻ അന്തിക്കാട് തുടങ്ങിയവർ പങ്കെടുത്തു.
11ഓടെ കത്തീഡ്രലിലെ ചടങ്ങുകൾക്കുശേഷം കിഴക്കേ സെമിത്തേരിയിൽ വിലാപയാത്രയെത്തുമ്പോൾ ജനങ്ങളാൽ നിറഞ്ഞിരുന്നു. സെമിത്തേരിക്ക് ചുറ്റും തടിച്ചുകൂടിയ ജനം പ്രിയനടന്റെ അന്ത്യകർമങ്ങൾ കാണാൻ കണ്ണിമ ചിമ്മാതെ കാത്തിരുന്നു. ഇന്നസെന്റിന്റെ പ്രിയ സ്നേഹിതൻ മമ്പള്ളി ലാസറിന്റെ കല്ലറക്ക് സമീപമായിരുന്നു കല്ലറ ഒരുക്കിയിരുന്നത്. സെമിത്തേരിയിൽവെച്ച് ഗാർഡ് ഓഫ് ഓണറിന് ശേഷം ബന്ധുക്കൾക്ക് അവസാന കാഴ്ചക്കായി അവസരമൊരുക്കി. കരഞ്ഞ് തളർന്ന ഇന്നസെന്റിന്റെ ഭാര്യ ആലീസിനെ വീൽചെയറിൽ ശ്മശാനത്തിലെത്തിച്ചു.
വിറക്കുന്ന കൈകളോടെ നിറകണ്ണുകളോടെ അവർ ഇന്നസെന്റിനെ ചുണ്ടോടുചേർത്തു. മകൻ സോണറ്റിന്റെ ഭാര്യ രശ്മിയും മകൾ അന്നയും കണ്ണീർപ്രണാമം നൽകി. ഇന്നസെന്റ് ഏറെ ഇഷ്ടപ്പെട്ടിരുന്ന സോണറ്റിന്റെ മകൻ ജൂനിയർ ഇന്നസെന്റ് അപ്പാപ്പനെ കണ്ണീരോടെ കണ്ട് അൽപം നീങ്ങിയെങ്കിലും വീണ്ടുമെത്തി മുഖംചേർത്ത് ചുംബിച്ചു. തുടർന്ന് കുഴഞ്ഞുവീണു.
കൂട്ടുകാർ എടുത്ത് താങ്ങിയാണ് കാറിലെത്തിച്ചത്. ഒടുവിൽ മകൻ സോണറ്റ് ഇന്നസെന്റിന്റെ മുഖം വെളുത്ത തുണിയിട്ട് മൂടി അന്ത്യചുംബനം നൽകി. തുടർന്ന് ശവമഞ്ച കല്ലറയിറക്കി. മന്ത്രി ആർ. ബിന്ദു അടക്കം പ്രമുഖരും ബന്ധുക്കളും ഉറ്റവരും ചേർന്ന് മണ്ണും പൂക്കളുമിട്ടു. സെമിത്തേരിക്ക് പുറത്ത് തടിച്ചുകൂടിയ ജനം മനസ്സുകൊണ്ടും. ഒടുവിൽ സെമിത്തേരി ഒഴിഞ്ഞപ്പോൾ ഇന്നസെന്റിന്റെതായി ആറടി മണ്ണും അതിൽ ഒരു ശിലയും. തേക്കേത്തല വറീത് മകൻ ഇന്നസെന്റ്. ജനനം- 1948 ഫെബ്രുവരി 28. മരണം- 2023 മാർച്ച് 26..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.