കരുവന്നൂരിലെ നിക്ഷേപകർ ഇപ്പോഴും പണം കിട്ടാതെ അലയുന്നു
text_fieldsതൃശൂർ: 30 ലക്ഷത്തിലധികം രൂപ നിക്ഷേപമുണ്ടായിട്ടും ചികിത്സക്ക് പണമില്ലാതെ ജീവൻ നഷ്ടപ്പെട്ട കരുവന്നൂർ സഹകരണ ബാങ്കിന്റെ ഇര ഫിലോമിനയുടെ വേർപാടിന് വ്യാഴാഴ്ച ഒരു വർഷം. 2022 ജൂലൈ 27നാണ് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ കരുവന്നൂർ എറാട്ടുപറമ്പിൽ ദേവസിയുടെ ഭാര്യ ഫിലോമിന മരിച്ചത്.
വിദഗ്ധ ചികിത്സ ലഭിക്കാതെയും ചികിത്സക്ക് നിരവധി തവണ ബാങ്കിനെ സമീപിച്ചിട്ടും തുക അനുവദിക്കാതെയുമായിരുന്നു ഇവരുടെ മരണം. മരണം ഏറെ വിവാദമാവുകയും മൃതദേഹവുമായി പ്രതിഷേധമുയരുകയും ചെയ്തതിന് പിന്നാലെ ദിവസങ്ങൾക്കുള്ളിൽ നിക്ഷേപത്തുക മടക്കിനൽകിയിരുന്നു.
എന്നാൽ, വർഷത്തിനിപ്പുറവും കരുവന്നൂരിലെ നിക്ഷേപകർ പണത്തിനായി ബാങ്ക് പടിക്കെട്ടുകൾ കയറിയിറങ്ങുകയാണ്. അടിയന്തര ചികിത്സാവശ്യം പറഞ്ഞെത്തുന്നവരോട് പോലും തുക അനുവദിക്കുന്നില്ലെന്ന പരാതികളുടെ എണ്ണം ഏറുകയാണ്. അവശ്യത്തിന്റെ മുൻഗണന കണക്കാക്കി തുക നൽകണമെന്ന കോടതി വിധി അനുകൂലമാക്കിയാണ് അത്യാവശ്യക്കാരെപോലും ഇപ്പോഴും നടത്തിക്കുന്നത്.
ബാങ്ക് തട്ടിപ്പ് കേസ് പുറത്ത് വന്നിട്ട് ഇപ്പോൾ രണ്ട് വർഷമെത്തിയിട്ടും കേസിൽ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ക്രൈംബ്രാഞ്ച്, ഇ.ഡി, സി.ബി.ഐ, ആദായനികുതി വകുപ്പ്, സഹകരണ വകുപ്പ് എന്നിങ്ങനെ അഞ്ച് ഏജൻസികളാണ് കേസ് അന്വേഷിക്കുന്നത്.
2021 ജൂലൈ 14നാണ് 300 കോടിയുടെ ക്രമക്കേടിന്റെ കരുവന്നൂർ സഹകരണ ബാങ്ക് കൊള്ള പുറംലോകമറിഞ്ഞത്. ഭരണസമിതിയംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്നാണ് വൻ കൊള്ള നടത്തിയതെന്നാണ് കണ്ടെത്തൽ. രണ്ട് ഭരണസമിതിയിലുള്ള അംഗങ്ങളെയും ഉദ്യോഗസ്ഥരെയുമടക്കം പ്രതികളാക്കിയാണ് അന്വേഷണം. ക്രൈംബ്രാഞ്ച് ഭാഗികമായി കുറ്റപത്രം നൽകിയെങ്കിലും അന്വേഷണം പുരോഗമിക്കുന്നുവെന്ന റിപ്പോർട്ടിനപ്പുറം അന്തിമ റിപ്പോർട്ട് ഇനിയും നൽകിയിട്ടില്ല.
ഇ.ഡി പാതിരാവിലടക്കമെത്തി മണിക്കൂറുകൾ നീളുന്ന പരിശോധന നടത്തി ഫയലുകൾ കൊണ്ടുപോയി. പ്രതി ചേർത്തവരിൽ ചിലരിൽനിന്ന് മൊഴിയെടുക്കലും നടത്തിയതല്ലാതെ ഇതിലും എങ്ങുമെത്തിയിട്ടില്ല. സി.ബി.ഐ ഫയലുകൾ പരിശോധിക്കുകയാണെന്നാണ് മറ്റൊരു വിശദീകരണം.
സഹകരണവകുപ്പ് ബാങ്കിന് നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി ജപ്തി നടപടികളിലേക്ക് കടന്നു. മുഖ്യപ്രതികളിൽ രണ്ട് പേരുടെ വസ്തുക്കൾ ജപ്തിയിലേക്ക് കടന്നതോടെ എല്ലാവരും ചേർന്ന് ഹൈകോടതിയിൽനിന്ന് സ്റ്റേ വാങ്ങിയതോടെ ഇതും നിലച്ചു.
പ്രതികളെല്ലാവരും പുറത്താണ്. സർക്കാർ സഹായിക്കുമെന്ന ഉഗ്രൻ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമുണ്ടായെങ്കിലും പണം നിക്ഷേപിച്ചവർ ഊരാക്കുടുക്കിൽപെട്ട നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.