നിറഞ്ഞ സദസ്സിൽ, നിറ കൈയടിയോടെ...
text_fieldsതോപ്പിൽ ഭാസി ബ്ലാക് ബോക്സിൽ അരങ്ങേറിയ ‘സർക്കിൾ റിലേഷൻസ്’ നാടകത്തിൽനിന്ന്
തൃശൂർ: ഒ.ടി.ടിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട അലൻസിയർ-സണ്ണി വെയ്ൻ ചിത്രമായ ‘അപ്പന്റെ’ നാടകാവിഷ്കാരം 15ാം അന്താരാഷ്ട്ര നാടകോത്സവ വേദിയിൽ നിറഞ്ഞ സദസിന് മുന്നിൽ പ്രദർശിപ്പിച്ചു. ഏകാധിപതിയായ ഗൃഹനാഥന്റെ വലയത്തിൽ കുടുങ്ങിപ്പോയ കുടുംബത്തെ ഗൃഹനാഥനുമായി ബന്ധമുള്ള സ്ത്രീ തന്നെ മോചിപ്പിക്കുന്നതാണ് ‘ഭൂതങ്ങൾ’. ശബ്ദ, ദൃശ്യങ്ങളാൽ വിസ്മയിപ്പിച്ച നാടകം കാണികളുടെ നിറഞ്ഞ കൈയടി നേടി. ഒ.ടി. ഷാജഹാന്റെ സംവിധാനത്തിൽ പാലക്കാട് അത്ലറ്റ് കായിക നാടകവേദിയാണ് നാടകം അരങ്ങിലെത്തിച്ചത്.
മജു സംവിധാനം ചെയ്ത് 2022ൽ പുറത്തിറങ്ങിയ ‘അപ്പൻ’ എന്ന മലയാള സിനിമയെ അടിസ്ഥാനമാക്കിയാണ് നാടകം. അലിയാർ അലിയുടെ രംഗപടവും സനീഷിന്റെ വെളിച്ച വിതാനവും മിഥുൻ മലയാളത്തിന്റെ സംഗീതവും നാടകത്തിന് മുതൽക്കൂട്ടായി. ‘സ്വത്തിനു വേണ്ടിയുള്ള ആളുകളുടെ കുടിലതയും സ്വാർഥതയും നിറഞ്ഞ രീതിയിലുള്ള കുറെ ചിത്രങ്ങളാണ് നാടകത്തിലെന്ന്’ ഷാജഹാൻ പറഞ്ഞു. അധികാരത്തിന് വേണ്ടിയുള്ള വടംവലിയും പരസ്പരം സ്നേഹമില്ലായ്മയും ഗൂഡാലോചനയും ഒത്തുചേർന്ന് നീചരായ മനുഷ്യർക്കിടയിൽ വളർന്നു വരുന്നൊരു തലമുറയെ നാടകം വരച്ചിടുന്നു. കൊച്ചു കുട്ടിയുടെ മാനസിക പിരുമുറുക്കങ്ങളിലൂടെയാണ് ഈ ആശയത്തെ അവതരിപ്പിച്ചത്. എല്ലാവരാലും വെറുക്കപെടുന്ന അപ്പൻ കഥാപാത്രം ആ കുട്ടിയിയെ സ്വാധീനിക്കുന്നു.
അപ്പന്റെ സ്വത്തിനെ ലക്ഷ്യംവെച്ചുകൊണ്ട് കുടുംബത്തിലെ എല്ലാവരും മുന്നിട്ടിറങ്ങുമ്പോൾ അതിനെ വെല്ലുവിളിക്കുന്ന അപ്പന്റെ സ്വാർഥതയെയും അഹങ്കാരത്തെയും നാടകത്തിൽ കാണാം. കുടുംബപ്രേക്ഷകരെയും യുവ തലമുറയെയും ഒരുപോലെ ഉന്നംവെക്കുന്ന നാടകം വീടിന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചത്. ഗാനവും നൃത്തവും സംഘട്ടനവും ഉൾപെടുത്തികൊണ്ടുള്ള ദൃശ്യാവിഷ്കാരമാണിത്. ആധുനിക തീയറ്ററിന്റെ എല്ലാ ഘടകങ്ങളെയും ഉൾപ്പെടുത്തികൊണ്ട് അരങ്ങേറിയ അമച്വർ നാടകം ‘ഭൂതങ്ങൾ’ ഇറ്റ്ഫോക്കിന്റെ അഞ്ചാം ദിനത്തിന് സാക്ഷിയായി.
