66ലും ജലയോഗയുടെ കരുത്തിൽ അനന്തനാരായണൻ
text_fieldsതൃശൂർ: തൃശൂർ ജയ്ഹിന്ദ് മാർക്കറ്റിൽ പലചരക്ക് കട നടത്തുന്ന പി.എസ്. അനന്തനാരായണൻ എന്ന 66കാരെൻറ ജലയോഗ തൃശൂരിനൊട്ടും പുതിയതല്ല. എട്ടു മണിക്കൂര്‍ തുടര്‍ച്ചയായി വെള്ളത്തില്‍ യോഗ ചെയ്തു റെക്കോഡിട്ടിട്ടുണ്ട് ഇദ്ദേഹം. അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് തൃശൂർ പടിഞ്ഞാറേ ചിറയിൽ നടത്തിയ ജലയോഗ പ്രദർശനം കോവിഡ് പ്രമാണിച്ച് അൽപമൊന്ന് മാറ്റി.
മാസ്കിട്ട് കൈയിൽ സാനിറ്റെസർ പിടിച്ചായിരുന്നു പ്രദർശനം. ആഹാരം ക്രമീകരിച്ചും വ്യായാമം ചെയ്തും കോവിഡിനെ ചെറുക്കാമെന്ന സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം ജലയോഗക്ക് മുന്നോടിയായി പറഞ്ഞു.
വടക്കാഞ്ചേരി പനങ്ങാട്ടുകര വടക്കേമഠത്തിലെ അനന്തനാരായണൻ മൂന്നാംക്ലാസിൽ വെച്ചാണ് യോഗ പഠിച്ചുതുടങ്ങിയത്. കേരള ക്ഷേത്ര സംരക്ഷണ സമിതി നേതാവായിരുന്ന മാധവ് ജിയായിരുന്നു ഗുരു. ഇപ്പോൾ പൂങ്കുന്നത്താണ് താമസം. 30 വർഷമായി വെള്ളത്തിലെ യോഗാഭ്യാസമായ ജലയോഗ ചെയ്യുന്നു. ജീവിതത്തിൽ പോസിറ്റിവ് എനർജി നൽകാൻ ഇതിനാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രാവിലെ നാലിന് എഴുന്നേൽക്കും. നാലുതരം ശ്വസനക്രിയ ചെയ്യും. ശേഷം രണ്ട് ഗ്ലാസ് വെള്ളം കുടിക്കും. പിന്നീട് നടത്തം തുടങ്ങും. നന്നായി വിയർക്കും വരെ വേഗത്തിൽ ഒന്നര മണിക്കൂർ.. അതാണ് കണക്ക്. വീട്ടിലെത്തി 13 സൂര്യനമസ്കാരം. വെറുംവയറ്റിൽ ചുക്കുകാപ്പി. ചുക്ക്, ജീരകം, കരിഞ്ചീരകം, തിപ്പലി, അയമോദകം, മല്ലി, ഉലുവ എന്നിവ ചൂടാക്കി പൊടിച്ച് ഒരു ടീസ്പൂൺ ഒരു ഗ്ലാസ് വെള്ളത്തിലിട്ട് കഴിക്കും. പൂങ്കുന്നത്തുനിന്ന് നഗരത്തിലേക്കും തിരിച്ചും നടപ്പുതന്നെ. തിരിച്ചെത്തി അത്താഴം കുറച്ചുമാത്രം.
'കണ്ണിമാങ്ങ കരിങ്കാളൻ, കനലിൽ ചുട്ടപപ്പടം പഴയരിപ്പൊടി കഞ്ഞി തിന്നാൽ ഊണിൽ വൈഭവം' എന്ന് പഴമക്കാർ പറഞ്ഞതനുസരിച്ചാണ് ജീവിതം. കാലാവസ്ഥ മാറുന്നതനുസരിച്ച് ഇങ്ങനെയാണ് ഭക്ഷണമെന്ന് അദ്ദേഹം പറയുന്നു.
രാത്രി ഒമ്പതിന് ഉറക്കം. ഇതാണ് ദിനചര്യ. ജലയോഗ വ്യത്യസ്തമാണ്. അതിെൻറ പാഠങ്ങള്‍ പരിശീലിക്കാന്‍ ഒട്ടേറെ ശിഷ്യരുമുണ്ട്. താമരയില പൊന്തിക്കിടക്കുന്നതുപോലെ വെള്ളത്തില്‍ പൊന്തികിടക്കും. പത്മാസനം, പര്‍വതാസനം തുടങ്ങി കരയിലിരുന്നു ചെയ്യാവുന്ന യോഗയെല്ലാം വെള്ളത്തിലാണെന്ന് മാത്രം. ശരീരത്തിന് എത്ര ക്ഷീണമുണ്ടെങ്കിലും ജലയോഗ ചെയ്താല്‍ ക്ഷീണം പറപറക്കുമെന്ന് ഇദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.