അന്തർ സംസ്ഥാന വാഹന മോഷണ സംഘം പിടിയിൽ
text_fieldsസജിത്ത്, സുനീഷ്, വിഷ്ണു ,വിജിത്ത്, രഞ്ജിത്ത്
ചേർപ്പ്: രാത്രി സമയങ്ങളിൽ വാഹനങ്ങൾ മോഷ്ടിച്ച് തമിഴ്നാട്ടിൽ എത്തിച്ച് വിൽക്കുന്ന അന്തർ സംസ്ഥാന വാഹന മോഷണ സംഘം പിടിയിൽ. പൊള്ളാച്ചി കോവിൽപാളയം എസ്.കെ നിവാസിൽ സജിത്ത് (25), പുതുക്കാട് കണ്ണമ്പത്തൂർ സ്വദേശികളായ പുന്നത്താടൻ വീട്ടിൽ വിജിത്ത് (33), പുന്നത്താടൻ വീട്ടിൽ രഞ്ജിത്ത് (38), ചിയ്യാരം പള്ളിപ്പാടത്ത് വീട്ടിൽ സുനീഷ് (35), നന്തിപുലം കരിയത്ത് വളപ്പിൽവീട്ടിൽ വിഷ്ണു (30) എന്നിവരെയാണ് റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാർ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 23ന് ചേർപ്പ് പാറക്കോവിലിൽനിന്ന് പുലർച്ചെ രണ്ടോടെ മിനിലോറി മോഷണം പോയിരുന്നു. ഇതിൽ ചേർപ്പ് പൊലീസ് രജിസ്റ്റർ ചെയ്ത് കേസ് അന്വേഷിക്കാൻ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കെ.ജി. സുരേഷ്, ചേർപ്പ് എസ്.ഐ എം. അഫ്സൽ, സീനിയർ സി.പി.ഒ ഇ.എസ്. ജീവൻ, സി.പി.ഒമാരായ കെ.എസ്. ഉമേഷ്, ഗോകുൽദാസ്, റിൻസൻ എന്നിവർ ഉൾപ്പെട്ട പ്രത്യേക സംഘം രൂപവത്കരിച്ചു. ഇവരുടെ അന്വേഷണത്തിൽ മോഷണ സ്ഥലത്തെത്തിയ മറ്റൊരു വാഹനം കണ്ടെത്തി. ഇത് പൊള്ളാച്ചി സ്വദേശിയായ സജിത്ത് ഉപയോഗിക്കുന്നതാണെന്നും ഇയാൾ മോഷണ സംഘത്തിലെ അംഗമാണെന്നും കണ്ടെത്തി. ഇയാളെക്കുറിച്ച് രഹസ്യമായി നടത്തിയ അന്വേഷണമാണ് മറ്റ് പ്രതികളിലേക്ക് എത്തിച്ചത്.
കൊടകര പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്നും കഴിഞ്ഞ മാസം 27ന് മിനിലോറി മോഷണം പോയിരുന്നു. ഇത് അന്വേഷിക്കാൻ ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചിരുന്നു. രണ്ട് കേസുകളിലും അന്വേഷണം നടക്കുന്നതിനിടെ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി, കൊടകര ഇൻസ്പെക്ടർ പി.കെ. ദാസ്, ചേർപ്പ് എസ്.ഐ എന്നിവരുൾപ്പെട്ട ടീം പൊള്ളാച്ചിയിലെത്തി സജിത്തിനെ പിടികൂടി. അതേസമയം, ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മണ്ണുത്തി ഭാഗത്തുനിന്ന് വിജിത്ത്, രഞ്ജിത്ത്, സുനീഷ്, വിഷ്ണു എന്നിവരെയും പിടികൂടുകയായിരുന്നു.
പകൽ വാഹനങ്ങൾ കണ്ടെത്തി അർധരാത്രിയോടെ സ്ഥലത്തെത്തി സുനീഷും രഞ്ജിത്തും വിഷ്ണുവും വിജിത്തും ചേർന്ന് മോഷ്ടിച്ച് വാഹനം സജിത്തിന് കൈമാറും. സജിത്ത് മേട്ടുപ്പാളയത്ത് പഴയ വാഹനങ്ങൾ പൊളിച്ചു വിൽക്കുന്ന സംഘത്തിന് വിൽക്കും. അവിടെനിന്നാണ് അന്വേഷണ സംഘം മോഷ്ടിക്കപ്പെട്ട വാഹനങ്ങൾ കണ്ടെത്തിയത്. മൂന്ന് മാസത്തിനിടയിൽ നിരവധി വാഹനങ്ങൾ ഇവർ മോഷ്ടിച്ചതായി സംശയിക്കുന്നുവെന്ന് റൂറൽ പൊലീസ് അറിയിച്ചു. പുതുക്കാട്ടുനിന്ന് മോഷ്ടിച്ച കണ്ടെയ്നർ ലോറി, കൊടകര, ഒല്ലൂർ എന്നിവിടങ്ങളിൽനിന്ന് മോഷ്ടിച്ച പിക്ക് അപ് വാനുകൾ, മോഷണ സംഘം ഉപയോഗിച്ച കാർ എന്നിവ കസ്റ്റഡിയിലെടുത്തു. രഞ്ജിത്തിനെതിരെ പുതുക്കാട് പൊലീസ് സ്റ്റേഷനിൽ അടിപിടി, വധശ്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങി ആറ് ക്രിമിനൽ കേസും വിജിത്തിനെതിരെ പുതുക്കാട് പൊലീസ് സ്റ്റേഷനിൽ രണ്ട് അടിപിടി കേസുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.