ജാതകം, ഗ്രഹരാശി എന്നീ പ്രമേങ്ങളുമായി ഹംഗറിയിലെ ലിവിങ് പിക്ചർ തിയേറ്ററിന്റെ ‘സർക്കിൾ റിലേഷൻസ്’ നാടകവും ഏറെ ശ്രദ്ധിക്കപ്പെട്ടു. മനുഷ്യബന്ധങ്ങളുടെ സങ്കീർണതകളെ പര്യവേഷണം ചെയ്യുന്നതിനെ പ്രമേയമാക്കി ഉടലെടുത്തതാണ് സോഫിയ ബേർസിയുടെ ഹംഗേറിയൻ നാടകം. വ്യക്തിത്വത്തിന്റെ വിവിധ തലങ്ങളെ തിരിച്ചറിയാനും സ്വഭാവ പ്രതികരണങ്ങളെ വസ്തുതാപരമായി അവതരിപ്പിച്ചുമാണ് സർക്കിൾ റിലേഷൻസ് പ്രേക്ഷക സ്വീകാര്യത നേടിയത്.രണ്ട് ഗ്രഹരാശികൾ അഥവാ രണ്ട് ഭാഗങ്ങളായാണ് സർക്കിൾ റിലേഷൻസിന്റെ അവതരണം. സൗരയൂഥത്തിന്റെ താളം, ആത്മാക്കളുടെ ആന്തരിക സ്വഭാവം തുടങ്ങിയ വിചിത്രമായ വിവരങ്ങളാണ് നാടകത്തിൽ സംവിധായിക ചിത്രീകരിച്ചത്. ജീവിതത്തിൽ പല വിഷമഘട്ടങ്ങളിലും തണലായി മുന്നിലെത്തേക്കുന്നവരെ മാലാഖമാരായി ചിത്രീകരിച്ചു കാവ്യാത്മക ഭാഷയിൽ അവരെ വിവരിച്ചുകൊണ്ടാണ് പ്രകടനം ആരംഭിക്കുന്നത്.
ഗുജറാത്തിൽനിന്നുള്ള ‘ഐറ്റം’ എന്ന നാടകവും പ്രേക്ഷക ശ്രദ്ധ നേടി. സ്വത്വത്തിനായുള്ള സ്ത്രീകളുടെ അവകാശത്തെയും പോരാട്ടത്തെയും ആവിഷ്ക്കരിച്ച് അസ്തിത്വ ആർട്ട് ഫൗണ്ടേഷന്റെ ബഹുഭാഷാ നാടകമായ ‘ഐറ്റം’ സ്ത്രീകൾക്ക് മേൽ സമൂഹം അടിച്ചേൽപ്പിക്കുന്ന പ്രതീക്ഷകളെക്കുറിച്ചുള്ള ചർച്ചയാണ്. അർപ്പിത ധാഗത് ആണ് സംവിധാനം ചെയ്തത്. സംഗീതത്തിന്റെയും ദൃശ്യാവിഷ്കാരങ്ങളുടെയും മിശ്രണത്തിലൂടെ പ്രേക്ഷകരെ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളിലേക്ക് നാടകം നയിക്കുന്നു.
ഇറ്റ്ഫോക്കിൽ കെ.ടി. മുഹമ്മദ് റീജനൽ തിയറ്ററിൽ അരങ്ങേറിയ ‘ഭൂതങ്ങൾ’ നാടകത്തിൽനിന്ന്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.