അന്താരാഷ്ട്ര നാടകോത്സവത്തിന് ഇന്ന് തുടക്കം
text_fieldsതൃശൂർ: ലോകനാടക കാഴ്ചകളുടെ പുത്തനുണർവിലേക്ക് ഞായറാഴ്ച തിരശ്ശീല ഉയരും. കലാ-നാടക സ്നേഹികൾ കാത്തിരുന്ന ‘ഇറ്റ്ഫോക്’ അന്താരാഷ്ട്ര നാടകോത്സവ വിരുന്നിന് ഇനി 10 ദിവസങ്ങളിൽ തൃശൂർ വേദിയാകും. കോവിഡ് ആശങ്കകളിൽ പകിട്ട് മങ്ങിയ രണ്ട് വർഷക്കാലത്തെ അതിജീവിച്ച് ‘ഒന്നിക്കണം മാനവികത’ പ്രമേയത്തിലൂന്നിയാണ് കേരള സംഗീത നാടക അക്കാദമി നാടക കാഴ്ചകൾ ഒരുക്കുന്നത്.
ഉച്ചക്ക് രണ്ടിന് അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ 101 പേരുടെ മേളത്തോടെ അരങ്ങുണരും. വൈകീട്ട് 5.30ന് പവലിയൻ തിയറ്ററിൽ ഇറ്റ്ഫോക് നാടകോത്സവത്തിന്റെയും മുരളി തിയറ്ററിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. റവന്യൂ മന്ത്രി കെ. രാജൻ ഇറ്റ്ഫോക് ബുള്ളറ്റിൻ സെക്കൻഡ് ബെൽ പ്രകാശനം ചെയ്യും. സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ആദ്യകോപ്പി ഏറ്റുവാങ്ങും. മന്ത്രി കെ. രാധാകൃഷ്ണൻ ഫെസ്റ്റിവൽ ടീഷർട്ട് പ്രകാശനം ചെയ്യും. കലക്ടർ ഹരിത വി. കുമാർ ഏറ്റുവാങ്ങും.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഫെസ്റ്റിവൽ ബാഗ് പ്രകാശനം ചെയ്യും. പി. ബാലചന്ദ്രൻ എം.എൽ.എ ഏറ്റുവാങ്ങും. ടി.എൻ. പ്രതാപൻ എം.പി ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്യും. മേയർ എം.കെ. വർഗീസ് പുസ്തകം ഏറ്റുവാങ്ങും. നടൻ പ്രകാശ് രാജ് മുഖ്യാതിഥിയാകും.
വിവിധ അന്താരാഷ്ട്ര, ദേശീയ ബാൻഡുകളുടെ സംഗീതവിരുന്ന്, ലളിതകല അക്കാദമിയുടെ നേതൃത്വത്തിൽ തയാറായ തെരുവര, കുടുംബശ്രീ ഒരുക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷ്യവൈവിധ്യങ്ങളുടെ മേള, സ്ത്രീകൾക്കായി നടത്തുന്ന അന്താരാഷ്ട്ര നാടക ശിൽപശാല, ഓപൺ ഫോറം, ചർച്ചകൾ, കലാപ്രകടനങ്ങൾ തുടങ്ങിയവ നാടകോത്സവത്തിന് മാറ്റേകും.
കലയുടെ പകിട്ടിൽ സാംസ്കാരിക നഗരം
തൃശൂർ: പൂരനാട് ഇനി നാടകലഹരിയിലാണ്. അന്താരാഷ്ട്ര നാടകോത്സവത്തിന്റെ തിരക്കുകളിലേക്ക് നഗരം ആണ്ടുകഴിഞ്ഞു. നാടകങ്ങളും സംഗീത പരിപാടികളും മറ്റ് അനുബന്ധ പരിപാടികളുമായി ഏഴ് വേദികളാണ് നഗരവീഥികളെ ത്രസിപ്പിക്കുക.
വിവിധ അന്താരാഷ്ട്ര, ദേശീയ ബാൻഡുകളുടെ സംഗീതവിരുന്ന്, ലളിതകല അക്കാദമിയുടെ നേതൃത്വത്തിൽ തയാറായ തെരുവര, കുടുംബശ്രീ ഒരുക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷ്യവൈവിധ്യങ്ങളുടെ മേള, സ്ത്രീകൾക്കായി നടത്തുന്ന അന്താരാഷ്ട്ര നാടക ശിൽപശാല, ഓപൺ ഫോറം, ചർച്ചകൾ, കലാപ്രകടനങ്ങൾ തുടങ്ങിയവ നാടകോത്സവത്തിന് മാറ്റേകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.