അമൃത് കുടിവെള്ള പദ്ധതി ഇഴയുന്നു; പൊളിച്ച റോഡുകളുടെ അറ്റകുറ്റപ്പണിയും
text_fieldsഇരിങ്ങാലക്കുട: കുടിവെള്ള ശൃംഖല ശക്തിപ്പെടുത്താനും ശുദ്ധജല കണക്ഷനുകൾ നൽകാനും ലക്ഷ്യമിട്ട് ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ വിവിധ വാർഡുകളിൽ നടപ്പാക്കുന്ന അമൃത് പദ്ധതി മന്ദഗതിയിൽ. കഴിഞ്ഞ വർഷം അവസാനത്തോടെയാണ് 1500 കണക്ഷൻ നൽകാൻ ലക്ഷ്യമിട്ട് ഏഴ് കോടി രൂപയുടെ പദ്ധതി വിവിധ വാർഡുകളിലായി നടപ്പാക്കാൻ ആരംഭിച്ചത്. കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റലും പുതിയവ സ്ഥാപിക്കലും ടാങ്ക് നിർമാണവുമെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൈപ്പിടൽ പ്രവൃത്തികൾ ഭൂരിപക്ഷം വാർഡുകളിലും പൂർത്തിയായെങ്കിലും പൈപ്പിടാൻ വേണ്ടി ഭാഗികമായി പൊളിച്ച റോഡുകളുടെ അറ്റകുറ്റപ്പണി എവിടെയും എത്തിയിട്ടില്ല. നിർമാണ പ്രവൃത്തികളുടെ ഭാഗമായി ഉണ്ടായ പൈപ്പ് ചോർച്ച തീർത്ത് അറ്റകുറ്റപ്പണി ഉടൻ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ വിവിധ യോഗങ്ങളിൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പൂർത്തിയായിട്ടില്ല.
എട്ട് മാസം പിന്നിട്ട പദ്ധതിയുടെ 35 ശതമാനമേ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുള്ളൂ. തിരുവനന്തപുരം സ്വദേശിയാണ് മുഖ്യ കരാറുകാരൻ. നഗരസഭയും വാട്ടർ അതോറിറ്റിയും നിരന്തരം ഇടപെടുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. പദ്ധതിക്കായി ഭാഗികമായി പൊളിച്ച റോഡുകളിലെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ മറ്റ് വാർഡുകളിലെ റോഡുകൾ പൈപ്പിടാൻ കുഴിക്കുന്നത് തുടരുകയാണ്. പൊളിച്ചിട്ട റോഡുകളിലെ അറ്റകുറ്റപ്പണികളും പൈപ്പ് ചോർച്ചയും തീർക്കാതെ 2023-‘24 പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ ടെൻഡർ നടപടികൾ പൂർത്തിയാക്കിയ റോഡുകളിലെ ടാറിങ് പണികൾ ആരംഭിക്കാൻ കഴിയില്ലെന്ന സാഹചര്യവുമുണ്ട്.
22ാം വാർഡിൽ നാല് റോഡുകൾ ഈ പട്ടികയിൽ ഉണ്ടെന്ന് കൗൺസിലർ ഒ.എസ്. അവിനാശ് സൂചിപ്പിക്കുന്നു. പദ്ധതിയുടെ പൂർത്തീകരണം സംബന്ധിച്ച് കൃത്യമായ ഉറപ്പ് നൽകാൻ കഴിയാത്ത അവസ്ഥയിലാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.