വെടിമരുന്ന് നിർമാണ കേന്ദ്രങ്ങളിൽ പരിശോധനക്ക് നിർദേശം
text_fieldsതൃശൂർ: ജില്ലയിലെ വെടിമരുന്ന് നിർമാണകേന്ദ്രങ്ങളിൽ പരിശോധനക്ക് അഗ്നിരക്ഷ സേന. വെടിമരുന്ന് നിർമാണത്തിനും സംഭരണത്തിനുമുള്ള നിബന്ധനകളും നിർദേശങ്ങളും ഫയർഫോഴ്സിന്റെ ഫയർ സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള നടപടിക്രമങ്ങളും കടുപ്പിക്കാനാണ് തീരുമാനം.
എല്ലാ വെടിക്കെട്ട് നിർമാണ കേന്ദ്രങ്ങളിലും പരിശോധനക്ക് ഫയര് സ്റ്റേഷനുകൾക്ക് ജില്ല ഫയർ ഓഫിസർ നിർദേശം നൽകി. കുണ്ടന്നൂർ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിലാണിത്.
സീസണിൽ നിർദേശിച്ചതിനേക്കാൾ ഉയർന്ന അളവിൽ മരുന്ന് നിർമിക്കുകയും സംഭരിക്കുകയും ചെയ്യുന്നുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. കുണ്ടന്നൂരിൽ നേരത്തേ ലൈസൻസ് റദ്ദാക്കപ്പെട്ട കുണ്ടന്നൂർ സുന്ദരാക്ഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഡ്രൈവറായിരുന്ന ശ്രീനിവാസന്റെ പേരിൽ ലൈസൻസ് എടുക്കുകയായിരുന്നുവെന്നാണ് പറയുന്നത്.
നേരത്തേ ശബരിമല വെടിക്കെട്ട് അപകടത്തിൽ തൃശൂർ പൂരത്തിന് വെടിക്കെട്ട് നടത്തിയ ഷീന സുരേഷ് ആണ് ലൈസൻസിയായിരുന്നത്. അപകടത്തിൽ മൂന്നുപേർ മരിച്ചപ്പോൾ തിരുവമ്പാടിയുടെ വേലയോടനുബന്ധിച്ച വെടിക്കെട്ടിന് ഈ ശ്രീനിവാസനെ നിയോഗിച്ചാണ് വെടിക്കെട്ട് നടത്തിയത്.
കഴിഞ്ഞയാഴ്ച വടക്കുന്നാഥ ക്ഷേത്രത്തിലെ വെടിവഴിപാടിന് വെടിമരുന്ന് ഉപയോഗിക്കുന്നതിന്റെ ലൈസൻസ് കാലാവധി കഴിഞ്ഞതിനാൽ പൊട്ടിക്കുന്നത് പൊലീസ് തടഞ്ഞിരുന്നു. വെടിമരുന്ന് ഉപയോഗിക്കുന്ന ആരാധനാലയങ്ങളോട് ലൈസൻസ് ഹാജറാക്കാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
വെടിക്കെട്ട് നിർമാണകേന്ദ്രവും സംഭരണകേന്ദ്രവും തമ്മിൽ ചുരുങ്ങിയത് 45 മീറ്റർ ദൂരം വേണം, വെടിക്കെട്ടുപുരയുടെ സമീപത്തും നിശ്ചിത ദൂരത്തും കുറ്റിക്കാടും പുല്ലും മറ്റും ഉണ്ടാകരുത്, 15 കിലോഗ്രാം മരുന്ന് നിറച്ച് ശേഷം സംഭരണകേന്ദ്രത്തിലേക്ക് മാറ്റി സുരക്ഷിതമായി വെക്കണം എന്നിങ്ങനെയാണ് മാർഗനിർദേശങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.