അണ്ടത്തോട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലഹരി സംഘം
text_fieldsപുന്നയൂർക്കുളം: തീരമേഖലയിൽ ലഹരി സംഘം വിലസുന്നു. അണ്ടത്തോട് സെന്ററിലെ ഗുണ്ടാ വിളയാട്ടത്തിനെതിരെ നൽകിയ പരാതിയിൽ നടപടിയില്ലെന്നാക്ഷേപം. തിങ്കളാഴ്ച രാത്രി 10 ന് ശേഷമാണ് അണ്ടത്തോട് സെന്ററിൽ മൂന്ന് ബൈക്കുകളിലെത്തിയ അജ്ഞാതരായ ആറംഗ സംഘം വാളും വടിയുമായി ഭീകരാന്തരീക്ഷമുണ്ടാക്കിയത്. വഴി വിളക്കില്ലാത്തതിനാൽ യുവാക്കളെ തിരിച്ചറിയാനായില്ല.
അണ്ടത്തോട് ബീച്ചിൽനിന്ന് ദേശീയ പാതയിലേക്ക് കയറിയ സംഘം സമീപത്ത് കട അടച്ചു പുറത്തിറങ്ങിയ വ്യാപാരി കുമാരൻ പടി ചുള്ളിയിൽ സജീവനെ കണ്ട് അസഭ്യം പറഞ്ഞ് പാഞ്ഞടുത്തു. ഒരാൾ വെട്ടാടാ എന്ന് ആക്രോശിച്ചപ്പോൾ മറ്റൊരാൾ വാളുമായി ബൈക്കിൽനിന്ന് ചാടിയിറങ്ങി. കൂട്ടത്തിലെ മറ്റൊരാളെത്തി തടഞ്ഞു.
പിന്നീട് ബൈക്കുകളിൽ കയറി പോകാൻ തയ്യാറായ അവർ വീണ്ടും ചാടിയിറങ്ങി. സജീവന് നേരെ പാഞ്ഞടുത്തു. അര ഭാഗം വരെ പരിശോധിച്ച സംഘം ട്രൗസറിന്റെ കീശ തപ്പിനോക്കാത്തതിനാൽ അതിലുണ്ടായിരുന്ന കാശ് എടുക്കാനായില്ല. അതോടെ അടുത്ത കടയുടെ ബോർഡും തകർത്താണ് ആക്രമികൾ സ്ഥലം വിട്ടത്.
സജീവൻ വ്യാപാരി വ്യവസായി ഏകോപന സമിതി അണ്ടത്തോട് ശാഖാ ഭാരവാഹികൾ മുഖേന ചൊവ്വാഴ്ച വടക്കേക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
തീരമേഖലയിൽ രാത്രിയായാൽ ലഹരി സംഘങ്ങൾ വിലസുകയാണ്. എടക്കഴിയൂർ, പഞ്ചവടി ബീച്ചുകളിലും അകലാട്, മന്ദലാംകുന്ന്, പാപ്പാളി, അണ്ടത്തോട്, പെരിയമ്പലം, തങ്ങൾപ്പടി കാപ്പിരിക്കാട് ബീച്ചുകളിലും കുട്ടാടൻ പാട വരമ്പുകളിലും റോഡു വക്കിലും തമ്പടിച്ചാണ് യുവാക്കൾ മയക്കുമരുന്ന് ഉപയോഗിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ്. കുറ്റവാളികളെ പിടികൂടണമെന്നും മേഖലയിൽ രാത്രി കാല പട്രോളിങ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.