സാര്വദേശീയ സാഹിത്യോത്സവം; ഇന്ത്യൻ ജനതയുടെ ഹൃദയത്തിലെന്താണെന്ന് ഫലസ്തീനറിയാം -നജ്വാൻ ദർവീശ്
text_fieldsതൃശൂർ: ഫലസ്തീൻ വിഷയം സംബന്ധിച്ച് ഇന്ത്യൻ ജനതയുടെ ഹൃദയത്തിലെന്താണെന്ന് തങ്ങൾക്ക് വ്യക്തമായി അറിയാമെന്ന് പ്രശസ്ത ഫലസ്തീൻ കവി നജ്വാൻ ദർവീശ്. കേരള സാഹിത്യ അക്കാദമി ആഭിമുഖ്യത്തിൽ നടക്കുന്ന സാർവദേശീയ സാഹിത്യോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് ഒരു രാജ്യത്തെയും സർക്കാറുകൾ അവിടങ്ങളിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നില്ല. എല്ലാ രാജ്യങ്ങൾക്കും അത് ബാധകമാണ്.
അറബ് ഭരണകൂടങ്ങളുടെ അവസ്ഥയും മറിച്ചല്ല. ഫലസ്തീൻ-ഇസ്രയേൽ വിഷയം രൂക്ഷമായിരിക്കുമ്പോഴും അറബ് ഭരണകൂടങ്ങൾ ഇസ്രായേലുമായി ചങ്ങാത്തത്തിലാണ്. എന്നാൽ, അറബ് ജനത ഫലസ്തീനൊപ്പമാണ്. ഇന്ത്യയിലും സമാനമാണ് കാര്യങ്ങൾ. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധമുള്ള ക്രൂരതയാണ് ഇസ്രായേൽ ഗസ്സയിലും ഫലസ്തീനിലും നടത്തുന്നത്. നിരോധിത ആയുധങ്ങൾ ഉപയോഗിക്കുന്നു. ഇസ്രായേൽ കൊന്നുതള്ളുന്നതിൽ മൂന്നിലൊന്നും കുഞ്ഞുങ്ങളാണ്. ഇസ്രായേലിനെ ഉപരോധിക്കാൻ ലോകം മുന്നോട്ടു വരണം. ലോകത്ത് സമാധാനം ആഗ്രഹിക്കുന്നവരുടെ പിന്തുണയോടെ മാത്രമേ ഫലസ്തീന് നിലനിൽപ് സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു.
അറബ് സാഹിത്യം നിലവിൽ യൂറോപ്പിനെ അനുകരിച്ചുകൊണ്ടിരിക്കുകയാണ്. അത് തമാശയായാണ് തോന്നുന്നത്. സ്വന്തം ദീർഘ കവിതകൾ കാണാതെ ചൊല്ലുന്ന കവികൾ ഉണ്ടായിരുന്നു. ഇപ്പോൾ സ്വന്തം കവിത പേപ്പറിൽ നോക്കിയാണ് അവിടെ കവികൾ ചൊല്ലുന്നത്. ഇതിന് മാറ്റംവരണമെന്നും നജ്വാൻ ദർവീശ് പറഞ്ഞു.നജ്വാൻ ചൊല്ലിയ അദ്ദേഹത്തിന്റെ കവിതകൾ കവി സച്ചിദാനന്ദൻ മലയാളത്തിലേക്ക് മൊഴി മാറ്റി അവതരിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം നടന്ന സെഷനിൽ ഇസ്രായേൽ കവിയും നോവലിസ്റ്റുമായ അമിർ ഓർ ‘ഹീബ്രുകവിത ഇന്ന്’ എന്ന വിഷയം അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.