ഉൽപാദനത്തിൽ വൻ ഇടിവ്; കാറളത്ത് ആയിരത്തോളം ഏക്കർ നെൽകൃഷി പ്രതിസന്ധിയിൽ
text_fieldsഇരിങ്ങാലക്കുട: കാലാവസ്ഥ വ്യതിയാനം മൂലം നിയോജക മണ്ഡലത്തിലെ നെൽകൃഷിയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ കാറളത്ത് പ്രതിസന്ധിയിലായത് ആയിരത്തോളം ഏക്കർ നെൽകൃഷി. നെല്ല് കൊയ്ത്തിന് ചെല്ലുമ്പോൾ പതിരായിട്ടാണ് കാണുന്നതെന്ന് കർഷകർ പറയുന്നു. ഒരു ഏക്കർ കൊയ്ത് കഴിഞ്ഞാൽ 32 ക്വിന്റൽ നെല്ല് കിട്ടേണ്ടിടത്ത് ഇപ്പോൾ ലഭിക്കുന്നത് 150 കിലോ മുതൽ 1500 കിലോ വരെ മാത്രം.
ഒരു മണിക്കൂർ കൊയ്യാൻ 2100 രൂപ വരെയാണ് ചെലവ്. രണ്ട് മണിക്കൂർ കൊയ്താൽ കൊയ്ത്ത് ചെലവ് പോലും കിട്ടാത്ത സാഹചര്യമാണെന്ന് ജില്ല കോൾ കർഷക സംഘം എക്സിക്യൂട്ടീവ് അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ വി.എൻ. ഉണ്ണികൃഷ്ണൻ പറയുന്നു.
അധികം പതിരായ നെല്ല് എടുക്കാൻ മില്ലുകൾ തയാറാകുന്നുമില്ല. കൊയ്ത്ത് തന്നെ ഉപേക്ഷിക്കേണ്ട സാഹചര്യത്തിലാണ് കർഷകർ. മുന്‍കാലങ്ങളില്‍ വൈക്കോല്‍ ലഭിക്കുമായിരുന്നു. ഇത്തവണ അതുപോലും ആര്‍ക്കും ആവശ്യമില്ലാത്ത അവസ്ഥയാണെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു.
കാറളം പഞ്ചായത്തിൽ മാത്രം മൂവായിരം ഏക്കറിലാണ് കൃഷി ഇറക്കിയിട്ടുള്ളത്. ഇതിൽ പകുതിയോളം ഭാഗികമായും 25 ശതമാനം പൂര്‍ണമായും ഉഷ്ണതരംഗം ബാധിച്ച അവസ്ഥയിലാണ്. 120 ഓളം കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. മുരിയാട് കോള്‍ മേഖലയിലെയും കടുപ്പശ്ശേരി പ്രദേശത്തെയും കര്‍ഷകര്‍ക്കും പറയാനുള്ളത് ഇതേ കദനകഥ മാത്രം.
കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് വരുംവർഷങ്ങളിലും കടുത്ത ചൂട് ആവർത്തിച്ചാൽ സെപ്റ്റംബറിൽ തന്നെ കൃഷിയിറക്കി മാർച്ചിന് മുമ്പായി കൊയ്ത് എടുക്കേണ്ടി വരുമെന്നും മൂപ്പ് കുറഞ്ഞതും പ്രത്യുൽപാദന ശേഷിയുള്ളതുമായ വിത്തുകൾ ഉപയോഗിക്കേണ്ടി വരുമെന്നും ഇതിനുമുമ്പായി കാർഷിക സർവകലാശാല അധികൃതർ തന്നെ സ്ഥലം സന്ദർശിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, വര്‍ഷകാലത്ത് ഉണ്ടാകാവുന്ന പെയ്ത്തു വെള്ളം എങ്ങനെ കൈകാര്യം ചെയ്യുമെന്ന ചിന്തയിലാണ് കര്‍ഷകര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.