ഇരിങ്ങാലക്കുടയിൽ പത്ത് ക്യാമ്പുകളിൽ കഴിയുന്നത് 527 പേർ
text_fieldsഇരിങ്ങാലക്കുട: മണ്ഡലത്തിൽ പത്ത് ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 527 പേർ. മഴ കുറഞ്ഞെങ്കിലും കരുവന്നൂർ പുഴയിലെയും കനോലി കനാൽ, കെ.എൽ.ഡി.സി കനാൽ, എം.എം കനാൽ എന്നിവയിലെ ജലനിരപ്പ് കുറയാത്തതുമൂലം വീടുകളിലെ വെള്ളക്കെട്ട് കുറഞ്ഞിട്ടില്ലെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്.
ഇരിങ്ങാലക്കുട നഗരസഭയിൽ കരുവന്നൂർ സെന്റ് ജോസഫ്സ് സ്കൂളിലെ ക്യാമ്പിൽ 25 കുടുംബങ്ങളിലായി 58 പേരും മാപ്രാണം സെന്റ് സേവ്യേഴ്സ് സ്കൂളിൽ 21 കുടുംബങ്ങളിൽനിന്നായി 59 പേരും ആസാദ് റോഡിലെ പകൽ വീട്ടിൽ നാല് കുടുംബങ്ങളിൽ നിന്നായി പത്ത് പേരുമാണുള്ളത്. കാറളം പഞ്ചായത്തിൽ കാറളം ഹൈസ്കൂളിൽ 45 കുടുംബങ്ങളിൽ നിന്നായി 90 പേരും എ.എൽ.പി സ്കൂളിൽ 38 കുടുംബങ്ങളിൽ നിന്നായി 99 പേരും കഴിയുന്നുണ്ട്.
കാട്ടൂർ പഞ്ചായത്തിൽ കരാഞ്ചിറ സെന്റ് സേവ്യേഴ്സ് സ്കൂളിൽ 43 കുടുംബങ്ങളിലെ 119 പേരും പോംപെ സെന്റ് മേരീസ് സ്കൂളിൽ 11 കുടുംബങ്ങളിലെ 26 പേരുമാണുള്ളത്. രോഗികളായ അഞ്ചുപേർ ഗവ ആശുപത്രിയിലുമുണ്ട്. പടിയൂർ പഞ്ചായത്തിൽ കഴിഞ്ഞദിവസം എടതിരിഞ്ഞി എച്ച്.ഡി.പി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ 11 കുടുംബങ്ങളിലെ 21 പേർ എത്തിയിട്ടുണ്ട്. പഞ്ചായത്തിലെ കാക്കാത്തുരുത്തി കൂത്തുമാക്കൽ പ്രദേശത്തുനിന്നുള്ളവരാണ് ഇവരിൽ അധികം പേരും.
മുരിയാട് പഞ്ചായത്തിൽ അയ്യങ്കാളി സാംസ്കാരിക നിലയത്തിൽ രണ്ടു കുടുംബങ്ങളിൽ നിന്നായി ഏഴുപേരും പുല്ലൂർ എസ്.എൻ.ബി.എസ് സ്കൂളിൽ 12 കുടുംബങ്ങളിൽനിന്നായി 33 പേരും കഴിയുന്നുണ്ട്. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പുകളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അടക്കമുള്ള ജനപ്രതിനിധികളുടെയും വിവിധ സ്കൂളുകളിലെ എൻ.എസ്.എസ് വളന്റിയർമാരുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ അവശ്യ സാധനങ്ങൾ എത്തിച്ച് നൽകുന്നുണ്ട്.
പഞ്ചായത്തുകളിലെ ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ പരിശോധനയും സൗജന്യ മരുന്ന് വിതരണവും നടത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.