മലക്കപ്പാറ, അരേക്കാപ്പ് കോളനികളില്‍ ഇന്റര്‍നെറ്റും ഫോണും എത്തി
text_fieldsഅതിരപ്പിള്ളി: മലക്കപ്പാറ, അരേക്കാപ്പ് ആദിവാസി ഊരുകളില്‍ ഇനി വിവരങ്ങള്‍ അറിയിക്കാനും അറിയാനും മലകയറണ്ട. മൊബൈല്‍ ഫോണിന് റേഞ്ച് പോലുമില്ലാതിരുന്ന ഊരുകളില്‍ ഇന്റര്‍നെറ്റ് സൗകര്യമൊരുക്കിയിരിക്കുകയാണ് അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത്.
ഊരിലേക്കുള്ള ഇന്റർനെറ്റ് സംവിധാനത്തിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം ജെനീഷ് പി. ജോസ് നിർവഹിച്ചു. ചടങ്ങിൽ പ്രസിഡന്റ് കെ.കെ. റിജേഷ് അധ്യക്ഷത വഹിച്ചു.
അരേക്കാപ്പില്‍ മാത്രമല്ല, മലക്കപ്പാറയിലെ പെരുമ്പാറ ഊരിലും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇന്റര്‍നെറ്റ് സേവനം എത്തിച്ചിട്ടുണ്ട്. ബി.എസ്.എന്‍.എല്‍ തൃശൂര്‍ ബിസിനസ് ഏരിയയുടെ സഹകരണത്തോടെ 13 കിലോമീറ്ററോളം ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിച്ചാണ് പഞ്ചായത്തിന്റെ ദൂരദിക്കുകളിലെ ഊരുകളില്‍ അതിവേഗ ഇന്റര്‍നെറ്റും സൗജന്യ ടെലിഫോണ്‍ സംവിധാനവും എത്തിച്ചത്.
പദ്ധതിക്കായി കേബിള്‍ വലിച്ചിരിക്കുന്നത് മലക്കപ്പാറയില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള തമിഴ്നാട്ടില്‍ നിന്നാണ്. പഞ്ചായത്തിന്റെ പ്രത്യേക ഫണ്ടില്‍നിന്ന് അഞ്ചര ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്.
മലക്കപ്പാറയില്‍നിന്ന് നാലു കിലോമീറ്റര്‍ അകലെ വനമധ്യത്തിലുള്ള അരേക്കാപ്പ് ഊരിലാണ് ഇന്റര്‍നെറ്റും ഫോണും ആദ്യം എത്തിയത്. ഇവിടുത്തെ 25 വീടുകളിലേക്കാണ് പദ്ധതിയിലുള്‍പ്പെടുത്തി ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കിയത്.
മലക്കപ്പാറയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള അടിച്ചില്‍ത്തൊട്ടി ഊരിലേക്ക് കൂടി ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്ന തരത്തില്‍ പദ്ധതി വ്യാപിപ്പിക്കാൻ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പട്ടികവര്‍ഗ പിന്നാക്ക കോളനികളില്‍ ഇന്റര്‍നെറ്റ് സംവിധാനം എത്തിക്കുന്നതിനുള്ള സുപ്രധാന പദ്ധതിക്കായി 25 ലക്ഷം രൂപയാണ് പഞ്ചായത്ത് നീക്കിെവച്ചിരിക്കുന്നത്.
ആകെ 14 പട്ടികവര്‍ഗ പിന്നാക്ക കോളനികളാണ് പഞ്ചായത്തിന് കീഴില്‍ വരുന്നത്. കോളനികളിലെ എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.
അരേക്കാപ്പ്, പെരുമ്പാറ ഊരുകളെ കൂടാതെ മലക്കപ്പാറ കമ്യൂണിറ്റി സെന്റര്‍, പൊലീസ് സ്റ്റേഷന്‍, സര്‍ക്കാര്‍ സ്കൂള്‍ എന്നിവിടങ്ങളിലേക്കും മലക്കപ്പാറയിലെ നിരീക്ഷണ കാമറ സംവിധാനത്തിലേക്കും ഇന്റര്‍നെറ്റ് കണക്ഷന്‍ വ്യാപിപ്പിക്കും.
അരേക്കാപ്പ് ഊരിലേക്ക് വൈദ്യുതി തൂണുകളിലൂടെയും ബാക്കി മരങ്ങളിലൂടെയുമാണ് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വലിച്ചിരിക്കുന്നത്. 200 എം.ബി.പി.എസ് വേഗതയുള്ള കണക്ഷനാണ് നൽകിയതെന്ന് ബി.എസ്.എന്‍.എല്‍ ഡി.ജി.എം രവിചന്ദ്രന്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.